Achievement | തായ്‌ക്വോണ്ടോയിൽ വെള്ളിത്തിളക്കം; ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തിന്റെ അഭിമാനമായി കാസർകോട് സ്വദേശി ഫാത്വിമ
● തുടർച്ചയായി രണ്ടാം വർഷമാണ് ദേശീയ തലത്തിൽ മെഡൽ നേടുന്നത്.
● തൻബിഹുൽ ഇസ്ലാം സ്കൂളിലെ വിദ്യാർഥിനിയാണ്
● ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 63 കിലോഗ്രാം വിഭാഗത്തിൽ മത്സരിച്ചു
കാസർകോട്: (KasargodVartha) 66-ാമത് ദേശീയ സ്കൂൾ ഗെയിംസിൽ കേരളത്തിന് വെള്ളി തിളക്കം പകർന്ന് നായ്‌മാർമൂല തൻബിഹുൽ ഇസ്ലാം ഹയർ സെകൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനി എ എം ഫാത്വിമ. മധ്യപ്രദേശിലെ വിദിഷയിൽ നടന്ന തായ്‌ക്വോണ്ടോ ചാംപ്യൻഷിപിൽ ജൂനിയർ വിഭാഗം പെൺകുട്ടികളുടെ 63 കിലോഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയാണ് ഫാത്വിമ കേരളത്തിന് അഭിമാനമായത്.
ഇൻഡ്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ഒന്നാം സ്ഥാനക്കാരും കേന്ദ്രീയ വിദ്യാലയ, സിബിഎസ്ഇ, നവോദയ വിദ്യാലയ സമിതി, വിദ്യാഭാരതി തുടങ്ങിയവയിലെ ദേശീയ ജേതാക്കളും പങ്കെടുത്ത മത്സരത്തിലാണ് ഫാത്വിമയുടെ അതുല്യമായ നേട്ടം. കഴിഞ്ഞ വർഷം ദേശീയ സ്കൂൾ ഗെയിംസിൽ വെങ്കലം നേടിയ ഈ മിടുക്കി, തുടർച്ചയായി രണ്ടാം വർഷമാണ് കേരളത്തിന് മെഡൽ സമ്മാനിക്കുന്നത്.
വിദ്യാനഗർ പടുവടുക്കം സ്വദേശിയായ ഫാത്വിമ തായ്‌ക്വോണ്ടോയിൽ ഫസ്റ്റ് ഡാൻ ബ്ലാക് ബെൽറ്റ് ഉടമയാണ്. കഴിഞ്ഞ ആറ് വർഷങ്ങളായി തുടർച്ചയായി സംസ്ഥാന തായ്‌ക്വോണ്ടോയിൽ സ്വർണ മെഡൽ നേടിയ ഫാത്വിമ, പഠനത്തിലും മികച്ച വിജയങ്ങൾ കൈവരിച്ചിട്ടുണ്ട്. ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു.
പരേതനായ അഡ്വ. അശ്‌റഫ് - ജമീല ദമ്പതികളുടെ മകളാണ്. സഹോദരങ്ങളായ മുഹമ്മദ്, ഖദീജ എന്നിവരും തായ്‌ക്വോണ്ടോ പരിശീലിക്കുന്നു. തായ്‌ക്വോണ്ടോ പരിശീലനം ഒരു കായിക വിനോദം എന്നതിനുപരി തന്റെ സ്വരക്ഷയ്ക്കുള്ള ആത്മവിശ്വാസവും ഏകാഗ്രതയും ശരീരിക ക്ഷമതയും വർധിപ്പിച്ചിട്ടുണ്ടെന്ന് ഫാത്വിമ പറയുന്നു. കാസർകോട് യോദ്ധ തായ്‌ക്വോണ്ടോ അകാഡമിയിലെ ജയൻ പൊയിനാച്ചിയാണ് പരിശീലകൻ.
#taekwondo #keralasports #indiansports #martialarts #womeninsport #schoolsports