Toni Kroos | 'നല്ല സമയത്ത് കരിയര്‍ അവസാനിപ്പിക്കണം'; യൂറോ കപിനുശേഷം കളം വിടുന്നത് എന്തുകൊണ്ടാണെന്ന കാരണം വ്യക്തമാക്കി ടോണി ക്രൂസ്
ബയണ്‍ മ്യൂണികിലും ബയേര്‍ ലെവര്‍ക്യൂസനിലും കളിച്ചു.
10 വര്‍ഷമായി റയലിനൊപ്പമുള്ള ക്രൂസ് 463 മത്സരങ്ങള്‍ കളിച്ചു.
22 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി.
മഡ്രിഡ്: (KasragodVartha) സ്വന്തം നാട്ടില്‍ നടക്കുന്ന യൂറോ 2024 ന് ശേഷം 17 വര്‍ഷത്തെ മിന്നും കരിയറില്‍നിന്ന് പ്രൊഫഷണല്‍ ഫുട്ബോള്‍ കളിക്കാരനെന്ന നിലയില്‍ തന്റെ കരിയര്‍ അവസാനിപ്പിക്കാന്‍ ടോണി ക്രൂസ് മേയ് 21 നാണ് തീരുമാനിച്ചത്. 2024 യൂറോയ്ക്ക് ശേഷം ബൂടഴിക്കാന്‍ തീരുമാനിച്ച താരം ഇതിനുശേഷം റയല്‍ മാഡ്രിഡിന് വേണ്ടിയും കളത്തിലിറങ്ങില്ല.
ജര്‍മനിയുടെയും സ്പാനിഷ് ക്ലബ് റയല്‍ മഡ്രിഡിന്റെയും താരമായ മുതിര്‍ന്ന മിഡ്ഫീല്‍ഡര്‍ ക്രൂസ് സമൂഹമാധ്യമത്തിലൂടെയാണ് വിരമിക്കല്‍ തീരുമാനം അറിയിച്ചത്. ഇതിനുള്ള കാരണവും താരം സമൂഹ മാധ്യമങ്ങളിലൂടെ വ്യക്തമാക്കുന്നുണ്ട്.
കരിയറിന്റെ ഉന്നതിയില്‍ നില്‍ക്കുമ്പോള്‍ കളി അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ക്രൂസ് പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ ക്ലബായ റയലിന്റെ കളിക്കാരനായി മാറിയ ദിവസം തന്റെ ജീവിതം മാറിമറിഞ്ഞു. അവസാന ക്ലബ് റയല്‍ ആകണമെന്ന് ആഗ്രഹിച്ചതിനാല്‍ കരിയര്‍ അവസാനിപ്പിക്കുന്നു. അത് എന്റെ സന്തോഷവും അഭിമാനവുമാണ്. 10 വര്‍ഷത്തിന് ശേഷം, സീസണിന്റെ അവസാനത്തില്‍ ഈ അധ്യായം അവസാനിക്കുന്നു- 34 കാരനായ ടോണി ക്രൂസ് പറഞ്ഞു.
2021ല്‍ ദേശീയ ഫുട്ബോളില്‍ നിന്ന് വിരമിച്ച ടോണി ക്രൂസ് യൂറോ 2024ല്‍ കളിക്കുന്നതിനായി തീരുമാനം മാറ്റുകയായിരുന്നു. ഈ മാര്‍ചിലാണ് മടങ്ങിയെത്തിയത്. യൂറോ കപിന് മുന്‍പ് റയല്‍ മഡ്രിഡ് ജഴ്‌സിയില്‍ ക്രൂസിന് ചാംപ്യന്‍സ് ലീഗ് ഫൈനലും ബാക്കിയുണ്ട്. 2014 മുതല്‍ ലോസ് ബ്ലാങ്കോസിനൊപ്പം ക്രൂസ് നാല് ചാംപ്യന്‍സ് ലീഗ് കിരീടങ്ങളും നാല് ലാലിഗ കിരീടങ്ങളും നേടി.
ജര്‍മനിക്കായി 108 മത്സരങ്ങള്‍ കളിച്ചിട്ടുള്ള ക്രൂസ് 2014ലെ ലോകകപ് കിരീടനേട്ടത്തിലും പങ്കാളിയായി. 10 വര്‍ഷമായി റയലിനൊപ്പമുള്ള ക്രൂസ് 463 മത്സരങ്ങള്‍ കളിച്ചു. 22 കിരീട നേട്ടങ്ങളില്‍ പങ്കാളിയായി. റയലിനൊപ്പം 5 ക്ലബ് ലോകകപ് കിരീടങ്ങളും 4 വീതം ചാംപ്യന്‍സ് ലീഗ്, യൂറോപ്യന്‍ സൂപര്‍ കപ്, ലാലിഗ, സ്പാനിഷ് സൂപര്‍ കപ് എന്നിവയും സ്വന്തമാക്കി. ഒരു തവണ കോപ ഡെല്‍ റേ കിരീടവും നേടി. 2014ല്‍ റയല്‍ മഡ്രിഡിലെത്തും മുന്‍പ് ബയണ്‍ മ്യൂണികിലും ബയേര്‍ ലെവര്‍ക്യൂസനിലും കളിച്ചു.