city-gold-ad-for-blogger
Aster MIMS 10/10/2023

Euro 2024 | ആവേശത്തില്‍ കാല്‍പ്പന്ത് ആരാധകര്‍; യൂറോ കപ് മത്സരങ്ങള്‍ നടക്കുന്ന ജര്‍മനിയിലെ മൈതാനങ്ങളെ കുറിച്ച് അറിയാം

Euro 2024: Guide to the 10 stadiums across Germany and their games, Germany, Games, Sports, Football

ഉദ്ഘാടന മത്സരം നടക്കുക ബയേണ്‍ മ്യൂണികിന്റെ സ്റ്റേഡിയത്തില്‍ 

ഫൈനല്‍ ബെര്‍ലിനിലെ ഒളിംപിയ സ്റ്റേഡിയത്തില്‍.

അത്യാധുനിക മേല്‍ക്കൂരയുള്ള ഏറ്റവും വലിയ സ്റ്റേഡിയമാണ് ലീപ്സിഗ് സ്റ്റേഡിയം.

മഡ്രിഡ്: (KasargodVartha) ജര്‍മന്‍ ഫുട്ബോള്‍ ക്ലബ്ലായ ബയേണ്‍ മ്യൂണികിന്റെ സ്റ്റേഡിയത്തിലാണ് ജൂണ്‍ 14-ന് യൂറോ കപ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഇവിടെ ആതിഥേയരായ ജര്‍മനി സ്‌കോട്‌ലന്റിനെ നേരിടും. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് യൂറോപിന്റെ ലോകകപ് എന്നറിയപ്പെടുന്ന യുവേഫ യൂറോ കപ്. 

ആകെ 51 മത്സരങ്ങളാണ് യൂറോ കപിലുള്ളത്. ഓരോ സ്റ്റേഡിയത്തിലും കുറഞ്ഞത് നാല് മത്സരങ്ങളെങ്കിലും നടക്കും. യൂറോ കപിന് ജൂണ്‍ 14ന് ജര്‍മനിയില്‍ വിസില്‍ മുഴങ്ങിയാല്‍, 18 വര്‍ഷം മുമ്പ് 2006 ഫിഫ ലോകകപ് ഫൈനലിന് ആതിഥേയത്വം വഹിച്ച ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഒളിംപിയ സ്റ്റേഡിയത്തിലായിരിക്കും ഒരു മാസത്തിനുശേഷം ജൂലൈ 14ന് ഫൈനല്‍ നടക്കുക. ജര്‍മനിയിലെ 10 നഗരങ്ങളിലെ പ്രസിദ്ധമായ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. 

1. ഒളിംപിയ സ്റ്റേഡിയം ബെര്‍ലിന്‍ (OLYMPIASTADION): 71,000 സീറ്റിങ് കപാസിറ്റിയുള്ള മൈതാനത്ത് ഇതുവരെ നിരവധി പ്രധാന മത്സരങ്ങള്‍ക്ക് വേദിയായി. 2006 ഫിഫ ലോകകപിന്റെ ഇറ്റലി-ഫ്രാന്‍സ് ഫൈനല്‍ അരങ്ങേറി. മാറ്റരസിയെ സിനദിന്‍ സിദാന്‍ തല കൊണ്ട് നെഞ്ചിനിടിച്ചിട്ടത് ഈ സ്റ്റേഡിയത്തിലാണ്. സിദാന്റെ ഹെഡ്ഡറുകളും ട്രിബ്ളിങും ടോണിയുടെയും ടോട്ടിയുടെയും മുന്നേറ്റങ്ങള്‍ക്കും സാക്ഷ്യം വഹിച്ച മൈതാനമാണ് ഒളിംപിയ. 2015 യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലില്‍ ബാഴ്‌സലോണ യുവന്റസിനെ തോല്‍പ്പിച്ച സ്റ്റേഡിയം കൂടിയായിരുന്നു ഇത്. യൂറോ കപില്‍ മൂന്ന് നോകൗട് മത്സരങ്ങള്‍ ഉള്‍പെടെ ആറ് മത്സരങ്ങള്‍ക്ക് ഒളിംപിയ സ്റ്റേഡിയം വേദിയാകും.

2. കൊളോണ്‍ സ്റ്റേഡിയം (COLOGNE STADIUM): കൊളോണ്‍ നഗരത്തിലെ മൈതാനത്തില്‍ 43000 പേര്‍ക്ക് മത്സരം വീക്ഷിക്കാനാകും. 2020ലെ യുവേഫ യൂറോപ ലീഗ് ഫൈനലിന്റെ വേദിയായിരുന്നു ഈ സ്റ്റേഡിയം. കോവിഡ് -19 ദുരന്തത്തിനിടെ ഒരൊറ്റ കാണികള്‍ പോലുമില്ലാതെയായിരുന്നു സെവിയ്യ-ഇന്റര്‍ മിലാന്‍ മത്സരം സ്റ്റേഡിയത്തില്‍ നടന്നത്. മത്സരം 3-2 ന് സെവിയ്യ ജയിച്ചു. അഞ്ച് യൂറോ 2024 മത്സരങ്ങള്‍ക്കാണ് കോളോണ്‍ മൈതാനം വേദിയാകുക. സ്വിറ്റ്സര്‍ലന്റ് രണ്ട് തവണ ഇവിടെ കളിക്കും. ഇന്‍ഗ്ലണ്ടിനും കൊളോണില്‍ മത്സരമുണ്ട്. 

3. ബിവിബി സ്റ്റേഡിയം ഡോര്‍ട്മുണ്ട് (BVB STADION DORTMUND): ഈ സ്റ്റേഡിയത്തില്‍ 62,000 പേര്‍ക്ക് ഇരിക്കാനാകും. ബറൂസിയ ഡോര്‍ട്മുട് ക്ലബിന്റെ ഹോം മൈതാനം കൂടിയാണിത്. യൂറോപിലെ ഏറ്റവും മികച്ച മൈതാനങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. ഡോര്‍ട്മുണ്ടില്‍ നടക്കുന്ന ആറ് മത്സരങ്ങളില്‍ അവസാനത്തെ സെമി ഫൈനലിന് സ്റ്റേഡിയം ആതിഥേയത്വം വഹിക്കും. 

4. ഡ്യൂസെല്‍ഡോര്‍ഫ് അരീന (DUESSELDORF ARENA): ഫോര്‍ച്യൂണ ഡ്യൂസ്സല്‍ഡോര്‍ഫ് ക്ലബിന്റെ ഹോം മൈതാനമായ സ്‌റ്റേഡിയത്തിന്റെ ശേഷി 47,000. 2006-ലെ ഫിഫ ലോകകപ് നഷ്ടമായതിനാല്‍ ഡ്യൂസെല്‍ഡോര്‍ഫ് അരീനയ്ക്ക് യൂറോ 2024 മത്സരങ്ങള്‍ നടത്താനുള്ള അംഗീകാരം ലഭിച്ചു. ജനുവരിയില്‍ സ്റ്റേഡിയത്തില്‍ അരങ്ങേറിയ പുരുഷ ഹാന്റ് ബോള്‍ മത്സരം ഒരു ലോക റെകോര്‍ഡ് സൃഷ്ടിച്ചിരുന്നു. സ്വിറ്റ്‌സര്‍ലന്റിനെതിരെ ജര്‍മനി കളിച്ച ഉദ്ഘാടന മത്സരത്തില്‍ 53,586 കാണികളായിരുന്നു ഗാലറികളിലെത്തിയത്.

5. ഫ്രാങ്ക്ഫര്‍ട് അരീന (FRANKFURT ARENA): 47000 പേര്‍ക്കിരിക്കാവുന്ന സ്റ്റേഡിയം ഐന്‍ട്രാക്റ്റ് ഫ്രാങ്ക്ഫര്‍ട് ക്ലബിന്റെ ഹോം മൈതാനമാണ്. ജൂണ്‍ 23ന് സ്വിറ്റ്സര്‍ലന്റിനെതിരെ ജര്‍മനിയുടെ അവസാന ഗ്രൂപ് മത്സരം ഇവിടെയാണ് നടക്കുക. യൂറോക് മുന്നോടിയായി ഇന്‍ഗ്ലണ്ടും-ഡെന്‍മാര്‍ക്കും തമ്മിലുള്ള സൗഹൃദ മത്സരവും ഇവിടെ നടക്കും. 2011ലെ ഫിഫ വനിത ലോകകപ് ഫൈനല്‍ ഫ്രാങ്ക്ഫര്‍ടിലാണ് അരങ്ങേറിയത്. കൂടാതെ 2006 ഫിഫ പുരുഷ ലോകകപിലെ ആറ് മത്സരങ്ങളും ഇവിടെ നടന്നു. 

6. ഗെല്‍സെന്‍കിര്‍ചന്‍ അരീന ഓഫ് ഷാല്‍കെ (ARENA AUFSCHALKE): ഷാല്‍കെ ക്ലബിന്റെ ഹോം ഗ്രൗണ്ട് ആയ സ്റ്റേഡിയത്തിന്റെ ശേഷി 50,000 ആണ്. 2004-ലെ യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന് ആതിഥേയത്വം വഹിച്ചത് അരീന ഓഫ് ഷാല്‍കെയാണ്. 2006 ഫിഫ ലോകകപിന്റെ അഞ്ച് മത്സരങ്ങളും അരങ്ങേറി. ഇത്തവണ, ഗെല്‍സെന്‍കിര്‍ചനിലെ സ്റ്റേഡിയം നാല് യൂറോ മത്സരങ്ങള്‍ക്കാണ് ആതിഥേയത്വം വഹിക്കുക. 

7. വോക്സ്പാര്‍ക്ക് സ്റ്റേഡിയം ഹാംബര്‍ഗ് (VOLKSPARKSTADION): 49,000 മാണ് സ്റ്റേഡിയത്തിന്റെ സീറ്റിങ് കപാസിറ്റി. ഹാംബര്‍ഗര്‍ എസ് വിയുടെ ഹോം ഗൗണ്ട് ആണ്. 2006-ലെ ഫിഫ ലോകകപിന് ഉപയോഗിച്ചു. 2010-ലെ യുവേഫ യൂറോപ ലീഗ് ഫൈനലിന്റെ വേദി കൂടിയായിരുന്നു.

8. ലീപ്സിഗ് സ്റ്റേഡിയം (LEIPZIG STADIUM): ആര്‍ബി ലീപ്സിഗിന്റെ ഹോം മൈതാനമായ സ്റ്റേഡിയത്തിന്റെ ശേഷി 40,000 ആണ്.
ശേഷിയുടെ അടിസ്ഥാനത്തില്‍ 10 സ്റ്റേഡിയങ്ങളില്‍ ഏറ്റവും ചെറുതാണെങ്കിലും കിഴക്കന്‍ ജര്‍മനിയിലെ അത്യാധുനിക മേല്‍ക്കൂരയുള്ള ഏറ്റവും വലിയ സ്റ്റേഡിയമാണിത്. 

9. മ്യൂണിക് ഫുട്ബോള്‍ അരീന (MUNICH FOOTBALL ARENA): ജര്‍മന്‍ നഗരമായ മ്യൂണികിലാണ് സ്ഥിതി ചെയ്യുന്നത്. 66000 പേര്‍ക്കിരുന്ന് മത്സരം വീക്ഷിക്കാം. പ്രശസ്ത ക്ലബ്ബായ ബയേണ്‍ മ്യൂണികിന്റെ ഹോം ഗ്രൗണ്ട് കൂടിയായ സ്റ്റേഡിയത്തില്‍ ജൂണ്‍ 14 ന് ആതിഥേയരായ ജര്‍മനി സ്‌കോട്‌ലന്റുമായുള്ള യൂറോ കപ്പിലെ ആദ്യ മത്സരം അരങ്ങേറും. ജൂലായ് ഒമ്പതിന് മ്യൂണിക് ഫുട്ബോള്‍ അരീനയില്‍ ഒരു സെമി ഫൈനലും നടക്കും. അടുത്ത വര്‍ഷം യുവേഫ ചാംപ്യന്‍സ് ലീഗ് ഫൈനലിന് മ്യൂണിക് ഫുട്ബോള്‍ അരീന ആതിഥേയത്വം വഹിക്കും.

10. സ്റ്റട്ഗാര്‍ട് അരീന (STUTTGART ARENA): സ്റ്റേഡിയത്തിന്റെ ശേഷി 51,000. വിഎഫ്ബി സ്റ്റട്ട്ഗാര്‍ട്ട് ടീമിന്റെ ഹോം ഗ്രൗണ്ട് ആയ സ്റ്റേഡിയത്തില്‍ ജൂണ്‍ 16-ന് ഹംഗറിക്കെതിരായ രണ്ടാം യൂറോ ഗ്രൂപ് മത്സരത്തിനായി ജര്‍മന്‍ പടയിറങ്ങും. 
തെക്കു-പടിഞ്ഞാറന്‍ ജര്‍മന്‍ നഗരത്തില്‍ നടക്കുന്ന അഞ്ച് കളികളില്‍ അവസാനത്തെ ക്വാര്‍ടര്‍ ഫൈനലിനും സ്റ്റട്ഗാര്‍ട് അരീന ആതിഥേയത്വം വഹിക്കും. 

സ്റ്റേഡിയങ്ങളിലെ മത്സരങ്ങളും തീയതികളും

ഒളിംപിയ സ്റ്റേഡിയം ബെര്‍ലിന്‍:

ജൂണ്‍ 15: സ്പെയിന്‍-ക്രൊയേഷ്യ 
ജൂണ്‍ 21: പോളണ്ട്-ഓസ്ട്രിയ 
ജൂണ്‍ 25: നെതര്‍ലാന്‍ഡ്‌സ്-ഓസ്ട്രിയ 
ജൂണ്‍ 29: റൗണ്ട് ഓഫ് 16
ജൂലൈ 6: ക്വാര്‍ടര്‍ ഫൈനല്‍
ജൂലൈ 14: ഫൈനല്‍

കൊളോണ്‍ സ്റ്റേഡിയം:

ജൂണ്‍ 15: ഹംഗറി-സ്വിറ്റ്സര്‍ലന്റ് 
ജൂണ്‍ 19: സ്‌കോട്‌ലന്‍ഡ്-സ്വിറ്റ്‌സര്‍ലന്റ്
ജൂണ്‍ 22: ബെല്‍ജിയം-റൊമാനിയ
ജൂണ്‍ 25: ഇന്‍ഗ്ലണ്ട്-സ്ലോവേനിയ
ജൂണ്‍ 30: റൗണ്ട് 16

ബിവിബി സ്റ്റേഡിയം ഡോര്‍ട്മുണ്ട്: 

ജൂണ്‍ 15: ഇറ്റലി-അല്‍ബേനിയ
ജൂണ്‍ 18: തുര്‍ക്കി-ജോര്‍ജിയ
ജൂണ്‍ 22: തുര്‍കി-പോര്‍ചുഗല്‍
ജൂണ്‍ 25: ഫ്രാന്‍സ്-പോളണ്ട
ജൂണ്‍ 29: റൗണ്ട് ഓഫ് 16
ജൂലൈ 10: സെമി ഫൈനല്‍

ഡ്യൂസെല്‍ഡോര്‍ഫ് അരീന: 

ജൂണ്‍ 17: ഓസ്ട്രിയ-ഫ്രാന്‍സ്
ജൂണ്‍ 21: സ്ലൊവാക്യ-ഉക്രെയ്ന്‍
ജൂണ്‍ 24: അല്‍ബേനിയ-സ്പെയിന്‍
ജൂലൈ 1: റൗണ്ട് ഓഫ് 16
ജൂലൈ 6: ക്വാര്‍ട്ടര്‍ ഫൈനല്‍

ഫ്രാങ്ക്ഫര്‍ട് അരീന:

ജൂണ്‍ 17: ബെല്‍ജിയം-സ്ലൊവാക്യ
ജൂണ്‍ 20: ഡെന്മാര്‍ക്ക്-ഇന്‍ഗ്ലണ്ട്
ജൂണ്‍ 23: സ്വിറ്റ്സര്‍ലന്റ്-ജര്‍മനി
ജൂണ്‍ 26: സ്ലൊവാക്യ-റൊമാനിയ
ജൂലൈ 1: റൗണ്ട് ഓഫ് 16

ഗെല്‍സെന്‍കിര്‍ചന്‍ അരീന ഓഫ് ഷാല്‍കെ: 

ജൂണ്‍ 16: സെര്‍ബിയ-ഇന്‍ഗ്ലണ്ട്
ജൂണ്‍ 20: സ്പെയിന്‍-ഇറ്റലി
ജൂണ്‍ 26: ജോര്‍ജിയ-പോര്‍ചുഗല്‍
ജൂണ്‍ 30: റൗണ്ട് 16

വോക്സ്പാര്‍ക് സ്റ്റേഡിയം ഹാംബര്‍ഗ്: 

ജൂണ്‍ 16: പോളണ്ട്-നെതര്‍ലാന്റ്സ് 
ജൂണ്‍ 19: ക്രൊയേഷ്യ-അല്‍ബേനിയ
ജൂണ്‍ 22: ജോര്‍ജിയ-ചെകിയ
ജൂണ്‍ 26: ചെക്കിയ-തുര്‍ക്കി
ജൂലൈ 5: ക്വാര്‍ടര്‍ ഫൈനല്‍

ലീപ്സിഗ് സ്റ്റേഡിയം: 

ജൂണ്‍ 18: പോര്‍ചുഗല്‍-ചെകിയ
ജൂണ്‍ 21: നെതര്‍ലാന്റ്സ്-ഫ്രാന്‍സ്
ജൂണ്‍ 24: ക്രൊയേഷ്യ-ഇറ്റലി
ജൂലൈ 2: റൗണ്ട് 16

മ്യൂണിക് ഫുട്ബോള്‍ അരീന:

ജൂണ്‍ 14: ജര്‍മനി-സ്‌കോട്ലന്‍ഡ്
ജൂണ്‍ 17: റൊമാനിയ-യുക്രൈന്‍
ജൂണ്‍ 20: സ്ലൊവേനിയ-സെര്‍ബിയ
ജൂണ്‍ 25: ഡെന്മാര്‍ക്ക്-സെര്‍ബിയ
ജൂലൈ 2: റൗണ്ട് ഓഫ് 16 
ജൂലൈ 9: സെമി ഫൈനല്‍

സ്റ്റട്ഗാര്‍ട് അരീന: 

ജൂണ്‍ 16: സ്ലോവേനിയ-ഡെന്മാര്‍ക്
ജൂണ്‍ 19: ജര്‍മനി-ഹംഗറി 
ജൂണ്‍ 23: സ്‌കോട്ട്ലന്‍ഡ്-ഹംഗറി
ജൂണ്‍ 26: യുക്രൈന്‍-ബെല്‍ജിയം
ജൂലൈ 5: ക്വാര്‍ടര്‍ ഫൈനല്‍

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
MIO-Hospital 01/02/2023
ARAMANA 01/06/2020
SWISS-TOWER 24/07/2023
wellfitindia
INDIANA_HOSPITAL_BEKAL