Victory | കുമ്പള ഉപജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ തിളങ്ങി
ഉപ്പള: (KasargodVartha) കുമ്പള ഉപജില്ലാ ഫുട്ബോൾ ടൂർണമെന്റിൽ ജി.വി.എച്ച്.എസ്.എസ് മൊഗ്രാൽ സ്കൂൾ സമഗ്ര വിജയം നേടി. സബ് ജൂനിയർ, ജൂനിയർ, സീനിയർ വിഭാഗങ്ങളിലെ കിരീടങ്ങൾ സ്വന്തമാക്കിയാണ് ഈ വിദ്യാലയം തങ്ങളുടെ കായിക പ്രാവീണ്യം തെളിയിച്ചത്. ഉപ്പള മണ്ണംകുഴി സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
കായികാധ്യാപകൻ ഇല്ലാത്ത സാഹചര്യത്തിലാണ് ഈ വിജയം കൈവരിച്ചത് എന്നത് ഈ നേട്ടത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു. രണ്ട് തവണ കായികാധ്യാപക നിയമനത്തിനായി അഭിമുഖം നടന്നെങ്കിലും ആരും പങ്കെടുത്തില്ല. ഈ സാഹചര്യത്തിൽ സ്കൂൾ സ്റ്റാഫ് കൗൺസിൽ ചേർന്ന് പത്തോളം അധ്യാപകരുടെ ഒരു കമ്മിറ്റി രൂപീകരിക്കുകയും അവർ ചേർന്ന് കുട്ടികളെ പരിശീലിപ്പിക്കുകയും ചെയ്തു.
രണ്ടായിരത്തി മുന്നൂറോളം വിദ്യാർത്ഥികളുള്ള വിദ്യാലയത്തിൽ നിന്ന് ടീം സെലക്ഷൻ ഒരു വലിയ ചുമതലയായിരുന്നു. എന്നാൽ അധ്യാപകരുടെ സമർപ്പണവും കുട്ടികളുടെ ആവേശവും ചേർന്ന് ഈ വെല്ലുവിളിയെ മറികടന്നു. ഒഴിവു ദിവസങ്ങളിലും വൈകുന്നേരങ്ങളിലുമായി അധ്യാപകർ കുട്ടികളെ പരിശീലിപ്പിക്കുകയും, കുട്ടികൾ അവരുടെ നിർദ്ദേശങ്ങൾ അനുസരിച്ച് കളിക്കുകയും ചെയ്തത് വിജയത്തിന് കാരണമായി.
ഈ വിജയം സ്കൂൾ പി.ടി.എ, എസ്.എം.സി, മദർ പി.ടി എ, സ്റ്റാഫ് എന്നിവരുടെ അഭിനന്ദനത്തിന് പാത്രമായി. വിജയികളായ ടീം അംഗങ്ങളെയും അധ്യാപകരെയും അവർ ആശംസ അറിയിച്ചു.
ഫോട്ടോ: കുമ്പള ഉപജില്ലാ ഫുട്ബോൾ മത്സരത്തിൽ വിജയികളായ സബ് ജൂനിയർ, ജൂനിയർ സീനിയർ ടീം അംഗങ്ങൾ അധ്യാപകർക്കൊപ്പം.