Football Academy | കാസർകോട്ട് ആദ്യമായി സര്‍ക്കാര്‍ മേഖലയിൽ ഫുട്ബോള്‍ അക്കാദമി യാഥാർഥ്യമായി; 24ന് പ്രവർത്തനം തുടങ്ങും
ഒരുക്കിയത് ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡിന്റെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച്
കാസർകോട്: (KasaragodVartha) പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്സ് ലിമിറ്റഡ് സാമൂഹിക പ്രതിബദ്ധതാ ഫണ്ട് ഉപയോഗിച്ച് ചെമ്മനാട് ഗ്രാമപഞ്ചായത്തിലെ കോളിയടുക്കം രാജീവ് ഗാന്ധി സ്റ്റേഡിയത്തിനു സമീപത്തായി നിര്‍മ്മിച്ച് കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന് കൈമാറിയ സ്പോര്‍ട്സ് അമിനിറ്റി സെന്ററില്‍ ജില്ലാസ്പോര്‍ട്സ് കൗണ്‍സിലിന് കീഴില്‍ ഫുട്ബോള്‍ അക്കാദമി ജൂണ്‍ 24 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും.
നിലവില്‍ സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ സെലക്ഷന്‍ ട്രയല്‍സ് നടത്തി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള സ്‌കൂള്‍, പ്ലസ് വണ്‍ ക്ലാസ്സുകളിലുള്ള 16 കായിക താരങ്ങള്‍ക്കാണ് പ്രവേശനം നല്‍കിയിരിക്കുന്നത്. കാസര്‍കോട് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ഇടപെലിനെ തുടര്‍ന്നാണ് ജില്ലയില്‍ ആദ്യമായി സര്‍ക്കാര്‍ മേഖലയിലുള്ള ഒരു ഫുട്ബോള്‍ അക്കാദമി യാഥാര്‍ഥ്യമാകുന്നത്.
ഫുട്ബോള്‍ അക്കാദമിയുടെ ഉദ്ഘാടനം ജൂണ്‍ 29 ന് രാവിലെ 11ന് കോളിയടുക്കം സ്പോര്‍ട്സ് അമിനിറ്റി സെന്റര്‍ പരിസരത്ത് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് പി. ഹബീബ് റഹ്‌മാന്‍ അധ്യക്ഷത വഹിക്കും. ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുഫൈജ അബൂബക്കര്‍ മുഖ്യാതിഥിയാകും. ജനപ്രതിനിധികള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങള്‍ എന്നിവര്‍ സംബന്ധിക്കും.