കോവിഡ് വ്യാപനം; വാര്‍ഷിക പ്രൈം ഡേ വില്‍പന മാറ്റിവച്ച് ആമസോണ്‍
മുംബൈ: (www.kasargodvartha.com 08.05.2021) ഇന്‍ഡ്യയിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വാര്‍ഷിക പ്രൈം ഡേ വില്‍പന മാറ്റിവച്ച് ആമസോണ്‍. ദിവസവും നാലു ലക്ഷത്തോളം പേര്‍ക്ക് കോവിഡ് ബാധിക്കുകയും കൂടുതല്‍ സംസ്ഥാനങ്ങള്‍ ലോക് ഡൗണ്‍ അടക്കം കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്ന അവസ്ഥയിലുമാണ് ആമസോണ്‍ തീരുമാനം.
സിഎന്‍ബിസി റിപോര്‍ട് പ്രകാരം ഇന്‍ഡ്യയിലും കാനഡയിലും ആസമോണ്‍ പ്രൈംഡേ വില്‍പന നീട്ടിവച്ചുവെന്നാണ് പറയുന്നത്. ഇരു രാജ്യങ്ങളിലും വാര്‍ഷിക വില്‍പന മേള നിര്‍ത്തിവയ്ക്കുകയാണ് എന്നാണ് അമസോണ്‍ അറിയിച്ചത്. അതേസമയം പുതിയ തീയതി പ്രഖ്യാപിച്ചിട്ടില്ല.
വര്‍ഷം രണ്ട് ദിവസമാണ് ആമസോണ്‍ പ്രൈംഡേ സെയില്‍ നടത്താറുള്ളത്. ഈ ദിവസങ്ങളില്‍ ആമസോണ്‍ പ്രൈം ഉപയോക്താക്കള്‍ക്ക് പ്രത്യേക ഓഫറുകള്‍ അടക്കം ലഭിക്കും. ഇത്തരത്തില്‍ ഈ വില്‍പന മേളയില്‍ സാധനങ്ങള്‍ വാങ്ങുന്നവര്‍ക്ക് രണ്ട് ദിവസത്തില്‍ സാധനങ്ങള്‍ എത്തിച്ചു നല്‍കുമായിരുന്നു. എന്നാല്‍ കോവിഡ് വ്യാപനത്തിന്റെ സാഹചര്യം പരിഗണിച്ചാണ് ആമസോണിന്റെ പുതിയ തീരുമാനം.