സ്പോർട്സ് കൗൺസിലിൽ വൻ ക്രമക്കേട്; 'ഓപ്പറേഷൻ കളിക്കളം' പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങൾ, പ്രമുഖ നേതാവിൻ്റെ മകന് എംബിബിഎസ് സീറ്റും
● ജില്ലാ മത്സരങ്ങൾ നടത്താതെ പണം വാങ്ങി സംസ്ഥാന മത്സരങ്ങളിലേക്ക് ആളുകളെ അയച്ചതായി ആരോപണം
● പൈക പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലും സാമ്പത്തിക ഇടപാടുകളിലും ഗുരുതരമായ വീഴ്ചകൾ കണ്ടെത്തി
● ക്യാഷ് ബുക്കും സ്റ്റോക്ക് രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും രേഖകളിൽ ഉൾപ്പെടുത്താത്ത ഇടപാടുകൾ നടന്നതായും റിപ്പോർട്ട്
● കാഞ്ഞങ്ങാട് നെഹ്റു കോളജിൽ മൂന്ന് കുട്ടികൾക്ക് പരിശീലനത്തിനായി പ്രതിമാസം 1.5 ലക്ഷം രൂപ നൽകിയതിൽ പരിശോധന
കാസർകോട്: (KasargodVartha) സ്പോർട്സ് കൗൺസിലിൽ കഴിഞ്ഞ 10 വർഷത്തിനിടെ നടന്നതായി ആരോപിക്കപ്പെടുന്ന വിവിധ ക്രമക്കേടുകൾ സംബന്ധിച്ച് വിജിലൻസ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയുടെ ഭാഗമായി കാസർകോട് നടന്ന റെയ്ഡിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളും രേഖകളും. 'ഓപ്പറേഷൻ കളിക്കളം' എന്ന പേരിൽ നടത്തിയ പരിശോധനയിലാണ് പൈക പദ്ധതി ഉൾപ്പെടെയുള്ള ഫണ്ട് വിനിയോഗം, മത്സരങ്ങളുടെ നടത്തിപ്പ്, അനധികൃത നിയമനങ്ങൾ, കായികതാരങ്ങളുടെ തിരഞ്ഞെടുപ്പ്, സ്പോർട്സ് ഉപകരണങ്ങളുടെ പൂഴ്ത്തിവെപ്പ് തുടങ്ങിയ ക്രമക്കേടുകൾ സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്.
പണം വാങ്ങി മത്സരത്തിന് അയച്ചു
ജില്ലാ ചാമ്പ്യൻഷിപ്പുകൾ നടത്താതെയും നിശ്ചിത യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കാതെയും ചിലരെ പണം വാങ്ങി സംസ്ഥാനതല മത്സരങ്ങളിലേക്ക് നേരിട്ട് അയച്ചതായി പരിശോധനയിൽ കണ്ടെത്തിയതായി വിവരമുണ്ട്. കായിക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള യോഗ്യതയില്ലാത്തവരെ പണം വാങ്ങി മത്സരിപ്പിച്ചതായും ആരോപണമുണ്ട്. ഇതിന് പുറമെ പൈക പദ്ധതിയുടെ ഫണ്ട് വിനിയോഗത്തിലും ക്രമക്കേടുകൾ കണ്ടെത്തിയതായി റിപ്പോർട്ടുകളുണ്ട്.
കൗൺസിലിൻ്റെ സാമ്പത്തിക ഇടപാടുകൾ, ഫണ്ട് വിനിയോഗം, കായിക ഉപകരണങ്ങളുടെ വിതരണം തുടങ്ങിയവയെല്ലാം പരിശോധനയുടെ പരിധിയിൽ വരുന്നുണ്ട്. പണം കൈകാര്യം ചെയ്തതിൻ്റെ രേഖകളിൽ ഗുരുതര വീഴ്ചകളുണ്ടായതായി വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. ക്യാഷ് ബുക്കും സ്റ്റോക്ക് രജിസ്റ്ററും കൃത്യമായി സൂക്ഷിച്ചിട്ടില്ലെന്നും രേഖകളിൽ ഉൾപ്പെടുത്താത്ത ഇടപാടുകൾ നടന്നുവെന്നും റിപ്പോർട്ടുണ്ട്.
നേതാവിൻ്റെ മകന് മെഡിക്കൽ സീറ്റ്
ഒരു പ്രമുഖ രാഷ്ട്രീയ നേതാവിൻ്റെ മകന് മത്സരത്തിൽ പങ്കെടുക്കാതിരുന്നിട്ടും കായിക സർട്ടിഫിക്കറ്റ് നൽകിയതായും ഇതിൻ്റെ അടിസ്ഥാനത്തിൽ എംബിബിഎസ് പ്രവേശനം സ്പോർട്സ് ക്വാട്ടയിൽ ലഭ്യമാക്കിയതായും പരിശോധനയിൽ കണ്ടെത്തിയതായി വിവരമുണ്ട്. സംഭവവുമായി ബന്ധപ്പെട്ട രേഖകളും വിജിലൻസ് പരിശോധിച്ചതായാണ് സൂചന.
ഇതിന് പുറമെ കാഞ്ഞങ്ങാട് നെഹ്റു കോളജിൽ സ്പോർട്സ് കൗൺസിലിൻ്റെ കീഴിലുള്ള മൂന്ന് കുട്ടികൾക്ക് പരിശീലനത്തിനായി പ്രതിമാസം 1.5 ലക്ഷം രൂപ വീതം നൽകുന്ന തരത്തിൽ പരിശീലകരെ നിയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ നിയമനത്തിൻ്റെയും പണം അനുവദിച്ചതിൻ്റെയും നടപടിക്രമങ്ങൾ സംബന്ധിച്ചും പരിശോധന നടക്കുന്നുണ്ട്.
കിക്ക് ഡ്രഗ്സ് പദ്ധതിയിലും അന്വേഷണം
ബീച്ച് ഗെയിംസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലും ക്രമക്കേടുകൾ നടന്നിട്ടുണ്ടോയെന്ന് വിജിലൻസ് പരിശോധിക്കുന്നുണ്ട്. 2025-ൽ കായിക വകുപ്പിൻ്റെ നേതൃത്വത്തിൽ നടപ്പാക്കിയ 'കിക്ക് ഡ്രഗ്സ് – സേ യെസ് ടു സ്പോർട്സ്' ലഹരി വിരുദ്ധ പ്രചാരണ പരിപാടിയുമായി ബന്ധപ്പെട്ട രേഖകളും അന്വേഷണത്തിൻ്റെ ഭാഗമായി പരിശോധിച്ചിട്ടുണ്ട്. 2025 മെയ് അഞ്ചിന് കാസർകോട് നിന്നാണ് സംസ്ഥാനതല കിക്ക് ഡ്രഗ്സ് സന്ദേശയാത്ര ആരംഭിച്ചത്.
കായികതാരങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങൾ, മത്സരങ്ങളുടെ നടത്തിപ്പ്, ഫണ്ട് വിനിയോഗം, പരിശീലനം, സർട്ടിഫിക്കറ്റ് വിതരണം തുടങ്ങിയ മേഖലകളിൽ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളുടെ രേഖകളാണ് പരിശോധനയിൽ ശേഖരിച്ചതെന്നും റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങൾ അടക്കം ഉൾപ്പെടുത്തി വിജിലൻസ് ഡയറക്ടർക്ക് വിശദമായ റിപ്പോർട്ട് നൽകുമെന്നും വിജിലൻസ് ഡിവൈഎസ്പി വി കെ വിശ്വംഭരൻ പ്രതികരിച്ചു. എല്ലാ കാര്യങ്ങളിലും ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നത് വിശദമായ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകുകയുള്ളൂ.
2025 സെപ്റ്റംബർ 29 ന് ചെറുവത്തൂരിൽ നടന്ന ജില്ലാ റവന്യു ആർച്ചറി ചാമ്പ്യൻഷിപ്പിൽ യോഗ്യത ലിസ്റ്റിൽ ഉൾപ്പെടാത്ത രണ്ടുപേരെ സംസ്ഥാന ആർച്ചറി ചാമ്പ്യൻഷിപ്പിൽ പങ്കെടുപ്പിച്ചതായി കണ്ടെത്തി. സ്പോർട്സ് കൗൺസിലിന്റെ കീഴിലുള്ള നീന്തൽകുളത്തിൽ കരാറുകാരനുമായി ബന്ധപ്പെട്ട അക്കൗണ്ടുകളിൽ നിന്ന് വിവിധ തീയ്യതികളിൽ ജില്ലാ സ്പോർട്സ് കൗൺസിൽ താൽക്കാലിക ഓഫീസ് അസിസ്റ്റന്റ് എം. കുഞ്ഞികൃഷ്ണൻ എന്നയാൾ ഗൂഗിൾപേ വഴി 38400 രൂപ കൈപ്പറ്റിയതായി തെളിഞ്ഞു. വിജിലൻസ് ഡിവൈ.എസ്.പി വിശ്വംഭരന്റെ നിർദ്ദേശ പ്രകാരം സി ഐ എം. വി ശ്രീദാസ്, എസ്. ഐ രാധാകൃഷ്ണൻ, എ.എസ് ഐമാർ ജയചന്ദ്രൻ, സന്തോഷ് ഡോൺ, റിജേഷ് തുടങ്ങിയ 15 അംഗ സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
ഈ വാർത്ത നിങ്ങളുടെ സുഹൃത്തുക്കൾക്കും വാട്സാപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യുക. പുതിയ വാർത്തകളും വിശേഷങ്ങളും അറിയാൻ ഞങ്ങളുടെ വാട്സാപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്താം.
Article Summary: Vigilance raids dubbed 'Operation Kalikkalam' at the Kasaragod Sports Council uncovered massive irregularities over the past decade, including issuing a fake sports certificate to a politician's son for an MBBS seat, financial mismanagement, and sending unqualified athletes to state events for bribes.
#KasargodVartha #OperationKalikkalam #VigilanceRaid #KasaragodSportsCouncil #Corruption #KeralaNews #MalayalamNews #AparnaNews






