Retirement | കോഹ്ലിക്കും രോഹിതിനും പിന്നാലെ രവീന്ദ്ര ജഡേജയും അന്താരാഷ്ട്ര ടി20യിൽ നിന്ന് വിരമിച്ചു
ന്യൂഡെൽഹി: (KVARTHA) വിരാട് കോഹ്ലിക്കും രോഹിത് ശർമ്മയ്ക്കും പിന്നാലെ ഇന്ത്യൻ ടീമിൻ്റെ സ്റ്റാർ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയും അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെയാണ് താരം ഈ വിവരം അറിയിച്ചത്. ശനിയാഴ്ച ബാർബഡോസിൽ ദക്ഷിണാഫ്രിക്കയെ ഏഴ് റൺസിന് പരാജയപ്പെടുത്തി ഇന്ത്യ ട്വന്റി20 ലോകകപ്പ് കിരീടം നേടിയതിന് പിന്നാലെയാണ് പ്രഖ്യാപനം.
പൂർണഹൃദയത്തോടെ ഞാൻ അന്താരാഷ്ട്ര ട്വന്റി20 മത്സരങ്ങളോട് വിടപറയുന്നു. ടി20 ലോകകപ്പ് ഒരു സ്വപ്ന സാക്ഷാത്കാരമായിരുന്നു. അചഞ്ചലമായ പിന്തുണയ്ക്കും നന്ദിപറയുന്നതായും താരം കുറിച്ചു. അമേരിക്കയും വെസ്റ്റ് ഇൻഡീസും ആതിഥേയത്വം വഹിച്ച ടി20 ലോകകപ്പിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാൻ രവീന്ദ്ര ജഡേജയ്ക്ക് കഴിഞ്ഞിരുന്നില്ല. പന്ത് കൊണ്ടും ബാറ്റുകൊണ്ടും മികച്ച പ്രകടനം കാഴ്ചവെക്കുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. നിലവിലെ ടൂർണമെൻ്റിൽ എട്ട് മത്സരങ്ങൾ കളിച്ച താരം 35 റൺസ് മാത്രമാണ് നേടിയത്. ഒരു വിക്കറ്റ് മാത്രമാണ് ലഭിച്ചത്.
എന്നിരുന്നാലും കഴിഞ്ഞ കാലങ്ങളിൽ ലോക ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യൻ ടീമിൻ്റെ അഭിവാജ്യ ഘടകമായിരുന്നു രവീന്ദ്ര ജഡേജ. എക്കാലത്തെയും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളായി അറിയപ്പെടുന്ന ജഡേജ, 36-ാം വയസിലാണ് ഇപ്പോൾ ടി20യിൽ നിന്ന് പടിയിറങ്ങുന്നത്. 2009ലാണ് രവീന്ദ്ര ജഡേജ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചത്. ട്വന്റി20യിൽ 74 മത്സരങ്ങൾ കളിച്ചു. ഇവയിൽ 127.16 സ്‌ട്രൈക്ക് റേറ്റിൽ 515 റൺസും 54 വിക്കറ്റും നേടി.