Job Cuts | മെറ്റയിലെ കൂട്ടപിരിച്ചുവിടല്‍; വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കംപനി വാദം, 10 ശതമാനം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്ന് റിപോര്‍ട്
വാഷിങ്ടണ്‍: (www.kasargodvartha.com) ഫെയ്‌സ്ബുകിന്റെ മാതൃകമ്പനിയായ മെറ്റയിലും കൂട്ടപിരിച്ചുവിടല്‍ നടപടി ബുധനാഴ്ച മുതല്‍ ആരംഭിക്കുമെന്ന് റിപോര്‍ട്. ട്വിറ്ററിനു പിന്നാലെയാണ് മെറ്റയും പിരിച്ചുവിടല്‍ നടപടിക്കൊരുങ്ങിയത്. വരുമാനത്തില്‍ വന്‍ ഇടിവുണ്ടായതോടെ ചിലവ് ചുരുക്കുന്നതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് കംപനി വാദിക്കുന്നത്.
2022ല്‍ ഇതിനകം സ്റ്റോക് മാര്‍കറ്റ് മൂല്യത്തില്‍ അര ട്രില്യണ്‍ ഡോളറിലധികം നഷ്ടമാണ് മെറ്റ രേഖപ്പെടുത്തിയത്. സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് പരസ്യ വരുമാനത്തിലെ കുറവും എതിരാളികളായ ടിക് ടോകില്‍ നിന്നുള്ള മത്സരം കടുത്തതുമാണ് മെറ്റയ്ക്ക് തിരിച്ചടിയായത്. പിരിച്ചുവിടേണ്ട ജീവനക്കാരുടെ പട്ടിക തയാറാക്കാന്‍ മെറ്റ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് മുതിര്‍ന്ന എക്‌സിക്യൂടീവുകള്‍ക്ക് നിര്‍ദേശം നല്‍കിയതായാണ് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നത്.
കംപനിയുടെ തെറ്റായ നടപടികള്‍ക്ക് താന്‍ ഉത്തരവാദിയാണെന്ന് സകര്‍ബര്‍ഗ് എക്‌സിക്യൂടീവ് യോഗത്തില്‍ പറഞ്ഞതായാണ് വിവരം. ചിലവ് ചുരുക്കുമെന്നും ടീം പുനസംഘടിപ്പിക്കുമെന്നും കഴിഞ്ഞ സെപ്റ്റംബറില്‍ സകര്‍ബര്‍ഗ് ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. കൂടാതെ, ഇന്‍സ്റ്റഗ്രാമിലും വാട്‌സ് ആപിലും പുതിയ നിയമനങ്ങള്‍ മരവിപ്പിച്ചിരിക്കുകയാണ്. മെറ്റയിലെ 10 ശതമാനം ജീവനക്കാര്‍ക്ക് ജോലി നഷ്ടമാകുമെന്നാണ് പുറത്തുവരുന്ന റിപോര്‍ട്.
Keywords: Washington, News, World, Top-Headlines, Technology, Business, Facebook Parent Meta Set To Begin Widespread Job Cuts.