Football | ഫുട്ബോൾ: കാസർകോട് ജില്ലാ സൂപർ ഡിവിഷൻ കിരീടം മൊഗ്രാൽ സ്പോർട്സ് ക്ലബിന്; എ ഡിവിഷനിൽ യഫ തായലങ്ങാടി ജേതാക്കൾ
വിജയത്തോടെ യഫ തായലങ്ങാടി ജില്ലാ സൂപർ ഡിവിഷനിലേക്ക് യോഗ്യത നേടി
കാസർകോട്: (KasaragodVartha) ജില്ലാ സൂപർ ഡിവിഷൻ ഫുട്ബോളിൽ മൊഗ്രാൽ സ്പോർട്സ് ക്ലബിനും എ ഡിവിഷനിൽ യഫ തായലങ്ങാടിക്കും കിരീടം. സോകർ ചെറുവത്തൂരിനെ പരാജയപ്പെടുത്തിയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജേതാക്കളായത്. ഇത് ഏഴാം തവണയാണ് മൊഗ്രാൽ സ്പോർട്സ് ക്ലബ് ജില്ലാ സൂപർ ഡിവിഷൻ ഫുട്ബാൾ കിരീടം സ്വന്തമാക്കുന്നത്.
തൃക്കരിപ്പൂർ നടക്കാവ് രാജീവ് ഗാന്ധി സിന്തറ്റിക് ടർഫിൽ നടന്ന ഫൈനലിലെ ആവേശ പോരാട്ടത്തിൽ ഇരുടീമുകളും ഓരോ ഗോൾ നേടി സമനില പിടിച്ചതിനെ തുടർന്ന് പെനാൽറ്റി ഷൂടൗടിലൂടെയാണ് 4-2ന് മൊഗ്രാൽ സ്പോർട്സ് ക്ലബ് വിജയം കരസ്ഥമാക്കിയത്. മത്സരത്തിൽ നിർണായകമായ സേവുകൾ നടത്തിയ മൊഗ്രാൽ സ്പോർട്സ് ക്ലബ് ഗോൾകീപർ ശഹദാദ് മൊഗ്രാലിനെ ഫൈനലിലെ മിന്നും താരമായി തിരഞ്ഞെടുത്തു.
നടക്കാവ് മൈതാനത്ത് നടന്ന മറ്റൊരു ആവേശകരമായ കലാശപ്പോരാട്ടത്തിൽ 3-1ന് സുഭാഷ് എടാട്ടുമ്മലിനെയാണ് യഫ തായലങ്ങാടി തോൽപിച്ചത്. യഫയ്ക്ക് വേണ്ടി ഇബ്രാഹിം ഹഫീൽ രണ്ടും റംശീദ് ഒരു ഗോളും നേടി. ഇബ്രാഹിം ഹഫീലാണ് മാൻ ഓഫ് ദി മാച്. വിജയത്തോടെ യഫ തായലങ്ങാടി ജില്ലാ സൂപർ ഡിവിഷനിലേക്ക് യോഗ്യത നേടി.