Football | കൊൽക്കത്ത ഡെർബിയിലെ കാസർകോടൻ ഗോൾ! ഫുട്‍ബോളിൽ ഉയരങ്ങൾ താണ്ടി വിഷ്ണുവിന്റെ യാത്ര
ചെറുപ്പം മുതലേ കാസർകോടിന്റെ സെവൻസ് മൈതാനങ്ങളിൽ തിളങ്ങിയ വിഷ്ണു 2017-19 കാലയളവിൽ സീനിയർ ഫുട്ബോൾ മത്സരങ്ങളിൽ ഗോളുകൾ സ്കോർ ചെയ്താണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്
മൂസ ബാസിത്ത്
(KasaragodVartha) വംഗനാടിന്റെ ഫുട്‌ബോൾ (Football) പാരമ്പര്യം വിളിച്ചോതുന്ന ക്ലബാണ് ഈസ്റ്റ് ബംഗാൾ (East Bengal FC). ഫുട്‌ബോളിന് വേണ്ടി സമർപ്പിച്ച ജീവിതങ്ങൾ. സിനിമാക്കാരെ (Cinema) പോലെ സെലിബ്രിറ്റി ലെവലിൽ ഫുട്‌ബോൾ താരങ്ങളെ ബഹുമാനിച്ചു ശീലിച്ച കൊൽക്കത്ത (Kolkata). കാണികൾ നിറഞ്ഞു കവിഞ്ഞെഴുകുന്ന സാൾട്ട് ലേക്ക് സ്റ്റേഡിയവും (Salt Lake Stadium) തീ പാറുന്ന കൊൽക്കത്ത ഡെർബിയും (Kolkata Derby). 'ഫുട്‌ബോൾ എന്താണെന്ന് അറിയണമെങ്കിൽ നിങ്ങൾ കൊൽക്കത്തയിൽ പന്ത് തട്ടണം' ആ ഒരറ്റ ഡയലോഗിലുണ്ട് എല്ലാം. ഫുട്‌ബോൾ അവർക്ക് ഒരു കളിയല്ല, ജീവിതത്തിന്റെ തന്നെ ഭാഗമാണ്.
ഫുട്‌ബോൾ കളിക്കാർക്ക് കൊൽക്കത്ത, സിനിമാക്കാർക്ക് കോടമ്പക്കം (Kodambakkam) പോലെയാണ്. ചിലർ വാഴും, ചിലർ വീഴും. കഠിനാധ്വാനവും ഭാഗ്യവും ചേർന്നപ്പോൾ കൊൽക്കത്തയിൽ ചരിത്രം രചിച്ച കാസർകോട്ടുകാരനാണ് (Kasaragod) മുൻ ഇന്ത്യൻ ദേശീയ താരം എം സുരേഷ്. ഏഷ്യയിലെ തന്നെ ഏറ്റവും പ്രശസ്തമായ കൊൽക്കത്ത ഡെർബിയിൽ മറ്റൊരു കാസർകോട്ടുകാരൻ കൂടി ചരിത്രം കുറിക്കുകയാണ്, വിഷ്ണു പി വി. മോഹൻ ബഗാനെതിരെ ഈസ്റ്റ് ബംഗാളിന്റെ ആദ്യ ഗോൾ നേടിയത് നമ്മുടെ വിഷ്ണുവായിരുന്നു.
ചെറുപ്പം മുതലേ കാസർകോടിന്റെ സെവൻസ് മൈതാനങ്ങളിൽ തിളങ്ങിയ വിഷ്ണു 2017-19 കാലയളവിൽ സീനിയർ ഫുട്ബോൾ മത്സരങ്ങളിൽ ഗോളുകൾ സ്കോർ ചെയ്താണ് ശ്രദ്ധ പിടിച്ചു പറ്റുന്നത്. കണ്ണൂർ യൂണിവേഴ്സിറ്റി ടീമിന് വേണ്ടി യൂണിവേഴ്സിറ്റി തലത്തിലും കേരള പ്രീമിയർ ലീഗിലും കളി മികവ് തുടർന്നു. ഗോകുലത്തിന് വേണ്ടിയും ബൂട്ടണിഞ്ഞ വിഷ്ണു സന്തോഷ് ട്രോഫിയിൽ എതിരാളികളുടെ ഗോൾ വല ചലിപ്പിച്ചു.
ഒടുവിൽ ഇന്ത്യൻ ഫുട്ബോളിന്റെ പ്രൗഢി വിളിച്ചോതുന്ന ഈസ്റ്റ് ബംഗാളിലേക്ക്. മികച്ച പ്രകടനങ്ങൾ മുൻ നിർത്തി വിഷ്ണു അണ്ടർ 23 ദേശീയ ടീമിലും ഇടം നേടി. കൊൽക്കത്ത ഡെർബിയിലും ഗോൾ വേട്ട തുടർന്നതോടെ വിഷ്ണുവിന്റെ ഹീറോ പരിവേഷം മറ്റൊരു തലത്തിൽ എത്തിയിരിക്കുകയാണ്
ഈസ്റ്റ് ബംഗാളിന്റെ ഇൻസ്റ്റാ പേജിൽ കുറിച്ചിട്ടത് പോലെ 'Derby Goals Are Alwayz Special'. ഡെർബി വെറും കളിയല്ല, അഭിമാനത്തിന്റെയും ആത്മാഭിമാനത്തിന്റെയും പോരാട്ടമാണ്, അവിടെയാണ് വിഷ്‌ണു താരമായത്.
വിഷ്ണുവിന്റെ നേട്ടം കേരളത്തിലെ, പ്രത്യേകിച്ച് കാസർകോടിന്റെ ഫുട്ബോൾ പ്രേമികൾക്ക് വളരെയധികം പ്രചോദനം നൽകുന്നുണ്ട്. ഇന്ത്യൻ ഫുട്ബോളിന്റെ ഭാവി ശോഭനമാക്കുന്നതിനോടൊപ്പം തന്നെ കാസർകോടിന്റെ ഫുട്ബോൾ മുന്നേറ്റത്തിനും ഗുണകരമാകും എന്ന് തീർച്ചയായും വിശ്വസിക്കാം. ഒരുപാട് പേർക്ക് ഫുട്ബോളിൽ കരിയർ സ്വപ്നം കാണാൻ പ്രചോദനം നൽകുകയും അതിനായി കഠിനാധ്വാനം ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്യും.
വിഷ്ണു സ്വന്തമാക്കിയത് കേവലം വ്യക്തിഗത വിജയം മാത്രമല്ല, കാസർകോടിന്റെയും ഇന്ത്യൻ ഫുട്ബോളിന്റെയും ഭാവിക്ക് ഒരു പ്രതീക്ഷയാണ്. ഈ യുവതാരം ഫുട്ബോളിൽ കൂടുതൽ നേട്ടങ്ങൾ കൈവരിക്കുമെന്നും കാസർകോടിനെ ഫുട്ബോൾ ലോകത്തിന്റെ ഭൂപടത്തിൽ അടയാളപ്പെടുത്തുമെന്നും നമുക്ക് പ്രതീക്ഷിക്കാം. കുന്നുച്ചിയുടെ കുന്നോളം സ്വപ്നങ്ങളുമായി വിഷ്ണു യാത്ര തുടരട്ടെ.