Football | 8-0! സംസ്ഥാന ജൂനിയർ ഗേൾസ് ഫുട്‍ബോളിൽ ആലപ്പുഴയെ തകർത്ത് കാസർകോട്ടെ പെൺകുട്ടികൾ; മിർഹാന അടിച്ചുകൂട്ടിയത് 4 ഗോളുകൾ
ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടി കാസർകോട് ടീം മുന്നിലെത്തിയിരുന്നു
കോഴിക്കോട്: (KasaragodVartha) ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന ജൂനിയർ ഗേൾസ് ഇന്റർ ഡിസ്ട്രിക്ട് ഫുട്ബോൾ ചാംപ്യൻഷിപിൽ (Football Championship) ആദ്യ മത്സരത്തിൽ കാസർകോട് (Kasaragod) ജില്ലാ ടീമിന് വമ്പൻ ജയം. ആലപ്പുഴയെ (Alappuzha) എതിരില്ലാത്ത എട്ട് ഗോളിനാണ് തകർത്തത്. ടീമിനായി നാല് ഗോളുകൾ അടിച്ചുകൂട്ടി കാസർകോട് ടീം കാപ്റ്റൻ (Team Captain) ആഇശ മിർഹാന ശ്രദ്ധേയമായി. ഇതിൽ ഹാട്രികും പിറന്നുവെന്ന പ്രത്യേകതയുമുണ്ട്. മിർഹാന തന്നെയാണ് പ്ലേയർ ഓഫ് ദി മാചും.
ലക്ഷ്‌മി സൈജു മൂന്നും നിവേദ്യ ഒരു ഗോളും നേടി. ആദ്യ പകുതിയിൽ തന്നെ നാല് ഗോളുകൾ നേടി കാസർകോട് ടീം മുന്നിലെത്തിയിരുന്നു. രണ്ടാം പക്തിയിലാണ് ബാക്കിയുള്ള ഗോളുകൾ പിറന്നത്. മലപ്പുറം, കോട്ടയം, ആലപ്പുഴ ടീമുകൾ ഉൾപെടുന്ന പൂൾ ബിയിലാണ് കാസർകോട് ഉള്ളത്. മലപ്പുറവും കോട്ടയവും തമ്മിലുള്ള മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞതോടെ കാസർകോട് ഗ്രൂപിൽ മുന്നിലാണ്. തിങ്കളാഴ്ച രാവിലെയും ഉച്ചയ്ക്ക് ശേഷവുമായി നടക്കുന്ന മത്സരത്തിൽ മലപ്പുറത്തെയും കോട്ടയത്തെയും കാസർകോട് നേരിടും. വലിയ പ്രതീക്ഷയോടെയാണ് കാസർകോട് ഇത്തവണ മത്സരിക്കുന്നതെന്ന് ടീമിന്റെ അസിസ്റ്റന്റ് കോച് ഷീബ സുമേഷ് കാസർകോട് വാർത്തയോട് പറഞ്ഞു.
കഴിഞ്ഞ തവണയും സംസ്ഥാന സബ് ജൂനിയര്‍ പെണ്‍കുട്ടികളുടെ ചാംപ്യന്‍ഷിപില്‍ മിർഹാന മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് എട്ട് ഗോളുകളാണ് അന്ന് നേടിയത്. മൊഗ്രാല്‍ പുത്തൂര്‍ ആസാദ് നഗറിലെ മുഹമ്മദ് ഇഖ്ബാല്‍ - ഖദീജതുല്‍ ഖുബ്‌റ ദമ്പതികളുടെ മകളാണ് മിർഹാന. മൊഗ്രാല്‍ പുത്തൂര്‍ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിനിയാണ്.
കാസർകോട് ജില്ലാ ടീം: ആഇശ മിർഹാന (ക്യാപ്റ്റൻ), ശിവനന്ദ തമ്പാൻ (വൈസ് ക്യാപ്റ്റൻ), ടി ശ്രിയ സായി, കെ ആർ പ്രിയ രഞ്ജിനി, കെ പി ആദി ലക്ഷ്മി, പി വി അഷിമ, കെ അമൃത, പി അനുശ്രീ, കെ ടി സുധ ലക്ഷ്മി, എ എസ് അഷ്‌ന അനിൽകുമാർ, കെ വി മീനാക്ഷി, ടി റിയ, എം എസ് ശ്രേയ, നിതിന രാജ്, പി വി അഭിന, പി വി അളകനന്ദ, നിയ ഗണേഷ്, കെ ശ്രേയ, ലക്ഷ്മി ഷൈജു, നിവേദ്യ വിനോദ് (ടീം അംഗങ്ങൾ), എ കെ സുമേഷ് (കോച്), ഷീബ സുമേഷ് (അസിസ്റ്റന്റ് കോച്), ഡോ. രാജീവ് (മാനേജർ).