Achievement | സംസ്ഥാന ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ മൊഗ്രാൽ പുത്തൂർ ടെക്‌നിക്കൽ സ്‌കൂളിന് ചരിത്ര വിജയം; മികവ് കാട്ടി വിദ്യാർഥികൾ
● കൗഷിക് ആർ എൻ വിവിധ ഇനങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു
● സ്‌കൂളുകളിൽ ഒൻപതാം സ്ഥാനത്തെത്തി
മൊഗ്രാൽ പുത്തൂർ: (KasargodVartha) കോട്ടയം പാലയിൽ നടന്ന 40-ാമത് അഖില കേരള ടെക്നിക്കൽ ഹൈസ്കൂൾ കായികമേളയിൽ മൊഗ്രാൽ പുത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ചരിത്ര വിജയം നേടി. മൊത്തം 48 സ്കൂളുകൾ പങ്കെടുത്ത മത്സരത്തിൽ മൊഗ്രാൽപുത്തൂർ ഒൻപതാം സ്ഥാനത്തെത്തി.
മീറ്റ് റെക്കോർഡ് ഉൾപ്പെടെ നിരവധി മെഡലുകൾ നേടിയ മൊഗ്രാൽപുത്തൂർ സ്‌കൂളിലെ വിദ്യാർഥികൾ മേളയിൽ തിളങ്ങി. സീനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ ഒൻപതാം ക്ലാസുകാരി ഫാത്തിമത്ത് ഷാഹില മീറ്റ് റെക്കോർഡോടെ ഒന്നാം സ്ഥാനം നേടിയത് ശ്രദ്ധേയമായി. ജൂനിയർ വിഭാഗം പെൺകുട്ടികളുടെ ഷോട്ട് പുട്ടിൽ എട്ടാം ക്ലാസുകാരി ഫാത്തിമ രണ്ടാം സ്ഥാനം നേടി.
സബ് ജൂനിയർ വിഭാഗം ആൺകുട്ടികളുടെ 200 മീറ്റർ ഓട്ട മത്സരത്തിൽ ഒന്നാം സ്ഥാനവും, 400 മീറ്റർ ഓട്ട മത്സരത്തിൽ മൂന്നാം സ്ഥാനവും, ലോങ് ജംപ് മൂന്നാം സ്ഥാനവും നേടി എട്ടാം ക്ലാസ് വിദ്യാർഥി കൗഷിക് ആർ എൻ മേളയിലെ താരമായി മാറി.
കണ്ണൂർ, കാസർകോട് ജില്ലയിലെ ടെക്നിക്കൽ ഹൈസ്‌കൂളുകളിൽ വച്ച് ഏറ്റവും കൂടുതൽ പോയിന്റ് നേടിയത് മൊഗ്രാൽപുത്തൂർ ഗവ. ടെക്നിക്കൽ ഹൈസ്കൂൾ ആണ്. ഈ വിജയം സ്‌കൂളിന്റെ പാഠ്യേതര രംഗത്തെ മികവിന് അടിവരയിടുന്നു.
#KeralaSports #SchoolSports #TechnicalEducation #Achievement #RecordBreaker #KeralaNews