Frenkie De Jong | നെതര്‍ലന്‍ഡ്‌സിന് വന്‍ തിരിച്ചടി; യൂറോയ്ക്ക് ഡച് ടീമിന്റെ ഫ്രെങ്കി ഡി യോങ് ഇല്ല
പകരം മാറ്റ്‌സണ്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
റൊണാള്‍ഡോ കോമാന്‍ പ്രഖ്യാപിച്ച യൂറോ സ്‌ക്വാഡില്‍ താരം ഇടം നേടിയിരുന്നു.
ഏപ്രിലില്‍ എല്‍ ക്ലാസികോയില്‍ കളിച്ച ശേഷം ഡി യോംഗ് ഇതുവരെ ഫുട്‌ബോള്‍ കളിച്ചിട്ടില്ല.
മ്യൂണിക്: (KasargodVartha) ഡച് ടീമിന് കനത്ത തിരിച്ചടി നല്‍കി ഫ്രെങ്കി ഡി യോങ്. 64 വര്‍ഷത്തെ പാരമ്പര്യമുള്ള യൂറോ കപില്‍ ബാഴ്‌സലോണയുടെ മധ്യനിര താരം ഫ്രെങ്കി ഡി യോങ് കളിക്കില്ല. ഡി യോംഗിന്റെ അഭാവം നെതര്‍ലന്‍ഡ്‌സ് ടീമിന് വലിയ ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. പകരം മാറ്റ്‌സണ്‍ ഡച് ടീമില്‍ എത്തുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
താരം യൂറോയില്‍ പരുക്കുമൂലം കളിക്കില്ലെന്ന് നെതര്‍ലന്‍ഡ്‌സ് ടീം മാനേജ്‌മെന്റ് അറിയിച്ചു. റൊണാള്‍ഡോ കോമാന്‍ പ്രഖ്യാപിച്ച യൂറോ സ്‌ക്വാഡില്‍ ഡി യോങ് ഇടം നേടിയിരുന്നു. അന്ന് താരം യൂറോ കപ് ആരംഭിക്കും മുമ്പ് ഫിറ്റ്‌നസ് വീണ്ടെടുക്കുമെന്ന പ്രതീക്ഷയില്‍ ആയിരുന്നു. എന്നാല്‍ ആ പ്രതീക്ഷയാണ് ഇപ്പോള്‍ അസ്തമിച്ചത്.
ഏപ്രിലില്‍ എല്‍ ക്ലാസികോയില്‍ കളിച്ചശേഷം ഡി യോംഗ് ഇതുവരെ ഫുട്‌ബോള്‍ കളിച്ചിട്ടില്ല. ഡി ജോങ് ജര്‍മനിയിലേക്ക് പോകില്ലെന്നും തുടര്‍ ചികിത്സയ്ക്കായി ബാഴ്‌സലോണയിലേക്ക് മടങ്ങുമെന്നും നെതര്‍ലന്‍ഡ്‌സ് സ്ഥിരീകരിച്ചിട്ടുണ്ട്.
അസേമയം, യുവേഫ യൂറോകപ് ഫുട്‌ബോളിന്റെ 17-ാം പതിപ്പിന് രണ്ട് ദിവസങ്ങള്‍ മാത്രമാണ് ബാക്കി. ജൂണ്‍ 14ന് ജര്‍മനിയില്‍ യൂറോ കപിന് വിസില്‍ മുഴങ്ങും. ഒരു മാസത്തിനുശേഷം ജൂലൈ 14ന് യൂറോപിലെ വമ്പന്‍ അന്താരാഷ്ട്ര ഫുട്‌ബോള്‍ ഫൈനല്‍ നടക്കുക. 18 വര്‍ഷം മുമ്പ് 2006 ഫിഫ ലോകകപ് ഫൈനലിന് ആതിഥേയത്വം വഹിച്ച ജര്‍മന്‍ തലസ്ഥാനമായ ബെര്‍ലിനിലെ ഒളിംപിയാസ്റ്റേഡിയത്തിലായിരിക്കും ആ കലാശക്കൊട്ട് അരങ്ങറുക.
ബെര്‍ലിന്‍, മ്യൂണിക്, ഡോര്‍ട്മുണ്ട്, സ്റ്റട്ഗാര്‍ട്, ഗെല്‍സെന്‍കിര്‍ചെന്‍, ഫ്രാങ്ക്ഫര്‍ട്, ഹാംബര്‍ഗ്, ഡുസെല്‍ഡോര്‍ഫ്, കൊളോഗ്നെ, ലെയ്സിഗ് എന്നിങ്ങനെ ജര്‍മനിയിലെ 10 നഗരങ്ങളിലെ പ്രസിദ്ധമായ സ്റ്റേഡിയങ്ങളിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഓരോ സ്റ്റേഡിയത്തിലും കുറഞ്ഞത് നാല് മത്സരങ്ങളെങ്കിലും നടക്കും.
ജര്‍മന്‍ ഫുട്‌ബോള്‍ ക്ലബ്ലായ ബയേണ്‍ മ്യൂണികിന്റെ അലയന്‍സ് അരീന സ്റ്റേഡിയത്തിലാണ് ജൂണ്‍ 14-ന് യൂറോ കപ് ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരം നടക്കുക. ഇവിടെ ആദ്യ കളിയില്‍ ആതിഥേയരായ ജര്‍മനി സ്‌കോട്ലന്റിനെ നേരിടും. ആകെ 51 മത്സരങ്ങളാണ് യൂറോ കപിലുള്ളത്. ജൂണ്‍ 14 മുതല്‍ ജൂലൈ 14 വരെ ഒരു മാസം നീണ്ട് നില്‍ക്കുന്നതാണ് യൂറോപിന്റെ ലോകകപ് എന്നറിയപ്പെടുന്ന യുവേഫ യൂറോ കപ്.