കോട്ടപ്പുറം അച്ചാംതുരുത്തിയിൽ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം പൂർത്തിയാക്കാനായില്ല; മറ്റൊരു ദിവസത്തേക്ക് മാറ്റി
● വിനോദസഞ്ചാര വകുപ്പിൻ്റെ നേതൃത്വത്തിലായിരുന്നു വള്ളംകളി.
● മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു.
● ലോകരാജ്യങ്ങളിൽ പ്രചാരണാർഥം മൈക്രോ സൈറ്റ് പുറത്തിറക്കി.
● എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായി, രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു.
● മത്സരാർഥികൾ തമ്മിലുണ്ടായ തർക്കത്തെത്തുടർന്നാണ് മത്സരം പൂർത്തിയാക്കാനാവാതെ വന്നത്.
നീലേശ്വരം: (KasargodVartha) ജലോത്സവ പ്രേമികളായ വൻ ജനക്കൂട്ടം തേജസ്വിനിയുടെ തീരത്ത് കോട്ടപ്പുറം - അച്ചാംതുരുത്തിയിലെത്തിയിട്ടും സാങ്കേതിക പ്രശ്നങ്ങളാൽ പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗ് വള്ളംകളി മത്സരം പൂർണമായും മറ്റൊരു ദിവസത്തേക്ക് മാറ്റി. ഹീറ്റ്‌സ് മത്സരങ്ങൾക്കിടയിലെ സാങ്കേതിക പ്രശ്നങ്ങൾ കാരണമാണ് മത്സരം മാറ്റിയതെന്ന് അധികൃതർ അറിയിച്ചു.

വിനോദസഞ്ചാര വകുപ്പിന്റെ നേതൃത്വത്തിൽ നീലേശ്വരം കോട്ടപ്പുറം അച്ചാംതുരുത്തി തേജസ്വിനി പുഴയിലെ ഓളങ്ങളെയും, കരയിലെ ജലോത്സവ പ്രേമികളെയും ആവേശ തിരയിലാറാടിച്ച വള്ളംകളി മത്സരം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി ഉദ്ഘാടനം ചെയ്തു.

ലോകരാജ്യങ്ങളിൽ ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ പ്രചാരണാർഥം വിനോദസഞ്ചാര വകുപ്പ് മൈക്രോ സൈറ്റ് പുറത്തിറക്കിയിട്ടുണ്ടെന്നും ഇതിലൂടെ വള്ളംകളിയുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും ജനങ്ങൾക്ക് ലഭിക്കുമെന്നും മന്ത്രി പറഞ്ഞു.

എം രാജഗോപാലൻ എംഎൽഎ അധ്യക്ഷനായ ചടങ്ങിൽ രാജ്മോഹൻ ഉണ്ണിത്താൻ എംപി ഫ്ലാഗ് ഓഫ് ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി ബേബി, കലക്ടർ കെ ഇമ്പശേഖർ, നീലേശ്വരം നഗരസഭാ ചെയർപേഴ്സൺ ടിവി ശാന്ത, വൈസ് ചെയർമാൻ പി പി മുഹമ്മദ് റാഫി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാധവൻ മണിയറ, ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, ജില്ലാ പഞ്ചായത്ത് അംഗം സി ജെ സജിത്ത്, ടൂറിസം വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ എ നസീബ്, ഡിടിപിസി സെക്രട്ടറി ജെ കെ ജിജേഷ് കുമാർ തുടങ്ങിയവർ പങ്കെടുത്തു.

മത്സരാർഥികൾ തമ്മിലുണ്ടായ തർക്കത്തെതുടർന്നാണ് മത്സരം പൂർത്തിയാക്കാനാവാത്ത സാഹചര്യം ഉടലെടുത്തത്. ചർച്ചകൾക്കൊടുവിൽ ചാമ്പ്യൻസിനെ കണ്ടെത്താൻ വീണ്ടും മത്സരം സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.
ഈ വാർത്തയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Nileshwaram Champions Boat League postponed due to technical issues and dispute.
#ChampionsBoatLeague #Nileshwaram #BoatRace #KeralaTourism #TejaswiniRiver #Postponed






