RCB | വിരാട് കോഹ്‌ലിക്ക് സുരക്ഷ ഭീഷണി; അഹ്‌മദാബാദിലെ പരിശീലനം റദ്ദാക്കി ആർസിബി ടീം
* ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് അറിയിച്ചിരുന്നു
അഹ്‌മദാബാദ്: (KasargodVartha) ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനെതിരെ നിർണായകമായ പ്ലേ ഓഫ് മത്സരത്തിനൊരുങ്ങുന്നതിനിടെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു (RCB) ടീമിന് ഏക പരിശീലന സെഷൻ റദ്ദാക്കേണ്ടിവന്നതായി റിപ്പോർട്ട്. മത്സരം ആരംഭിക്കുന്നതിന് മുമ്പുള്ള ഏക പരിശീലനമായിരുന്നു ഇത്. സൂപ്പർ താരം വിരാട് കോഹ്‌ലിയുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയാണ് പരിശീലനം ഉപേക്ഷിക്കാൻ കാരണമെന്നാണ് ലഭിക്കുന്ന വിവരം.
ബുധനാഴ്ചത്തെ മത്സരത്തിന് മുമ്പ് ചൊവ്വാഴ്ച അഹ്‌മദാബാദിലെ ഗുജറാത്ത് കോളേജ് ഗ്രൗണ്ടിൽ ആർസിബി ടീം പരിശീലനം നടത്തേണ്ടതായിരുന്നു. സുരക്ഷാ ഭീഷണിയെത്തുടർന്ന് മത്സരത്തിൻ്റെ തലേന്ന് വാർത്താസമ്മേളനവും നടത്തിയില്ലെന്നും ആനന്ദബസാർ പത്രിക റിപ്പോർട്ട് ചെയ്‌തു. പരിശീലന സെഷനും വാർത്താസമ്മേളനവും റദ്ദാക്കിയതിന് പിന്നിലെ പ്രാഥമിക കാരണം കോഹ്‌ലിയുടെ സുരക്ഷയാണെന്നാണ് ഗുജറാത്ത് പൊലീസ് നൽകുന്ന സൂചന.
നേരത്തെ അഹ്‌മദാബാദ് വിമാനത്താവളത്തിൽ നിന്ന് ഭീകരരെന്ന് സംശയിക്കുന്ന നാല് പേരെ അറസ്റ്റ് ചെയ്തതായി ഗുജറാത്ത് തീവ്രവാദ വിരുദ്ധ സ്ക്വാഡ് (ATS) അറിയിച്ചിരുന്നു. പിടിയിലായവർ ശ്രീലങ്കൻ പൗരന്മാരാണ്. സുരക്ഷാ പ്രശ്നങ്ങൾ സംബന്ധിച്ച് ബംഗളൂരു, രാജസ്ഥാൻ ടീമുകൾക്ക് പൊലീസ് വിവരങ്ങൾ നൽകിയിരുന്നു. ഇതോടേതാണ് ബെംഗളൂരു ടീം പരിശീലനത്തിൽ നിന്ന് പിന്മാറിയത്. എന്നാൽ രാജസ്ഥാൻ ടീം പരിശീലനവുമായി മുന്നോട്ട് പോയി.
'അഹ്‌മദാബാദിൽ എത്തിയതിന് ശേഷമാണ് വിരാട് കോഹ്‌ലി അറസ്റ്റിനെക്കുറിച്ച് അറിഞ്ഞത്. അദ്ദേഹം ഒരു ദേശീയ നിധിയാണ്, അദ്ദേഹത്തിൻ്റെ സുരക്ഷയാണ് ഞങ്ങളുടെ ഏറ്റവും മുൻഗണന', പൊലീസ് ഓഫീസർ വിജയ് സിംഹ ജ്വാല പറഞ്ഞു. ആർസിബിയുടെ താരങ്ങൾ കഴിയുന്ന ഹോട്ടലിന് പുറത്ത് സുരക്ഷയും പൊലീസ് ശക്തമാക്കിയിട്ടുണ്ട്. ഐപിഎൽ അധികൃതർക്ക് പോലും ഈ ഹോട്ടലിൽ പ്രവേശിക്കാൻ അനുവാദമില്ലെന്നാണ് റിപ്പോർട്ട്. രാജസ്ഥാൻ റോയൽസിന് പരിശീലന ഗ്രൗണ്ടിലെത്താനും ശക്തമായ സുരക്ഷ പൊലീസ് ഒരുക്കിയിരുന്നു.
ആർ അശ്വിൻ, യുസ്‌വേന്ദ്ര ചാഹൽ, റിയാൻ പരാഗ് തുടങ്ങിയ പ്രമുഖ താരങ്ങളും ഹോട്ടലിൽ തന്നെ കഴിയാനും പരിശീലനം വേണ്ടെന്ന് വെക്കാനും തീരുമാനിച്ചതായി റിപ്പോർട്ടുണ്ട്. രാജസ്ഥാൻ ക്യാപ്റ്റൻ സഞ്ജു സാംസൺ വൈകിയാണ് ഗ്രൗണ്ടിലെത്തിയത്. ബുധനാഴ്ച രാത്രി നടക്കുന്ന ഇരു ടീമുകളും തമ്മിലുള്ള പോരാട്ടവും കനത്ത പൊലീസ് സുരക്ഷയിലായിരിക്കുമെന്നാണ് അറിയുന്നത്.