തുടര്‍ച്ചയായി ഉണ്ടാകുന്ന ഇടുക്കിയിലെ ഭൂചലനങ്ങള്‍; കെഎസ്ഇബിയുടെ ആവശ്യപ്രകാരം സൂക്ഷ്മ പഠനം നടത്താന്‍ വിദഗ്ധ സംഘം അടുത്തയാഴ്ച പദ്ധതി പ്രദേശത്തെത്തും
ഇടുക്കി: (www.kasargodvartha.com 17.11.2021) ഡാമിന്റെ പരിസരപ്രദേശങ്ങളില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന ഭൂചലനത്തില്‍ കേന്ദ്ര സര്‍കാര്‍ ഏജന്‍സിയായ ജിയോളജികല്‍ സര്‍വേ ഓഫ് ഇന്‍ഡ്യയില്‍ നിന്നുള്ള വിദഗ്ദ്ധര്‍ സൂക്ഷ്മ പഠനം ആരംഭിക്കുന്നു. കെ എസ് ഇ ബിയുടെ ആവശ്യപ്രകാരമാണ് പഠനം നടത്തുന്നത്.
പദ്ധതിയുടെ പ്രാധാന്യം പരിഗണിച്ചാണ് വിശദമായ പഠനം നടത്താന്‍ കെ എസ് ഇ ബി തീരുമാനിച്ചത്. 40 കിലോമീറ്റര്‍ ചുറ്റളവില്‍ 10 ഡാമുകളുള്ളതും ഇതിന് കാരണമായി. ജിയോളജികല്‍ സര്‍വെ ഓഫ് ഇന്‍ഡ്യ നിയോഗിച്ച ഭൂകമ്പ ശാസ്ത്ര, എന്‍ജിനീയറിങ് വിദഗ്ധരാണ് പഠനം നടത്തുന്നത്.
ഇടുക്കി സംഭരണിയും പരിസര പ്രദേശങ്ങളും പഠന വിധേയമാക്കി നാലു മാസത്തിനകം സംഘം റിപോര്‍ട് കെ എസ് ഇ ബിക്ക് കൈമാറും. സ്ഥലത്ത് ക്യാംപ് ചെയ്ത് അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെ ഫീല്‍ഡ് സര്‍വെ അടക്കം നടത്തും.
ഇടുക്കിയില്‍ കൂടുതല്‍ ശക്തമായ ഭൂചലനത്തിനുള്ള സാധ്യത, അനുഭവപ്പെട്ട ചലനങ്ങള്‍ ഡാമുകളുടെ സുരക്ഷയെ ബാധിച്ചിട്ടുണ്ടോ, ഭ്രംശപാളികളുടെ നിലവിലെ അവസ്ഥ, സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ എന്നിവയൊക്കെ റിപോര്‍ടിലുണ്ടാകും. ഇതിനായി രണ്ടംഗ വിദഗ്ധ സംഘം അടുത്തയാഴ്ച ഇടുക്കിയിലെത്തും. ഡാം സേഫ്റ്റി വിഭാഗമാണ് പഠനത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നത്.
ദേശീയ ജലഅതോറിറ്റിയുടെ ഫൗന്‍ഡേഷന്‍ എന്‍ജിനീയറിങ് ആന്‍ഡ് സ്‌പെഷ്യല്‍ അനാലിസിസ് ഡയറക്ടര്‍ സമിര്‍ കുമാര്‍ ശുക്ല ചെയര്‍മാനും വൈദ്യുതി ബോര്‍ഡ് ഡാം സേഫ്റ്റി ഓര്‍ഗനൈസേഷന്‍ ഡെപ്യൂടി ചീഫ് എന്‍ജിനീയര്‍ ആര്‍ പ്രീത കണ്‍വീനറും ചെന്നൈ ഐ ഐ ടി പ്രൊഫസര്‍ സി വി ആര്‍ മൂര്‍ത്തി, സെന്‍ട്രല്‍ വാടെര്‍ ആന്‍ഡ് പവര്‍ റിസര്‍ച് സ്റ്റേഷന്‍ ഡയറക്ടര്‍, ഈശ്വര്‍ ദത്ത് ഗുപ്ത, ജി എസ് ഐ വെസ്റ്റേണ്‍ റീജിയണ്‍ ഡെപ്യൂടി ഡയറക്ടര്‍ ജനറല്‍ സന്ദീപ് കുമാര്‍ സോം, കെ എസ് ഇ ബി മുന്‍ എക്‌സി. എന്‍ജിനീയര്‍ അലോഷി പോള്‍ എന്നിവര്‍ അംഗങ്ങളുമായി കഴിഞ്ഞ വര്‍ഷം സമിതി രൂപീകരിച്ചിരുന്നു. എന്നാല്‍ കോവിഡിനെ തുടര്‍ന്ന് പ്രവര്‍ത്തനങ്ങള്‍ നീണ്ടുപോവുകയായിരുന്നു.
2020 ഫെബ്രുവരി മുതലാണ് ഏഷ്യയിലെ ഏറ്റവും വലിയ ആര്‍ച് ഡാം ഉള്‍പെടുന്ന ഇടുക്കി പദ്ധതി പ്രദേശത്തുള്‍പെടെ തുടര്‍ച്ചയായി ചെറിയ ഭൂചലനങ്ങള്‍ ഉണ്ടായത്.
Keywords: News, Kerala, State, Idukki, Top-Headlines, Technology, Business, GSI to conduct earthquake study for Idukki reservoir