Hajj camp | ശാരീരിക അവശത അറിയാത്ത ഹജ്ജ് ക്യാമ്പ് അനുഭവവുമായി ഉമർ വിളക്കോട്
പത്ത് വർഷമായി ഹജ്ജ് ചെയ്യാൻ ഊഴം കാത്തിരിക്കുകയായിരുന്നു. അനുവാദം കിട്ടിയ വർഷം കോവിഡ് കൊണ്ടുപോയി, തൊട്ടടുത്ത വർഷം പ്രായപരിധി വിലക്ക് കാരണം ഈ 65കാരന്റെ സ്വപ്ന യാത്ര വീണ്ടും നീണ്ടു
മട്ടന്നൂർ: (KasaragodVartha) എല്ലാ അവശതയും മറക്കുന്ന സ്നേഹപ്പശിമ ചേർന്നതാണ് ഹജ്ജ് ക്യാമ്പിലെ പരിചരണ അനുഭവമെന്ന് 65 കാരനായ തീർത്ഥാടകൻ. അത്യാഹിതത്തിൽ പെട്ട് വലത് കൈമുട്ടിന് താഴെ മുറിച്ചു മാറ്റേണ്ടി വന്നതുൾപ്പെടെ കടുത്ത ആരോഗ്യ പ്രതിസന്ധികളെ തരണം ചെയ്ത ഉമർവിളക്കോട് ബുധനാഴ്ച രാവിലെ മക്കത്തേക്ക് പറന്നത് പ്രായത്തെ വെല്ലുന്ന യുവമനസോടെയാണ്. ലഹരി നിർമാർജന സമിതി സംസ്ഥാന ഉപാധ്യക്ഷനും ജില്ലാ പ്രസിഡൻറുമായ അദ്ദേഹം സാമൂഹിക പ്രവർത്തന രംഗത്ത് ശ്രദ്ധേയനെന്ന നിലയിൽ കണ്ണൂർ എമ്പാർക്കേഷൻ പോയിൻറിൽ എല്ലാവർക്കും സുപരിചിതനായിരുന്നു.
കുവൈത്തിലായിരിക്കെ നാട്ടിൽ തിരിച്ചു വരുന്നതിനിടയിലാണ് യാത്ര ചെയ്ത ബസ് കുന്താപുരത്ത് വെച്ച് ലോറിയുമായി കൂട്ടിയിടിച്ച് വലത്കൈക്ക് പരിക്കേറ്റത്. കൈമുട്ടിന് താഴെ മുറിച്ചുമാറ്റണമെന്നായിരുന്നു വൈദ്യശാസ്ത്ര വിധി. പത്ത് ഓപ്പറേഷനുകളാണ് മണിപ്പാലിൽ മൂന്ന് വർഷത്തെ ചികിത്സ കാലത്ത് നേരിടേണ്ടി വന്നത്. മനക്കരുത്ത് കൊണ്ട് മാത്രമായിരുന്നു ഈ പ്രതിസന്ധി താൻ തരണം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടം ആശ്വാസമായി കൂടെയുണ്ടായിരുന്നത് മറ്റെല്ലാ പ്രതിസന്ധികളെയും മറക്കാനുള്ള മരുന്നായി തീർന്നു.
പത്ത് വർഷമായി ഹജ്ജ് ചെയ്യാൻ ഊഴം കാത്തിരിക്കുകയായിരുന്നു. അനുവാദം കിട്ടിയ വർഷം കോവിഡ് കൊണ്ടുപോയി, തൊട്ടടുത്ത വർഷം പ്രായപരിധി വിലക്ക് കാരണം ഈ 65കാരന്റെ സ്വപ്ന യാത്ര വീണ്ടും നീണ്ടു. ഇത്തവണ കൂട്ടിന് ആരുമില്ലെങ്കിലും ഒറ്റക്ക് യാത്രക്കൊരുങ്ങി പുറപ്പെട്ടിരിക്കയാണ് ഉമർ. പൊതുപ്രവർത്തകനായതിനാൽ എല്ലാവർക്കും സുപരിചിതനാണ് എന്നത്കൊണ്ട് പുണ്യഭൂമിയിലും തനിക്ക് സഹായത്തിന് ആളെത്തുമെന്ന പ്രതീക്ഷയിലാണ് ഉമർ. കണ്ണൂർ ഹജ്ജ് ക്യാമ്പിലെത്തിയ ഉമർവിളക്കോടിന് ഇഹ്റാം വേഷം ധരിച്ച് എയർപോർട്ടിലേക്ക് യാത്രയാവുമ്പോൾ മാത്രമാണ് കൈബാഗ് കയ്യിലേന്തേണ്ടി വന്നത്. ക്യാമ്പിലുടനീളം തനിക്ക് ഊഷ്മളമായ പരിചരണവും സഹായവുമാണ് ലഭിച്ചതെന്ന് ഉമർ വിളക്കോട് പറഞ്ഞു.