Lionel Messi | കോപ അമേരികയില്‍ വിജയത്തോടെ വരവറിയിച്ച് ചാംപ്യന്‍മാരായ അര്‍ജന്റീന; 2 ഗോളുകള്‍ക്ക് കാനഡയെ തകര്‍ത്ത് ഉദ്ഘാടന മത്സരം സ്വന്തം കാല്‍ക്കീഴിലാക്കി
15 അവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീന 9 ഷോടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചു.
ഗോളെന്നുറച്ച 5 അവസരങ്ങള്‍ ഗോള്‍ കീപര്‍ ക്രപ്യൂ തടഞ്ഞത് കാനഡക്ക് ആശ്വാസമായി.
ലയണല്‍ മെസിയും ഡി മരിയയും വലത് വിങ്ങില്‍നിന്ന് മുന്നേറ്റങ്ങള്‍ നടത്തിയത് പാഴായി.
കോപയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരമായി മെസി.
ന്യൂയോര്‍ക്: (KasargodVartha) രാവിലെ 5.30-ന് തുടങ്ങിയ കോപ അമേരിക ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ അര്‍ജന്റീനയും കാനഡയുമാണ് ഏറ്റുമുട്ടിയത്. നിലവിലെ ചാംപ്യന്‍മാരായ അര്‍ജന്റീന കോപ അമേരികയില്‍ വിജയത്തോടെ വരവറിയിച്ചിരിക്കുകയാണ്. കാനഡയെ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്താണ് കോപയുടെ ഉദ്ഘാടന മത്സരം അര്‍ജന്റീന സ്വന്തമാക്കിയത്. അര്‍ജന്റീനയ്ക്കായി ജൂലിയന്‍ അല്‍വാരസും ലൗത്താറോ മാര്‍ടിനസുമാണ് ഗോളടിച്ചത്.
ആദ്യ കോപ ടൂര്‍ണമെന്റാണെങ്കിലും അര്‍ജന്റീനയ്ക്കു മുന്നില്‍ കാനഡ കടുത്ത വെല്ലുവിളി തീര്‍ത്തു. 15 അവസരങ്ങള്‍ സൃഷ്ടിച്ച അര്‍ജന്റീന ഒമ്പത് ഷോടുകള്‍ ലക്ഷ്യത്തിലേക്ക് പായിച്ചു. എന്നാല്‍ രണ്ട് തവണ മാത്രമാണ് കാനഡക്ക് അര്‍ജന്റീന പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാനായത്. മത്സരത്തിലാകെ ഗോളെന്നുറച്ച അഞ്ച് അവസരങ്ങള്‍ ഗോള്‍ കീപര്‍ ക്രപ്യൂ തടഞ്ഞതും കാനഡക്ക് ആശ്വാസമായി.
പന്തടക്കത്തിലും ആക്രമണത്തിലും പലപ്പോഴും മുന്നിട്ടുനിന്ന കാനഡയുടെ ഗോള്‍ പോസ്റ്റിലേക്ക് ആദ്യ ഗോള്‍ തൊടുക്കാന്‍ അര്‍ജന്റീനയ്ക്ക് രണ്ടാം പകുതി വരെ കാത്തിരിക്കേണ്ടി വന്നു. 9ാം മിനിറ്റില്‍ അര്‍ജന്റീനയ്ക്ക് മുന്നിലെത്താനുള്ള അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല. ലയണല്‍ മെസിയും ഡി മരിയയും വലത് വിങ്ങില്‍നിന്ന് മുന്നേറ്റങ്ങള്‍ നടത്തിയതും പാഴായി.
ആദ്യ പകുതിയുടെ ഇന്‍ജുറി ടൈമില്‍ അവസരം നഷ്ടപ്പെടുത്തിയ ജൂലിയന്‍ അല്‍വാരസ്, രണ്ടാം പകുതിയുടെ തുടക്കത്തില്‍ 49-ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. 65-ാം മിനിറ്റിലും 79-ാം മിനിറ്റിലും മെസി നല്ല അവസരങ്ങള്‍ നഷ്ടപ്പെടുത്തി. 88-ാം മിനിറ്റില്‍ മെസിയുടെ അസിസ്റ്റില്‍ മാര്‍ടിനസ് പന്ത് കാല്‍ക്കീഴിലാക്കി ഗോള്‍ വലകുലുക്കി. ഇതോടെ ഏകപക്ഷീയമായി ലോകചാംപ്യന്മാര്‍ക്ക് വിജയം.
രണ്ടാം ഗോളിന് അസിസ്റ്റ് ചെയ്തതോടെ തുടര്‍ച്ചയായി ഏഴ് കോപ അമേരിക ടൂര്‍ണെന്റുകളില്‍ അസിസ്റ്റ് നല്‍കുന്ന ആദ്യ താരമായി മെസി മാറി. കോപയില്‍ ഏറ്റവും കൂടുതല്‍ അസിസ്റ്റുകള്‍ നല്‍കിയ താരവും മെസിയാണ്. 18 അസിസ്റ്റുകളാണ് കോപയില്‍ മാത്രം മെസിയുടെ പേരിലുള്ളത്.