Football | കൊൽക്കത്ത ഫുട്ബോൾ ലീഗിൽ തിളങ്ങാൻ കാസർകോട് സ്വദേശി; കാൽപന്ത് കളിയുടെ ഗ്രാമത്തിൽ നിന്ന് ഉയരങ്ങളിലേക്ക് മുഹമ്മദ് ദിൽശാദ്
ജില്ലയിലെ വിവിധ ടൂർണമെന്റുകളിൽ എം എസ് സിയെ വിജയിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിച്ചു
മൊഗ്രാൽ: (KasargodVartha) കൊൽക്കത്ത ഫുട്ബോൾ ലീഗിന്റെ (Kolkata Football League) പ്രീമിയർ ഡിവിഷനിൽ അരങ്ങേറ്റം കുറിച്ച് കാസർകോട് (Kasaragod) സ്വദേശി. മൊഗ്രാലിലെ (Mogral) എം എൽ മുഹമ്മദ് ദിൽശാദ് ആണ് നേട്ടം കൈവരിച്ചത്. ഫുട്ബോളിനും ഇശലിനും പേരുകേട്ട മൊഗ്രാലിനും ഈ നേട്ടം അഭിമാനകരമായി. ചെറിയ പ്രായത്തിൽ തന്നെ ഫുട്ബോളിനോട് കമ്പമുണ്ടായിരുന്ന ദിൽശാദ്, മൊഗ്രാൽ സ്പോർട്സ് ക്ലബിനായി (MSC) കളിച്ചുകൊണ്ടാണ് കാൽപന്ത് ലോകത്ത് തന്റെ സ്വപ്നങ്ങൾക്ക് ചിറകുകൾ നൽകിയത്.
ജില്ലയിലെ വിവിധ ടൂർണമെന്റുകളിൽ (Tournamnet) എംഎസ് സിയെ വിജയിപ്പിക്കുന്നതിൽ ദിൽശാദ് നിർണായക പങ്ക് വഹിച്ചു. ബാംഗ്ലൂർ യൂണിവേഴ്സിറ്റി, കേരള പ്രീമിയർ ലീഗ്, ഗോകുലം എഫ്സി, ബാസ്കോ ഒതുക്കുങ്ങൽ, റിയൽ മലബാർ എഫ്സി തുടങ്ങി നിരവധി ടീമുകൾക്ക് വേണ്ടിയും കളിച്ചു. 2022ൽ സന്തോഷ് ട്രോഫി (Santhosh Trophy) കാംപുകളിൽ പങ്കെടുക്കാൻ അവസരമുണ്ടായി.
സെവൻസ് ഫിഫ മഞ്ചേരി, എഫ് സി പെരിന്തൽമണ്ണ, റിയൽ എഫ്സി തെന്നൽ, റോയൽ ട്രാവൽ കോഴിക്കോട്, അൽ മദീന ചെറുപ്ലശ്ശേരി, എവൈസി ഉച്ചരക്കടവ് എന്നീ ടീമുകളുടെ ഭാഗമായും ദിൽശാദ് അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. അറിയപ്പെടുന്ന ഫുട്ബോൾ കുടുംബത്തിൽ നിന്നുള്ള ദിൽശാദിന് ഈ നേട്ടം അത്ര അപ്രതീക്ഷിതമല്ലായിരുന്നു. പിതാമഹൻ എം എൽ മുഹമ്മദ് മൊഗ്രാൽ സ്പോർട്സ് ക്ലബിന്റെ ആദ്യകാല ക്യാപ്റ്റൻമാരിൽ ഒരാളായിരുന്നു. ദിൽശാദിന്റെ പിതാവ് എം എൽ അബ്ബാസ് ഇപ്പോഴും ക്ലബിന്റെ റഫറിയും, കോച്ചും ടീം മാനേജറുമാണ്. ഉയർച്ചയിൽ ഇരുവരുടെയും പ്രതിഭയും ദിൽശാദിന് പ്രചോദനമായി.
കളിക്കളത്തിൽ ചീറ്റപ്പുലിയെപ്പോലെ വേഗത കാണിക്കുന്ന ദിൽശാദ് മികച്ച ഫോർവേഡും കളിക്കാരനുമാണ്. ഒട്ടനവധി ദേശീയ, സംസ്ഥാന, ജില്ലാ ഫുട്ബോൾ താരങ്ങൾക്ക് ജന്മം നൽകിയ നാടാണ് മൊഗ്രാൽ. ഒപ്പം മാപ്പിള കവികളുടെയും നാട്. അതുകൊണ്ട് തന്നെയാണ് മൊഗ്രാൽ ഇശൽ ഗ്രാമമെന്നും, ഫുട്ബോൾ ഗ്രാമമെന്നും അറിയപ്പെടുന്നത്. ഇവിടെ നിന്നാണ് ദിൽശാദിന്റെ ഉയർത്തെഴുന്നേൽപ്പ്.
ഏറ്റവും വാശിയേറിയ ലീഗുകളിൽ ഒന്നായി കണക്കാക്കപ്പെടുന്ന കൊൽക്കത്തയിൽ കളിക്കാൻ അവസരം ലഭിച്ചത് ദിൽശാദിന് ഉയരങ്ങളിലേക്കുള്ള ചവിട്ടുപടിയായി മാറിയിരിക്കുകയാണ്. കൊൽക്കത്ത ടീമിലെ പ്രകടനമാണ് ദേശീയ ടീമിലേക്കെത്താൻ കാരണമാകുന്നതും. അതുകൊണ്ടുതന്നെ ദിൽശാദിന്റെ കൊൽക്കത്ത അരങ്ങേറ്റം വളരെ ആവേശത്തോട് കൂടിയാണ് ഫുട്ബോൾ പ്രേമികൾ കാണുന്നത്. മൊഗ്രാലിന്റെ ഫുട്ബോൾ പാരമ്പര്യം കാത്തുസൂക്ഷിക്കാനും, ഇനിയും ഉയരങ്ങളിലേക്ക് പറക്കാനും ദിൽശാദിന് കഴിയട്ടെയെന്ന പ്രാർഥനയിലാണ് മൊഗ്രാൽ ഫുട്ബോൾ ഗ്രാമം.