Achievement | സംസ്ഥാന സ്‌കൂൾ കായികമേളയിൽ 100 മീറ്ററിൽ വേഗരാജാവ്; നിയാസ് അഹ്‌മദ് കാസർകോടിന്റെ അഭിമാനം ഉയർത്തിയത് വാനോളം
● കാഴ്ചക്കുറവ് എന്ന പ്രശ്‌നത്തെ അതിജയിച്ചുകൊണ്ടാണ് ഈ വിജയം
● അംഗഡിമൊഗർ ഗവ. സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്
● കാസർകോട് നിയാസിന്റെ വിജയം ആഘോഷമാക്കുകയാണ്
കാസർകോട്: (KasargodVartha) കേരളത്തിന്റെ വടക്കേയറ്റത്തെ മണ്ണിൽ നിന്ന് ഉദിച്ച പുതിയ നക്ഷത്രമായി മാറിയിരിക്കുകയാണ് അംഗഡിമൊഗർ ഗവ. ഹയർ സെകൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നിയാസ് അഹ്‌മദ്. ഒളിംപിക്‌സ് മാതൃകയിൽ നടക്കുന്ന ആദ്യ സംസ്ഥാന സ്‌കൂൾ കായികമേളയിൽ സബ് ജൂനിയർ 100 മീറ്റർ ഓട്ടത്തിൽ സ്വർണം നേടിയ ഈ കൊച്ചുമിടുക്കൻ കാസർകോടിന്റെ അഭിമാനം വാനോളമാണ് ഉയർത്തിയത്.
നിയാസിന്റെ ജീവിതം പലർക്കും പ്രചോദനം കൂടിയാണ്. എൽപി ക്ലാസിൽ പഠിക്കുന്ന സമയത്തുണ്ടായ കാഴ്ച കുറയുന്ന അവസ്ഥ ജീവിതത്തെ മാറ്റിമറിച്ചു. എന്നാൽ, തളരാൻ നിയാസ് ഒരുക്കമായിരുന്നില്ല. കണ്ണടയണിഞ്ഞ് ജീവിതത്തെ നേരിട്ടു. എല്ലാ പ്രതിബന്ധങ്ങളെയും അതിജയിച്ച്, സ്കൂൾ തലത്തിലും ജില്ലാ തലത്തിലും വിജയിച്ചാണ് സംസ്ഥാന കായിക മേളയില്‍ ആദ്യമായി മത്സരിക്കാൻ നിയാസ് അഹ്‌മദ് എത്തിയത്. എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് മത്സരത്തിൽ ഒന്നാമതാവാനുമായി.
സ്കൂളിൽ പരിശീലനത്തിന് സൗകര്യമില്ലാത്തതിനാൽ കാഞ്ഞങ്ങാട്ടുള്ള സിന്തറ്റിക് ട്രാകിൽ അവധി ദിവസങ്ങളിലാണ് പരിശീലിച്ചിരുന്നത്. നിയാസിന്റെ വിജയം കാസർകോടിന് മാത്രമല്ല, കേരളത്തിനും അഭിമാനമാണ്. കാഴ്ചക്കുറവ് എന്ന പരിമിതിയെ തരണം ചെയ്തുകൊണ്ട് ഈ പ്രതിഭ കാണിച്ച കഠിനാധ്വാനവും നിശ്ചയദൃഢതയും എല്ലാവർക്കും പ്രചോദനമാണ്.
സ്കൂളിലെ കായികാധ്യാപകൻ ശുഭരാജാണ് നിയാസിന്റെ പരിശീലകൻ. അംഗഡിമൊഗറിൽ ചെരുപ്പുകട നടത്തുന്ന അബ്ദുൽ ഹമീദ് - നസീമ ദമ്പതികളുടെ മകനാണ്. അംഗടിമൊഗർ ജിഎച്ച്‌എസ്‌എസും കാസർകോടും നിയാസിന്റെ വിജയം ആഘോഷമാക്കുകയാണ്.
#NiyasAhmed #KeralaSports #Inspiration #ParaAthlete #OvercomingChallenges #SchoolSports #GoldMedal