'പലചരക്ക് സാധനങ്ങള്‍ 45 മിനിറ്റിനുള്ളില്‍ വീട്ടുപടിക്കല്‍ എത്തിക്കും'; വാഗ്ദാനവുമായി ഫ്‌ലിപ്കാര്‍ട്
ബെംഗ്‌ളൂറു: (www.kasargodvartha.com 20.02.2022) പച്ചക്കറിയും അവശ്യസാധനങ്ങളും 45 മിനിറ്റിനുള്ളില്‍ വീട്ടുപടിക്കല്‍ എത്തിക്കുമെന്ന വാഗ്ദാനവുമായി ഫ്‌ലിപ്കാര്‍ട് (Flipkart). ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ വേഗത്തില്‍ പലചരക്ക് സാധനങ്ങള്‍ എത്തിക്കുന്നതിനായി ക്വിക് ഡെലിവറി സേവനം 90 മിനിറ്റില്‍ നിന്ന് 45 മിനിറ്റായി ഡെലിവറി സമയം കുറച്ചിരിക്കുകയാണ്. നിലവില്‍ ബെംഗ്‌ളൂറിലാണ് ഈ സേവനം ലഭ്യമാകുന്നത്. അടുത്ത മാസത്തോടെ കൂടുതല്‍ നഗരങ്ങളില്‍ ഇത് ലഭ്യമാകുമെന്നാണ് ലഭിക്കുന്ന വിവരം.
ബ്ലിങ്കിറ്റ്, സെപ്‌റ്റോ, സ്വിഗി, ഇന്‍സ്റ്റാമാര്‍ട്, ഡണ്‍സോ തുടങ്ങിയ ഇ-കൊമേഴ്സ് കമ്പനികള്‍ 15-20 മിനിറ്റിനുള്ളില്‍ പലചരക്ക് സാധനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്ന സമയത്താണ് ഫ്‌ലിപ്കാര്‍ടിന്റെ പുതിയ സമയക്രമം. 10-20 മിനിറ്റിനുള്ളില്‍ ഡോര്‍ ഡെലിവറി അനുയോജ്യമായ മോഡലല്ലെന്നാണ് ഫ്‌ലിപ്കാര്‍ട് പറയുന്നത്. ഇതുകൊണ്ടാണ് ക്വിക്ക് സര്‍വീസ് ഡെലിവറി സമയം 45 മിനിറ്റായി നിശ്ചയിച്ചിരിക്കുന്നത്.
അതേസമയം ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള സേവനങ്ങള്‍ നല്‍കാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് ഫ്‌ലിപ്കാര്‍ട് സിഇഒ കല്യാണ്‍ കൃഷ്ണമൂര്‍ത്തി പറഞ്ഞു. 90 മിനിറ്റ് ദൈര്‍ഘ്യമുള്ള ഡെലിവറി സേവനം നിലവില്‍ 14 നഗരങ്ങളില്‍ ലഭ്യമാണ്. 2022 അവസാനത്തോടെ ഇത് 200 നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ഫ്‌ലിപ്കാര്‍ട് പദ്ധതിയിടുന്നത്. നിലവില്‍ ഹൈദരാബാദിലും ബെംഗ്‌ളൂറിലും മാത്രം ലഭ്യമാകുന്ന ഫ്രഷ് പച്ചക്കറികള്‍, പഴങ്ങള്‍ അധികം താമസിയാതെ കൂടുതല്‍ നഗരങ്ങളിലേക്ക് ഡോര്‍ ഡെലിവറി സേവനം വ്യാപിപ്പിക്കാനും ഫ്‌ലിപ്കാര്‍ട് പദ്ധതിയിടുന്നുണ്ടും റിപോര്‍ടുണ്ട്.