Football | കണ്ണൂരിന്റെ ഫുട്‌ബോള്‍ പെരുമ വീണ്ടെടുക്കാനായി കണ്ണൂര്‍ വാരിയേഴ്‌സ് കച്ചമുറുക്കിയിറങ്ങി; ആവേശം ഇരട്ടിപ്പിച്ച് 'പുയ്യാപ്ലയായ' ആസിഫലിയും
* കോഴിക്കോടാണ് ടീമിന്റെ ഹോം ഗ്രൗണ്ട്.
കണ്ണൂര്‍: (KasargodVartha) ജില്ലയുടെ ഫുട്‌ബോള്‍ പെരുമ വീണ്ടെടുക്കാനായി കണ്ണൂര്‍ വാരിയേഴ്‌സ് കച്ചമുറുക്കിയിറങ്ങി. സൂപ്പര്‍ലീഗ് കേരള ഫുട്‌ബോളില്‍ ആറുടീമുകളിലൊന്നായാണ് കണ്ണൂര്‍ വാരിയേഴ്‌സ് കളത്തിലിറങ്ങുന്നത്. വിദേശ കളിക്കാരുള്‍പ്പെടെയുളള വന്‍താരനിരയാണ് കണ്ണൂര്‍ വാരിയേഴ്‌സിന് ചുക്കാന്‍ പിടിക്കുന്നത്. കോച്ചും വിദേശിയാണ്. സ്‌പെയിനില്‍നിന്നുളള അഞ്ചുകളിക്കാരാണ് കേരള സൂപ്പര്‍ലീഗില്‍ കണ്ണൂരിനായി കളത്തിലറങ്ങുന്നത്.
കണ്ണൂര്‍ വാരിയേഴ്സിന്റെ സെലിബ്രിറ്റി ഓണറായ നടന്‍ ആസിഫ് അലി കളത്തിലിറങ്ങിയത് കണ്ണൂരിലെ ഫുട്ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തിയിട്ടുണ്ട്. ആര്‍പ്പുവിളികളോടെയാണ് ഫുട്ബോള്‍ പ്രേമികള്‍ ആസിഫലിയെ എതിരേറ്റത്. കാണികളുടെ ആര്‍പ്പുവിളിക്ക് നേരെ കൈവീശിയും സെല്‍ഫിയെടുത്തും ആസിഫലി കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടന്ന തീം സോങ്ങ് ജഴ്സി പ്രകാശനം 'കളറാക്കി'.
ഇതോടെ സൂപ്പര്‍ ലീഗ് കേരള ഫുട്‌ബോളിനായി കണ്ണൂര്‍ വാരിയേഴ്‌സിന്റ ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി ഫൈനല്‍ ഇലവന്‍ ടീമിനെ പ്രഖ്യാപിച്ചു. അഞ്ച് വിദേശതാരങ്ങളാണ് ടീമിലുള്ളത്. സ്പാനിഷ് താരങ്ങളായ അഡ്രിയാന്‍ സാര്‍ഡിനേറോ കോര്‍പ്പ, അല്‍വാരോ അല്‍വാരെസ് ഫെര്‍ണാണ്ടസ്, അസീര്‍ ഗോമസ് അല്‍വാരെസ്, ഇലോയ് ഒര്‍ഡോണെസ് മുനിസ്, ഫ്രാന്‍സിസ് കോ ഡേവിഡ് ഗ്രാന്‍ഡി സെറാനോ എന്നിവരാണ് ടീമിന്റെ വിദേശക്കരുത്ത്.
ആദില്‍ അഹമ്മദ്ഖാന്‍, പി എ അജ്മല്‍, അക്ബര്‍ സിദ്ദിഖ്, അലിസ്റ്റര്‍ ആന്റണി, മുന്‍മുന്‍ തിമോത്തി, മുഹമ്മദ് അമീന്‍, ഹഫീസ് മുഹമ്മദ്, ആല്‍ബിന്‍, ഗോകുല്‍ ഗോപകുമാര്‍, ലിയകാന്ത്, പി നജീബ്, റിഷാദ് ഗഫൂര്‍, വികാസ് എന്നിവരാണ് മറ്റു താരങ്ങള്‍. സ്പാനിഷുകാരനായ മാനുവല്‍ സാഞ്ചസ് മുറിയാസാണ് മുഖ്യപരിശീലകന്‍. സഹപരിശീലകന്‍ എം ഷഫീഖ് ഹസ്സന്‍. ഷഹീന്‍ ചന്ദ്രനാണ് ഗോള്‍കീപ്പര്‍ കോച്ച്. മുഹമ്മദ് അമീനാണ് ടീം മാനേജര്‍.
കണ്ണൂര്‍ നായനാര്‍ അക്കാദമിയില്‍ നടന്ന ചടങ്ങിലാണ് ടീമിനെ പ്രഖ്യാപിച്ചത്. ചടങ്ങില്‍ ടീമിന്റെ തീം സോങ് അവതരണവും കണ്ണൂരിലെ ആദ്യകാല താരങ്ങളെ ആദരിക്കലും നടന്നു. ടീം ഉടമകളായ ഡോ. എം.പി. ഹസന്‍ കുഞ്ഞി (ചെയര്‍മാന്‍), മിബു ജോസ് നെറ്റിക്കാടന്‍ (ഡയറക്ടര്‍), സിഎ മുഹമ്മദ് സാലിഹ് എന്നിവര്‍ സംസാരിച്ചു.
കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ഗ്രൗണ്ടിലാണ് ടീമിന്റെ പരിശീലനം. കോഴിക്കോടാണ് ടീമിന്റെ ഹോം ഗ്രൗണ്ട്. കണ്ണൂര്‍ കോര്‍പറേഷന്റെ ജവഹര്‍ സ്‌റ്റേഡിയത്തില്‍ അറ്റകുറ്റപണി നടക്കുന്നതിലാണ് പരിയാരത്തെ കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മൈതാനത്ത് ടീം പരിശീലനം നടത്തിവരുന്നത്. അടുത്ത വര്‍ഷം കണ്ണൂരില്‍ തന്നെ പരിശീലനം നടത്തുമെന്ന് ടീം മാനേജ്‌മെന്റ് അംഗങ്ങള്‍ അറിയിച്ചു.