മൊഗ്രാലിന്റെ കായിക സ്വപ്നങ്ങൾക്ക് ചിറകായി 3 കോടി രൂപയുടെ സ്റ്റേഡിയം പദ്ധതി

● ഒന്നാംഘട്ടത്തിൽ 'L' മോഡൽ ഗാലറി നിർമ്മിക്കും.
● സ്കൂൾ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിലായിരിക്കും നിർമ്മാണം.
● കായിക വകുപ്പ് എൻജിനീയർമാർക്ക് എംഎൽഎ നിർദേശം നൽകി.
● പി.ടി.എ, സ്പോർട്സ് ക്ലബ് അംഗങ്ങൾ യോഗത്തിൽ പങ്കെടുത്തു.
● ഫുട്ബോൾ പ്രേമികൾക്ക് ആധുനിക സ്റ്റേഡിയം ഒരുങ്ങുന്നു.
മൊഗ്രാൽ: (KasargodVartha) സ്കൂൾ മൈതാനം അന്താരാഷ്ട്ര നിലവാരമുള്ള സ്റ്റേഡിയമാക്കി ഉയർത്താൻ സംസ്ഥാന സർക്കാർ കായിക വകുപ്പ് 3 കോടി രൂപയുടെ പദ്ധതിക്ക് രൂപം നൽകി. മഞ്ചേശ്വരം എംഎൽഎ എ.കെ.എം. അഷ്റഫിന്റെ നിരന്തര ഇടപെടലുകളെ തുടർന്നാണ് ഫുട്ബോളിന്റെ ഈറ്റില്ലമായ മൊഗ്രാലിൽ കായികപ്രേമികൾക്കായി ഗാലറിയടക്കമുള്ള ആധുനിക സ്റ്റേഡിയം ഒരുങ്ങുന്നത്.
ഒന്നാംഘട്ടമെന്ന നിലയിൽ മൈതാനത്തിന്റെ വടക്ക്-പടിഞ്ഞാറ് ഭാഗങ്ങളിലായി ‘L’ മോഡലിൽ ഗാലറി നിർമ്മാണമാണ് നടക്കുക. നിലവിലുള്ള വി.എച്ച്.എസ്.ഇ, ഹയർസെക്കൻഡറി സ്കൂളുകളുടെ പ്രവർത്തനങ്ങളെ ബാധിക്കാത്ത രീതിയിൽ കോൺക്രീറ്റ് തൂണുകൾ ഉപയോഗിച്ചായിരിക്കും ഗാലറി നിർമ്മാണം.
കായിക വകുപ്പ് വിഭാഗം എൻജിനീയർ നസിയ, അസിസ്റ്റന്റ് എൻജിനീയർ ഡാലിയ എന്നിവർക്ക് എം.എൽ.എ ഇതുസംബന്ധിച്ച നിർദേശം നൽകി കഴിഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ട് ചേർന്ന സ്കൂൾ പി.ടി.എ-എസ്.എം.സി-സ്റ്റാഫ് കൗൺസിൽ, മൊഗ്രാൽ സ്പോർട്സ് ക്ലബ്, സന്നദ്ധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സംയുക്ത യോഗത്തിൽ ഹെഡ്മാസ്റ്റർ ജയറാം ജെ. അധ്യക്ഷത വഹിച്ചു.
എ.കെ.എം. അഷ്റഫ് എം.എൽ.എ വിഷയം അവതരിപ്പിച്ച് യോഗം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് അഷ്റഫ് പെർവാഡ് സ്വാഗതം ആശംസിച്ചു. കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, പഞ്ചായത്തംഗം റിയാസ് മൊഗ്രാൽ എന്നിവർ മുഖ്യാതിഥികളായി പങ്കെടുത്തു.
പി.ടി.എ വൈസ് പ്രസിഡന്റ് ലത്തീഫ് കൊപ്പളം, എസ്.എം.സി ചെയർമാൻ ആരിഫ് എൻജിനീയർ, നാട്ടുകാരെ പ്രതിനിധീകരിച്ച് വി.പി. അബ്ദുൽ ഖാദർ ഹാജി, ബി.എൻ. മുഹമ്മദലി, അഷ്റഫ് കൊടിയമ്മ, ടി.എം. ശുഹൈബ്, അൻവർ അഹമ്മദ് എസ്., എം.എ. അബൂബക്കർ സിദ്ദീഖ്, എം.എ. മൂസ, എം.പി. അബ്ദുൽ ഖാദർ, മുഹമ്മദ് അബ്ക്കോ, എം.എസ്. അഷ്റഫ്, എച്ച്.എം. കരീം, പി.എം. മുഹമ്മദ് കുഞ്ഞി ടൈൽസ്, എം.എച്ച്. അബ്ദുൽ ഖാദർ, അധ്യാപകരായ ബിജു പയ്യക്കടത്ത്, അഷ്റഫ്, രജനി, രേഷ്മ, ലത്തീഫ്, പവിത്രൻ, പ്രപഞ്ചകുമാർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു. സ്റ്റാഫ് സെക്രട്ടറി ജാൻസി ചെല്ലപ്പൻ നന്ദി പറഞ്ഞു.
ഈ സ്റ്റേഡിയം പദ്ധതി മൊഗ്രാലിന്റെ കായിക മേഖലയ്ക്ക് എങ്ങനെ ഗുണകരമാകും? നിങ്ങളുടെ അഭിപ്രായം പങ്കുവെക്കൂ.
Article Summary: Mogral to get a new ₹3 crore international-standard stadium.
#Mogral #StadiumProject #KeralaSports #FootballGround #Development #Kasargod