Achievement | കേരള ജൂനിയർ ഫുട്‍ബോൾ ടീമിൽ ഇടം: കാൽപന്ത് കളിയിൽ കാസർകോടിന് അഭിമാനമായി വളർന്നുവരുന്ന പ്രതിഭ മുഹമ്മദ് ഫസാൻ
* ഗ്രൂപ് ഘട്ടത്തിൽ കേരള ടീം ഛത്തീസ്ഗഡിനെയും തമിഴ്‌നാടിനെയും പരാജയപ്പെടുത്തി.
* ഡിഫൻസിൽ മികച്ച പ്രകടനം കാഴ്ചവച്ചു.
കാസർകോട്: (KasargodVartha) ഛത്തീസ്ഗഡിലെ നരേൻപൂരിൽ നടന്ന ബി സി റോയ് ട്രോഫിക്ക് വേണ്ടിയുള്ള ജൂനിയർ ഫുട്‍ബോൾ ചാപ്യൻഷിപിൽ കേരള ടീമിന് കളത്തിലിറങ്ങിയ കാസർകോട് സ്വദേശി പി ബി മുഹമ്മദ് ഫസാൻ കാഴ്ചവെച്ചത് മികച്ച പ്രകടനം. വളർന്നുവരുന്ന ഈ പ്രതിഭ തുടർന്നും കാൽപന്ത് കളിയിൽ ഉന്നതങ്ങളിൽ എത്തണമെന്നാണ് ആഗ്രഹിക്കുന്നതെന്ന് കാസർകോട് വാർത്തയോട് പറഞ്ഞു.
കേരള ജൂനിയർ ഫുട്‍ബോൾ ടീമിൽ കാസർകോട് നിന്ന് ഇത്തവണ ഇടം നേടിയ ഏക കളിക്കാരനായിരുന്നു കാസർകോട് റെയിൽവേ സ്റ്റേഷന് സമീപത്തെ കുണ്ടിലിലെ ബിലാൽ - സൽവാന ദമ്പതികളുടെ മകൻ മുഹമ്മദ് ഫസാൻ. ഗ്രൂപ് ഘട്ടത്തിൽ ഛത്തീസ്ഗഡിനെ 2 - 0നും തമിഴ് നാടിനെ 4 - 2നും കേരള ടീം തോൽപിച്ചപ്പോൾ പശ്ചിമ ബംഗാളിനോട് 0 - 2ന് തോൽവി വഴങ്ങി. ഫൈനലിൽ ഒഡീഷയെ 2-0ന് പരാജയപ്പെടുത്തി പശ്ചിമ ബംഗാൾ ട്രോഫി സ്വന്തമാക്കി.
ഡിഫൻഡറായി കളിച്ചുകൊണ്ട് ടീമിന്റെ പ്രതിരോധം ശക്തിപ്പെടുത്തുന്നതിൽ ഫസാൻ നിർണായക പങ്ക് വഹിച്ചു. ഫസാൻ സംസ്ഥാന ടീമിൽ ഇടം നേടിയത് കാസർകോടിനും അഭിമാനമായി. ജില്ലാ തലത്തിൽ ഫുട്‍ബോൾ കളിയിലെ മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന ടീമിലേക്ക് യോഗ്യത നേടിയത്. ഫുട്ബോൾ രംഗത്ത് ഒരു തിളക്കമായി മാറാൻ ഈ യുവപ്രതിഭയ്ക്ക് കഴിയുമെന്ന പ്രതീക്ഷയിലാണ് കാസർകോട്ടുകാർ.
തളങ്കര ഗവ. മുസ്ലിം ഹയർ സെകൻഡറി സ്‌കൂളിലെ പ്ലസ് വൺ കൊമേഴ്‌സ് വിദ്യാർഥിയാണ് ഫസാൻ. മംഗ്ളുറു യെനപോയെ മെഡികൽ കോളജിൽ ബി എസ് സി ന്യൂറോ സയൻസ് വിദ്യാർഥിയായ ദിയ ജബിൻ, അഞ്ചാം ക്ലാസ് വിദ്യാർഥിയായ അലാവുദ്ദീൻ ബിലാൽ എന്നിവർ സഹോദരങ്ങളാണ്.
അനുമോദിച്ചു
കേരള ജൂനിയർ ഫുട്‍ബോൾ ടീമിൽ ഇടം നേടിയ മുഹമ്മദ് ഫസാനെ കാസർകോട് ജില്ലാ ലെജൻഡ് ഫുട്ബോൾ അസോസിയേഷൻ അനുമോദിച്ചു. ചെയർമാൻ ഖാലിദ് തെരുവത്ത് മെമന്റൊ സമ്മാനിച്ചു. തളങ്കര നാഷണൽ ക്ലബ് സെക്രടറി അൻവർ മൗലവി തുടങ്ങിയവർ സംബന്ധിച്ചു.