Obituary | മുന്‍ ഇന്‍ഗ്ലന്‍ഡ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് അന്തരിച്ചു; മരണത്തില്‍ ഞെട്ടി ക്രികറ്റ് ലോകം
ലന്‍ഡന്‍:(KasaragodVartha) മുന്‍ ഇന്‍ഗ്ലന്‍ഡ് താരവും പരിശീലകനുമായിരുന്ന ഗ്രഹാം തോര്‍പ്പ് (55) അന്തരിച്ചു. ഇന്‍ഗ്ലന്‍ഡിന്റെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളായ ഈ ഇടംകയ്യന്‍ ബാറ്ററും വലംകയ്യന്‍ ബോളറുമായിരുന്ന തോര്‍പ്പിന്റെ മരണത്തില്‍ ഞെട്ടിയിരിക്കയാണ് ക്രികറ്റ് ലോകവും ആരാധക വൃന്ദവും. ഇന്‍ഗ്ലന്‍ഡ് ക്രികറ്റ് ബോര്‍ഡാണ് മരണവിവരം പുറത്തുവിട്ടത്.
1993ല്‍ നോട്ടിങ്ങാമില്‍ ഓസ്‌ട്രേലിയയ്ക്കെതിരെ സെഞ്ചുറി (114*) നേടിക്കൊണ്ടായിരുന്നു ടെസ്റ്റ് അരങ്ങേറ്റം. ഇന്‍ഗ്ലന്‍ഡിനായി 100 ടെസ്റ്റുകളും 82 ഏകദിനങ്ങളും കളിച്ചിട്ടുണ്ട്. 1993 മുതല്‍ 2005 വരെ രാജ്യാന്തര ക്രികറ്റില്‍ സജീവമായിരുന്നു. ബംഗ്ലാദേശിനെതിരെ 100 ാം ടെസ്റ്റ് കളിച്ചാണ് രാജ്യാന്തര ക്രികറ്റില്‍നിന്ന് വിടവാങ്ങിയത്. കെവിന്‍ പീറ്റേഴ്‌സന്റെ വരവോടെ 2005ലെ ആഷസ് ടെസ്റ്റിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുകയായിരുന്നു.
341 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 354 ലിസ്റ്റ് എ മത്സരങ്ങളും അഞ്ച് ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. സജീവ ക്രികറ്റില്‍ നിന്ന് വിരമിച്ച ശേഷം പരിശീലക ജോലിയില്‍ പ്രവേശിച്ചു. 2022 മുതല്‍ അസുഖബാധിതനായി ചികിത്സയിലായിരുന്നു. അഫ്ഗാനിസ്താന്‍ ക്രികറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് തോര്‍പ്പിന് അസുഖം സ്ഥിരീകരിച്ചത്. 100 ടെസ്റ്റുകളില്‍ നിന്ന് 44.66 ശരാശരിയില്‍ 6744 റണ്‍സ് നേടിയിട്ടുണ്ട്. ഇതില്‍ ഒരു ഇരട്ടസെഞ്ചുറി ഉള്‍പെടെ 16 സെഞ്ചുറികളും 39 അര്‍ധസെഞ്ചുറികളും ഉള്‍പ്പെടുന്നു.
82 ഏകദിനങ്ങളില്‍ നിന്ന് 37.18 ശരാശരിയില്‍ 2380 റണ്‍സ് നേടി. ഇതില്‍ 21 അര്‍ധസെഞ്ചുറികളുണ്ട്. ഏകദിനത്തില്‍ രണ്ടു വികറ്റും വീഴ്ത്തി. 1995ല്‍ പെര്‍ത്തില്‍ നടന്ന ടെസ്റ്റില്‍ ഒന്നാം ഇന്നിങ്‌സില്‍ സെഞ്ചുറിയും രണ്ടാം ഇന്നിങ്‌സില്‍ ഡക്കുമായി. ഏകദിനത്തില്‍ ഒരു സെഞ്ചുറി പോലുമില്ലാതെ കൂടുതല്‍ റണ്‍സ് നേടിയവരുടെ പട്ടികയില്‍ പത്താമനാണ്.
1996, 1999 ഏകദിന ലോകകപ്പുകളില്‍ കളിച്ചിട്ടുണ്ട്. 162 മത്സരങ്ങളില്‍നിന്ന് സെഞ്ചുറി കൂടാതെ 5122 റണ്‍സ് നേടിയ മുന്‍ പാക് താരം മിസ്ബാ ഉള്‍ ഹഖാണ് പട്ടികയിലെ ഒന്നാമന്‍.