ഉള്ളാൾ ഉറൂസ്: സമാപന സമ്മേളനം മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു; ശനിയാഴ്ച പതിനായിരങ്ങൾക്ക് അന്നദാനം

● കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ചു.
● 33 യുവ പണ്ഡിതർക്ക് സനദ് നൽകി.
● പ്രമുഖർ പ്രഭാഷണങ്ങൾ നടത്തി.
● സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
● പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ പങ്കെടുത്തു.
ഉള്ളാൾ: (KasargodVartha) ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഉള്ളാൾ മുഹമ്മദ് ശരീഫിൽ മദനി തങ്ങളുടെ ഉറൂസ് മുബാറക്കിന്റെ സമാപന സമ്മേളനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉദ്ഘാടനം ചെയ്തു. ഉള്ളാൾ സംയുക്ത ജമാഅത്ത് ഖാസിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു.
സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി. സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി മുഖ്യപ്രഭാഷണം നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി, കർണാടക സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ ദിനേശ് ഗുണ്ടുറാവു, സമീർ അഹമ്മദ്, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, യേനപ്പോയ അബ്ദുല്ലക്കുഞ്ഞി ഹാജി, എം.എൽ.എമാർ, മറ്റു ജനപ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
ഉള്ളാൾ ദർഗ പ്രസിഡന്റ് എൻ. ഹനീഫ ഹാജി സ്വാഗതവും ശിഹാബുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു. ശനിയാഴ്ച രാത്രിയോടെ ഉറൂസ് പരിപാടികൾ സമാപിക്കും. ഏപ്രിൽ 24-ന് ആരംഭിച്ച ഉറൂസ് മുബാറക്കിൽ വിവിധ ദിവസങ്ങളിലായി പ്രമുഖർ പ്രഭാഷണങ്ങൾ നടത്തി. കഴിഞ്ഞ ദിവസം നടന്ന സനദ് ദാന സമ്മേളനത്തിൽ 33 യുവ പണ്ഡിതർക്ക് കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ സനദ് നൽകി.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് എത്തിയ വിശ്വാസികളെക്കൊണ്ട് പരിസരം ജനനിബിഡമായിരുന്നു. വിവിധ പ്രദേശങ്ങളിൽ നിന്ന് ഭക്ഷണത്തിനുള്ള ആടുകളും മറ്റ് ഭക്ഷ്യവസ്തുക്കളുമായി ആളുകൾ എത്തിക്കൊണ്ടിരിക്കുന്നു. ശനിയാഴ്ച രാത്രിയോടെ അന്നദാനം ആരംഭിക്കും. പതിനായിരങ്ങൾക്ക് ഭക്ഷണം വിതരണം ചെയ്യും.
10,000 പേർക്ക് നമസ്കരിക്കാവുന്ന പള്ളി; ഉള്ളാൾ ഗ്രാൻഡ് മോസ്കിന് ശിലാസ്ഥാപനം സിദ്ധരാമയ്യയും കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും നിർവ്വഹിച്ചു
ദക്ഷിണേന്ത്യയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ ഉള്ളാൾ ദർഗ്ഗയുടെ പരിസരത്ത് നിർമ്മിക്കുന്ന സയ്യിദ് മദനി ഗ്രാൻഡ് മോസ്ക്വിന്റെ ശിലാസ്ഥാപനം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും, ഉള്ളാൾ സംയുക്ത ജമാഅത്ത് ഖാസിയും ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയുമായ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാരും ചേർന്ന് നിർവ്വഹിച്ചു. 90,000 സ്ക്വയർ ഫീറ്റ് വിസ്തീർണ്ണത്തിൽ, ഏകദേശം 35 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന ഈ പള്ളിയിൽ 10,000 പേർക്ക് ഒരേ സമയം നമസ്കരിക്കാൻ സൗകര്യമുണ്ടാകും.
സമസ്ത ഉപാധ്യക്ഷൻ സയ്യിദ് കെ.എസ്. ആറ്റക്കോയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി. കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീൽ അൽ ബുഖാരി, സയ്യിദ് മുനവ്വിറലി ശിഹാബ് തങ്ങൾ, സയ്യിദ് ഹാമിദ് ഇമ്പിച്ചിക്കോയ തങ്ങൾ അൽ ബുഖാരി, സയ്യിദ് മഷ്ഹൂദ് അൽ ബുഖാരി കുറ, കർണാടക സ്പീക്കർ യു.ടി. ഖാദർ, മന്ത്രിമാരായ ദിനേഷ് ഗുണ്ടുറാവു, റഹീം ഖാൻ, ഭൈരത്തി സുരേഷ്, കൃഷ്ണ ബൈരേ ഗൗഡ, എം.എൽ.എമാരായ നാസിർ അഹമ്മദ്, അശോക് റായി, ഐവൻ ഡിസൂസ, എ.കെ.എം. അഷ്റഫ്, മുൻ കേന്ദ്രമന്ത്രി സി.എം. ഇബ്രാഹിം, രാമനാഥ് റായ്, വിനയകുമാർ സ്വദക്കെ, ഏനപ്പോയ അബ്ദുല്ല കുഞ്ഞി ഹാജി, ഡോ. യു.ടി. ഇഫ്തിക്കാർ, ഷാഫി സഅദി ബാംഗ്ലൂർ, ഉബൈദുള്ള, ഇനായത്ത് അലി, നാസർ ലക്കി സ്റ്റാർ, ഷാഹുൽ ഹമീദ് കെ.കെ. തുടങ്ങിയ പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തു. ദർഗ്ഗ പ്രസിഡന്റ് ഹനീഫ് ഹാജി സ്വാഗതവും, ജനറൽ സെക്രട്ടറി ശിഹാബുദ്ദീൻ സഖാഫി നന്ദിയും പറഞ്ഞു. ഉറൂസ് പരിപാടികൾ അന്നദാനത്തോടെ ഇന്ന് (ഞായറാഴ്ച) സമാപിക്കും.
UPDATED
ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. കൂടുതൽ ആളുകളിലേക്ക് എത്തിക്കാൻ ഷെയർ ചെയ്യൂ.
Article Summary: The Ullal Uroos, a major pilgrimage in South India, concluded with a mass feast and a speech by Chief Minister Siddaramaiah. Thousands attended the event, where religious leaders gave speeches and young scholars received certificates.
#UllalUroos, #Siddaramaiah, #Karnataka, #ReligiousEvent, #MassFeast, #Pilgrimage