Kasaragod | അസ്ഹറുദ്ദീൻ്റെ മാന്ത്രിക ബാറ്റിംഗ് ഇന്ത്യൻ ടീമിലേക്ക് വഴി തുറക്കുമോ? ആവേശത്തിൽ ജന്മനാട്

● ഗുജറാത്തിനെതിരെ പുറത്താകാതെ 177 റൺസ് നേടി
● രഞ്ജി സെമിഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരം.
● തളങ്കര ടാസ് ക്ലബിൽ നിന്ന് ഉയർന്ന പ്രതിഭ.
കാസർകോട്: (KasargodVartha) രഞ്ജി ട്രോഫി ക്രികറ്റ് സെമിഫൈനലിൽ മുഹമ്മദ് അസ്ഹറുദ്ദീന്റെ മാസ്മരിക പ്രകടനത്തിന്റെ ആവേശത്തിലാണ് കാസർകോട്. ജന്മനാടായ തളങ്കരയിലും ആഹ്ലാദം അലതല്ലി. ഗുജറാത്തിനെതിരായ മത്സരത്തിൽ പുറത്താകാതെ 177 റൺസ് നേടി തകർപ്പൻ പ്രകടനം കാഴ്ചവെച്ച് കേരളത്തിന് പുതിയ പ്രതീക്ഷകൾ നൽകിയിരിക്കുകയാണ് ഈ യുവതാരം. മനോഹരമായ ഇന്നിംഗ്സിലൂടെ രഞ്ജി ട്രോഫി സെമിഫൈനലിൽ സെഞ്ച്വറി നേടുന്ന ആദ്യ കേരള താരമെന്ന ചരിത്ര നേട്ടവും അസ്ഹറുദ്ദീൻ സ്വന്തമാക്കി.
തളങ്കരയിലെ അസ്ഹറുദ്ദീന്റെ വീട്ടിലും, താരം കളിച്ചുവളർന്ന തളങ്കര ടാസ് ക്ലബിലും അസ്ഹറുദ്ദീൻ്റെ പ്രകടനം കാണാൻ ആളുകൾ ഒത്തുകൂടിയിരുന്നു. ഓരോ റൺസിനും കൈയടികളും പ്രോത്സാഹനവുമായി അവർ അസ്ഹറുദ്ദീന് പിന്തുണ നൽകി. അസ്ഹറുദ്ദീൻ്റെ ഈ മാസ്മരിക പ്രകടനം ഇന്ത്യൻ ടീമിലേക്കുള്ള വാതിൽ തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് കാസർകോട്ടുകാർ. ഇപ്പോഴത്തെ ഫോം തുടരുകയാണെങ്കിൽ അധികം വൈകാതെ തന്നെ അസ്ഹറുദ്ദീനെ ഇന്ത്യൻ ടീമിൽ പ്രതീക്ഷിക്കാമെന്ന് കരുതുന്നവരുണ്ട്.
അസ്ഹറുദ്ദീൻ്റെ കഠിനാധ്വാനവും പ്രതിഭയും തന്നെയാണ് ഈ വിജയത്തിന് പിന്നിലെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. ഇനിയും നിരവധി അവസരങ്ങൾ താരത്തെ തേടിയെത്തുമെന്നും, കൂടുതൽ മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുമെന്നും അവർ വിശ്വസിക്കുന്നു. ഈ സീസണിൽ തകർപ്പൻ ഫോമിലുള്ള അസ്ഹറുദ്ദീൻ ജമ്മു-കശ്മീർ, ബംഗാൾ, ഹരിയാണ, മധ്യപ്രദേശ് എന്നീ ടീമുകൾക്കെതിരേ അർധസെഞ്ചുറിനേടി. ഇതിനോടകം 500 ലേറെ റൺസ് സീസണിൽ അടിച്ചുകഴിഞ്ഞു.
തളങ്കരയിലെ ബി കെ മൊയ്തു - നഫീസ ദമ്പതികളുടെ എട്ടുമക്കളിൽ ഇളയവനാണ് അസ്ഹറുദ്ദീൻ. പത്താം വയസ്സിൽ തളങ്കര ടാസ് ക്ലബിൽ ക്രിക്കറ്റ് കളിക്കാൻ തുടങ്ങിയ അസ്ഹറുദ്ദീൻ പതിനൊന്നാം വയസിൽ തന്നെ ജില്ലാ ടീമിൽ കളിച്ചു. പിന്നീട് ജില്ലാ ടീമിൻ്റെ ക്യാപ്റ്റനായി. 15 വയസിന് താഴെയുള്ളവരുടെ ടീമിൻ്റെയും ക്യാപ്റ്റനായിരുന്നു അസ്ഹറുദ്ദീൻ. കേരള ക്രികറ്റ് അസോസിയേഷൻ്റെ അക്കാദമിയിൽ പരിശീലനം നേടിയ ശേഷം അണ്ടർ 19 കേരള ടീമിൽ കളിച്ചു.
തുടർന്ന് അണ്ടർ 23 ടീമിലേക്കും പിന്നീട് സീനിയർ ടീമിലേക്കും തിരഞ്ഞെടുക്കപ്പെട്ടു. 2015-16 സീസണിലാണ് രഞ്ജി ട്രോഫിയിൽ ആദ്യമായി കളിക്കുന്നത്. അതിനുശേഷം ടീമിലെ പ്രധാന കളിക്കാരനായി. 2021ൽ മുംബൈക്കെതിരെ 37 പന്തിൽ സെഞ്ചുറി നേടി ട്വൻ്റി -20 മത്സരങ്ങളിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ കളിക്കാരനായി മാറി. മുഷ്‌താഖ് അലി ട്രോഫിയിൽ സെഞ്ചുറി നേടുന്ന ആദ്യ കേരള താരം എന്ന റെക്കോർഡും അസ്ഹറുദ്ദീന് സ്വന്തമാണ്.
മികച്ച പ്രകടങ്ങൾ ഐപിഎല്ലിലേക്കും വഴി തുറന്നു. റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂർ ടീം അംഗമാണ്. അസ്ഹറുദ്ദിൻ്റെ ക്രിക്കറ്റിലെ വളർച്ചയ്ക്ക് ഓരോ ഘട്ടത്തിലും സാക്ഷ്യം വഹിക്കുകയായിരുന്നു ഒരു നാട് മുഴുവൻ. അദ്ദേഹം ഇനിയും ഒരുപാട് പടവുകൾ കയറുമെന്ന പ്രതീക്ഷയിൽ തന്നെയാണ് കാസർകോട്ടുകാർ.
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.
Azharuddeen’s remarkable performance in the Ranji Trophy has created excitement in his hometown, raising hopes for a spot in the Indian team.
#Azharuddeen, #RanjiTrophy, #Kasaragod, #Cricket, #IndianCricket, #KeralaSports