Cricket | ലങ്ക വീര്യം വീണ്ടെടുക്കുമ്പോൾ; തിരിച്ചുവരുന്നുവോ ശ്രീലങ്കൻ ക്രിക്കറ്റ്?
മൂസ ബാസിത്ത്
(KasargodVartha) 27 വർഷത്തെ നീണ്ട കാത്തിരിപ്പിന് ശേഷം, ശ്രീലങ്ക ഇന്ത്യക്കെതിരെ ഏകദിന പരമ്പര സ്വന്തമാക്കിയത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. പ്രേമദാസ സ്റ്റേഡിയത്തിൽ ആ ചരിത്ര മുഹൂർത്തതിന് ക്രിക്കറ്റ് ലോകം സാക്ഷിയാവുമ്പോൾ ഹെഡ് കോച്ച് റോളിൽ ലങ്കൻ അട്ടിമറിയുടെ സൂത്രധാരൻ സാക്ഷാൽ സനത് ജയസൂര്യയുമുണ്ടായിരുന്നു. സീരിയസിൽ പലപ്പോഴും കമന്ററി ബോക്സിൽ ജയസൂര്യയുടെ പഴയ ഇന്നിങ്സുകളെ കുറിച്ച് ചർച്ചകൾ കേൾക്കാമായിരുന്നു,
ടി20 യുഗത്തിന് മുമ്പേ, ആദ്യ ഓവറുകളിൽ ബൗളർമാരെ വട്ടം കറക്കുന്ന ജയസൂര്യയുടെ ബാറ്റിംഗ് ശൈലി ക്രിക്കറ്റ് ആരാധകരുടെ പ്രിയങ്കരമായിരുന്നു. അത്തരമൊരു മഹാരഥനെ ശ്രീലങ്കയുടെ കോച്ചായി നിയമിച്ചപ്പോൾ ലങ്കൻ ആരാധകർക്ക് അനുഭവിച്ച സന്തോഷം വാക്കുകളിൽ വിവരിക്കാനാവാത്തതായിരുന്നു. എന്നാൽ, ഇന്ത്യക്കെതിരായ ടി20 പരമ്പരയിൽ രോഹിത് ശർമയും വിരാട് കോഹ്ലിയുമില്ലാത്ത ഇന്ത്യൻ ടീമിനോട് ശ്രീലങ്ക പരാജയപ്പെട്ടപ്പോൾ ജയസൂര്യയും ട്രോളിന് ഇരയായി.
രണ്ട് മഹാരഥന്മാർ തിരിച്ചെത്തിയപ്പോൾ ഏകദിന പരമ്പര ഇന്ത്യ തൂത്തുവാരുമെന്നായിരുന്നു പലരുടെയും പ്രവചനം. എന്നാൽ, സംഭവിച്ചത് നേരെ മറിച്ചായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിൽ ആദ്യ മത്സരത്തിൽ വിജയം ഉറപ്പിച്ച നേരത്ത് ഇന്ത്യ മത്സരം കൈവിട്ട് സമനിലയിലായി. തുടർന്നുള്ള രണ്ട് മത്സരങ്ങളിൽ ശ്രീലങ്ക ഇന്ത്യയെ 2-0ന് പരാജയപ്പെടുത്തി ചരിത്രം രചിച്ചു.
ഒരു ടീമും 250 റൺസ് പോലും കടക്കാത്ത മത്സരങ്ങളിൽ സ്പിന്നർമാർ വിളയാടി. രോഹിത് ഒഴികെയുള്ള ബാറ്റ്‌സ്മാന്മാർക്ക് സ്ഥിരത പുലർത്താനായില്ല. വെല്ലാലഗെയയും വാണ്ടര്‍സെയും മറ്റു സ്പിന്നർമാരും ഒരുക്കിയ സ്പിൻ കെണിയിൽ ഇന്ത്യൻ ബാറ്റ്‌സ്‍മാൻമാർ കൂടാരം കയറി. ക്യാപ്റ്റൻ അസലങ്ക, നിസങ്ക, അവിഷ്കാ ഫെർണാണ്ടോ, മെൻഡീസ് തുടങ്ങിയ താരങ്ങൾ മികച്ച പ്രകടനം കാഴ്ച വെച്ചപ്പോൾ ലങ്ക ചരിത്രം കുറിച്ചു ,
ഒരു ചെറിയ ദ്വീപിൽ നിന്നുള്ള വലിയ സ്വപ്നം
ഇന്ത്യൻ മഹാസമുദ്രത്തിൽ തിളങ്ങുന്ന ഒരു ചെറിയ ദ്വീപാണ് ശ്രീലങ്ക. എന്നാൽ ക്രിക്കറ്റ് ലോകത്ത് അവർ അടയാളപ്പെടുത്തിയിരിക്കുന്നത് ഒരു വലിയ സാന്നിധ്യമായിട്ടാണ്. ബ്രിട്ടീഷ് കോളനി വാഴ്ചയിൽ ശ്രീലങ്കയിൽ ക്രിക്കറ്റ് അവതരിപ്പിക്കപ്പെട്ടു. തുടക്കത്തിൽ ഇത് ഒരു ഉന്നതവർഗത്തിന്റെ കളിയായിരുന്നു. എന്നാൽ കാലക്രമേണ ക്രിക്കറ്റ് ശ്രീലങ്കയുടെ ജീവനിലേക്ക് ഇഴുകിച്ചേർന്നു. 1975-ൽ ക്രിക്കറ്റ് ലോകകപ്പ് ടൂർണമെന്റിൽ അരങ്ങേറ്റം കുറിച്ച ശ്രീലങ്കൻ ടീം ആദ്യം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചില്ല. എന്നാൽ അവർ ക്രമേണ മെച്ചപ്പെട്ടു, തങ്ങളുടെ കഴിവുകൾ തെളിയിച്ചു.
1996-ലെ ക്രിക്കറ്റ് ലോകകപ്പ് ശ്രീലങ്കയ്ക്ക് ഒരു വഴിത്തിരിവായിരുന്നു. അർജുന രണതുംഗയുടെ നേതൃത്വത്തിൽ ശ്രീലങ്ക ആദ്യമായി ലോകകപ്പ് കിരീടം ഉയർത്തി. ഈ വിജയം ശ്രീലങ്കൻ ക്രിക്കറ്റിന് ഒരു പുതിയ അധ്യായം തുറന്നു. തുടർന്ന് അവർ ഏകദിന ക്രിക്കറ്റിലും ടെസ്റ്റ് ക്രിക്കറ്റിലും മികച്ച പ്രകടനം കാഴ്ചവച്ചു. മുത്തയ്യ മുരളീധരൻ, സനത് ജയസൂര്യ, മഹേല ജയവർധന എന്നിവരെ പോലുള്ള ലോകോത്തര താരങ്ങളുടെ ഉദയം ശ്രീലങ്കയെ ക്രിക്കറ്റ് ലോകത്ത് ഒരു ശക്തിയാക്കി മാറ്റി.
എന്നാൽ സമീപകാലത്ത് ശ്രീലങ്കൻ ക്രിക്കറ്റ് നിരവധി പ്രതിസന്ധികൾ നേരിടുന്നുണ്ട്. ശ്രീലങ്കയിലെ രാഷ്ട്രീയ പ്രതിസന്ധി, കോവിഡ്-19 മഹാമാരി എന്നിവ ക്രിക്കറ്റ് ബോർഡിനെ ബാധിച്ചു. എന്നാൽ ശ്രീലങ്കൻ ക്രിക്കറ്റ് ആരാധകർക്ക് അവരുടെ ടീമിൽ ഇപ്പോഴും വലിയ പ്രതീക്ഷയുണ്ട്. ഒരു കാലത്ത് മേജർ ടൂർണമെന്റുകളിൽ വമ്പൻ ടീമുകളുടെ ലിസ്റ്റിൽ ഇടം നേടിയ ലങ്ക ജയസൂര്യയുടെ കീഴിൽ പഴയ പ്രതാപം വീണ്ടെടുക്കുമോ എന്ന് കണ്ടറിയാം. ഇന്ത്യ പോലെ ശക്തരായ ഒരു ടീമിനെതിരെ നേടിയ ഈ വിജയം ലങ്കൻ ടീമിന് നൽകുന്ന ആത്മവിശ്വാസം അളവറ്റതാണ്.
#SriLankaCricket #INDvSL #CricketTwitter #Jayasuriya #ODIseries #AsiaCup