Cristiano Ronaldo | കരിയറില്‍ കളിക്കുന്ന അവസാനത്തെ യൂറോ കപ് ടൂര്‍ണമെന്റിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെത്തി
നേരത്തെ യൂറോ കപ് സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ്.
സഊദി ക്ലബിന് വേണ്ടി 51 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകളാണ് നേടിയിട്ടുള്ളത്.
യൂറോ കപിലും താരം മിന്നുന്ന ഫോം തുടരുമെന്ന് ആരാധകര്‍.
ലിസ്ബണ്‍: (KasargodVartha) ജര്‍മനിയില്‍ വെച്ച് നടക്കുന്ന യുവേഫ യൂറോ കപിലെ പ്രധാന ആകര്‍ഷണം 39 കാരനായ സൂപര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ തന്നെയാണ്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ കരിയറിലെ ആറാമത്തെയും അവസാനത്തെയും യൂറോ കപ് ടൂര്‍ണമെന്റാണിത്. നേരത്തെ യൂറോ കപ് സ്വന്തമാക്കിയിട്ടുള്ള താരം കൂടിയാണ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. തന്റെ അവസാന യൂറോകപിന് വേണ്ടി റൊണാള്‍ഡോ പോര്‍ചുഗീസ് ദേശീയ ടീമിനോടൊപ്പം ജോയിന്‍ ചെയ്തിട്ടുണ്ട്.
പോര്‍ചുഗല്‍ കോച് റോബര്‍ടോ മാര്‍ടിനെസാണ് യൂറോ കപിനുള്ള 26 അംഗ സാധ്യതാ ടീമില്‍ ക്രിസ്റ്റ്യാനോയെയും ഉള്‍പെടുത്തിയത്. ജര്‍മനി ആതിഥ്യം വഹിക്കുന്ന യൂറോ കപിനുള്ള പോര്‍ചുഗല്‍ ടീമില്‍ മുതിര്‍ന്ന ഡിഫന്‍ഡര്‍ പെപ്പെയുമുണ്ട്. 41 കാരനായ പെപ്പെയാണ് ടീമിലെ സീനിയര്‍ താരം.
യൂറോപ്യന്‍ ചാംപ്യന്‍ഷിപിനായി മറ്റൊരു താരമായ റൂബന്‍ നെവസിനൊപ്പമാണ് റൊണാള്‍ഡോ പോര്‍ചുഗല്‍ കാംപില്‍ എത്തിയിട്ടുള്ളത്. ജൂണ്‍ പതിനൊന്നാം തീയതി അയര്‍ലാന്‍ഡിനെതിരെ ഒരു ഫ്രണ്ട്‌ലി മത്സരം പോര്‍ചുഗല്‍ കളിക്കുന്നുണ്ട്. ആ മത്സരത്തിലാണ് റൊണാള്‍ഡോയെ നമുക്ക് കാണാന്‍ കഴിയുക.
മാസ്മരിക ഫോമിലാണ് റൊണാള്‍ഡോ ഈ സീസണില്‍ ഇപ്പോള്‍ കളിച്ചുകൊണ്ടിരിക്കുന്നത്. തന്റെ സഊദി ക്ലബിന് വേണ്ടി 51 മത്സരങ്ങളില്‍ നിന്ന് 50 ഗോളുകളാണ് റൊണാള്‍ഡോ സ്വന്തമാക്കിയിട്ടുള്ളത്. രാജ്യത്തിനും ക്ലബിനും വേണ്ടി ആകെ 55 ഗോളുകള്‍ ഈ സീസണില്‍ സ്വന്തമാക്കി കഴിഞ്ഞു. പോര്‍ചുഗീസ് ടീമിലെ സില്‍വ, ജോട്ട, ഫ്രാന്‍സിസ്‌കോ, റാമോസ്, ഫെലിക്‌സ്, നെറ്റോ, ലിയാവോ എന്നീ ഏഴ് താരങ്ങള്‍ ചേര്‍ന്ന് ആകെ ഈ സീസണില്‍ നേടിയത് 87 ഗോളുകളാണ്. അപ്പോഴാണ് റൊണാള്‍ഡോ തനിച്ച് 55 ഗോളുകള്‍ നേടിയിട്ടുള്ളത്. ഈ പ്രായത്തിലും അദ്ദേഹം എത്രത്തോളം മികവിലാണ് ഉള്ളത് എന്നതിന്റെ തെളിവ് ഈ കണക്കുകള്‍ തന്നെയാണ്. അതിനാല്‍ യൂറോ കപിലും റൊണാള്‍ഡോ മിന്നുന്ന ഫോം തുടരുവാന്‍ തന്നെയാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.