പടന്നയിൽ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രകോപനപരമായ ചിത്രം പങ്കുവെച്ചതായി പരാതി; സൈബർ സെല്ലും പോലീസും അന്വേഷണം ആരംഭിച്ചു
● അന്തരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ആർഎസ്എസ് യൂണിഫോമിൽ ചിത്രീകരിച്ചതായാണ് പരാതി.
● പി.വി സുഹൈർ സൈബർ സെല്ലിന് നൽകിയ പരാതിയിൽ അന്വേഷണം ആരംഭിച്ചു.
● കുറിപ്പ് അയക്കുന്നതിൽ വന്ന പിഴവാണെന്നും പിന്നീട് ഡിലീറ്റ് ചെയ്തെന്നും ചിത്രം പങ്കുവെച്ച മുഹമ്മദ് കുഞ്ഞി.
● മതസൗഹാർദ്ദം തകർക്കുന്ന നടപടികൾക്കെതിരെ സൈബർ സെൽ സിഐ മുഹമ്മദ് ഖാൻ മുന്നറിയിപ്പ് നൽകി.
കാസർകോട്: (KasargodVartha) 'പടന്ന നാട്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രകോപനപരവും വിവാദപരവുമായ ചിത്രം പങ്കുവെച്ച സംഭവത്തിൽ സൈബർ സെല്ലിൽ പരാതി നൽകി. പടന്ന സ്വദേശിയായ പി.വി സുഹൈർ ആണ് പരാതി നൽകിയത്.
എഡിറ്റ് ചെയ്ത ചിത്രം
2026 ഏപ്രിൽ 27 തിങ്കളാഴ്ച രാത്രി 11.55-ഓടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗ്രൂപ്പിൽ മുഹമ്മദ് കുഞ്ഞി എന്ന വ്യക്തി മുസ്ലീം ലീഗ് നേതാവായിരുന്ന അന്തരിച്ച സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ ആർഎസ്എസ് യൂണിഫോമിൽ ചിത്രീകരിച്ച എഡിറ്റ് ചെയ്ത ചിത്രം പങ്കുവെച്ചതായാണ് പരാതിയിൽ പറയുന്നത്. ഇത്തരം ഉള്ളടക്കം പൊതുഗ്രൂപ്പുകളിൽ പ്രചരിപ്പിക്കുന്നത് സമൂഹത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാനും അദ്ദേഹത്തെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കാനും മതസൗഹൃദം തകർക്കാനും ഇടയാക്കുമെന്ന് പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിന്റെ ഉറവിടം, യഥാർത്ഥത, ഉദ്ദേശ്യം എന്നിവ പരിശോധിച്ച് നിയമപരമായ നടപടികൾ സ്വീകരിക്കണമെന്നാണ് പരാതിക്കാരൻ ആവശ്യപ്പെട്ടിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട സ്ക്രീൻഷോട്ടുകൾ ഉൾപ്പെടെയുള്ള തെളിവുകൾ നൽകാൻ തയ്യാറാണെന്നും ഇദ്ദേഹം അറിയിച്ചു.
വിശദീകരണവുമായി ആരോപണവിധേയൻ
ഇതേ ഗ്രൂപ്പിൽ ഒരു അംഗം പങ്കുവെച്ച പോസ്റ്റിന് മറുപടിയായാണ് ചിത്രം ഇട്ടതെന്നും ആർക്കും ആരെക്കുറിച്ചും ഇത്തരം ചിത്രങ്ങൾ ഉണ്ടാക്കാമെന്ന സദുദ്ദേശത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തതെന്നുമാണ് കുറ്റാരോപിതനായ മുഹമ്മദ് കുഞ്ഞി വിശദീകരിക്കുന്നത്. എന്നാൽ ഇതേക്കുറിച്ചുള്ള ടൈപ്പ് ചെയ്ത വാക്കുകൾ സെൻഡ് ആകാതെ ഡ്രാഫ്റ്റിൽ തന്നെ കിടന്നത് രാത്രി വൈകി ബന്ധുക്കൾ പറഞ്ഞപ്പോഴാണ് ശ്രദ്ധയിൽപ്പെട്ടതെന്നും ഉടൻ തന്നെ പോസ്റ്റ് ഡിലീറ്റ് ചെയ്തെന്നും അദ്ദേഹം വ്യക്തമാക്കി. അന്തരിച്ച നേതാവിനെ മോശമായി ചിത്രീകരിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
പോലീസ് അന്വേഷണം
താൻ വാട്സ്ആപ്പ് ക്ലിയർ ചാറ്റ് അടിച്ചതുകൊണ്ട് സംഭവം ശ്രദ്ധയിൽപ്പെട്ടിരുന്നില്ലെന്നും ആരാധ്യനായ നേതാവിനെ മോശമായി ചിത്രീകരിച്ചത് ശരിയായില്ലെന്നും ഗ്രൂപ്പിന്റെ അഡ്മിൻ മുഹമ്മദ് ഷെരീഫും പ്രതികരിച്ചു. നാട്ടിൽ സമാധാന അന്തരീക്ഷം കലുഷിതമാക്കാനേ ഇത്തരം പോസ്റ്റുകൾ ഉപകരിക്കൂവെന്ന് പ്രദേശവാസികളും പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിച്ചുവരികയാണെന്ന് സൈബർ സെൽ സിഐ മുഹമ്മദ് ഖാൻ വ്യക്തമാക്കി. ഇതേക്കുറിച്ച് ചന്തേര പോലീസും അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനലും ഫേസ്ബുക്ക് പേജും ഫോളോ ചെയ്യുക. വാർത്ത സുഹൃത്തുകൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങൾ ഞങ്ങളുടെ ഫേസ്ബുക്ക് പേജിൽ ഈ വാർത്തയുടെ പോസ്റ്റിന് താഴെ കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: A complaint has been filed with the Cyber Cell against a man named Muhammad Kunhi for allegedly sharing a provocative, morphed image of late Muslim League leader Sayyid Muhammadali Shihab Thangal in an RSS uniform in a local WhatsApp group called 'Padanna Naadu'. The accused claimed it was a mistake as the explanatory text intended to accompany the image was saved as a draft and not sent. He later deleted the post. The Cyber Cell and Chandera Police have launched an investigation into the incident.
#KasaragodNews #CyberCrime #WhatsAppGroupIssue #KeralaPolice #LocalNewsUpdate #PadannaNews #ChanderaPolice






