ശബരിമലക്ക് പിന്നാലെ കാസർകോട് തൃക്കണ്ണാട് ക്ഷേത്രത്തിൽ നിന്നും സ്വർണ്ണം നഷ്ടപ്പെട്ടതായി ആരോപണം, അന്വേഷിക്കണമെന്ന് അഡ്വ.കെ ശ്രീകാന്ത്
● മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽനിന്ന് 14.670 ഗ്രാം സ്വർണ്ണമാണ് നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ട്.
● നഷ്ടത്തിന് ഉത്തരവാദിയായ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെയാണ് ആരോപണം.
● സ്വർണ്ണാഭരണം മോഷണം പോയ സംഭവത്തിൽ മലബാർ ദേവസ്വം ബോർഡ് യാതൊരു നടപടിയും എടുത്തിട്ടില്ലെന്ന് അഡ്വ. കെ. ശ്രീകാന്ത്.
● 10 വർഷത്തോളമായിട്ടും നഷ്ടപ്പെട്ട സ്വർണ്ണം തിരിച്ചേൽപ്പിച്ചിട്ടില്ലെന്ന് ശ്രീകാന്ത് ആരോപിച്ചു.
● മലബാർ ദേവസ്വം ബോർഡിന്റെ എല്ലാ ക്ഷേത്രങ്ങളിലെയും ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടണമെന്ന് ആവശ്യം.
കാസർകോട്: (KasargodVartha) ശബരിമലയിലെ സ്വർണ്ണ കവർച്ച വിവാദം കത്തി നിൽക്കുന്നതിനിടെ, കാസർകോട്ടെ പ്രധാന ക്ഷേത്രത്തിൽനിന്നും സ്വർണ്ണം കവർച്ച ചെയ്ത സംഭവം പുറത്തുവന്നു. മലബാർ ദേവസ്വം ബോർഡിന് കീഴിലെ പ്രധാന ക്ഷേത്രങ്ങളിലൊന്നായ ബേക്കൽ തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രത്തിൽ നിന്നാണ് 14.670 ഗ്രാം സ്വർണ്ണം നഷ്ടപ്പെട്ടതായി ഓഡിറ്റ് റിപ്പോർട്ടിൽ കണ്ടെത്തിയിരിക്കുന്നത്. ഇടതുപക്ഷ യൂണിയൻ നേതാവായ എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെയാണ് ആരോപണം ഉയർന്നിരിക്കുന്നത്.
തൃക്കണ്ണാട് ശ്രീ ത്രേയംബകേശ്വര ക്ഷേത്രത്തിൻ്റെ സ്വർണ്ണാഭരണം മോഷണം പോയ സംഭവത്തിൽ മലബാർ ദേവസ്വം ബോർഡിൻ്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് ബിജെപി മേഖലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സ്വർണ്ണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് വ്യക്തമാക്കുന്ന ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ട് കാലങ്ങളായെങ്കിലും യാതൊരു നടപടിയും ദേവസ്വം ബോർഡ് എടുത്തിട്ടില്ലെന്ന് അദ്ദേഹം ആരോപിച്ചു.
നഷ്ടപ്പെട്ട സ്വർണ്ണം പത്ത് വർഷത്തോളമായിട്ടും തിരിച്ചേൽപ്പിക്കാൻ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ദേവസ്വം ബോർഡ് ഒരു നടപടിയിലേക്കും കടന്നിട്ടില്ല. ഉത്തരവാദപ്പെട്ടവർക്കെതിരെ മുഖം നോക്കാതെ ശക്തമായിട്ടുള്ള നടപടി വേണമെന്നാണ് തങ്ങൾ ആവശ്യപ്പെടുന്നതെന്ന് ശ്രീകാന്ത് വ്യക്തമാക്കി. ഇപ്പോൾ പുറത്തുവന്നത് തൃക്കണ്ണാട് ക്ഷേത്രത്തിന്റെ മാത്രമാണ്. ഈ റിപ്പോർട്ട് പൂഴ്ത്തി വെച്ചിരിക്കുകയായിരുന്നു എന്നും സ്റ്റേറ്റ് ഓഡിറ്റ് വിഭാഗത്തിൻ്റെയും ദേവസ്വം വിങ്ങിന്റെയും ഓഡിറ്റ് റിപ്പോർട്ട് സമർപ്പിച്ചിട്ടും നടപടി എടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷ സംരക്ഷണമാണോ നടപടി വൈകാൻ കാരണം?
തൃക്കണ്ണാട് ക്ഷേത്രത്തിലെ സ്വർണ്ണ നഷ്ടത്തിന് ഉത്തരവാദികളായ ഉദ്യോഗസ്ഥർ ഇടതുപക്ഷ ആഭിമുഖ്യമുള്ളവർ ആയതുകൊണ്ടാണ് നടപടി എടുക്കാത്തതെന്നാണ് ശ്രീകാന്തിൻ്റെ പ്രധാന ആരോപണം. നഷ്ടപ്പെട്ടു എന്ന് പറയുന്ന കാലയളവിലെ എക്സിക്യൂട്ടീവ് ഓഫീസർ ഇടതുപക്ഷ യൂണിയന്റെ ഒരു നേതാവാണ്. ദേവസ്വം ബോർഡ് നടപടി എടുക്കാത്തത് ഈ 'കള്ളന്മാരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായിട്ടുള്ളതാണെന്നും' ശ്രീകാന്ത് കുറ്റപ്പെടുത്തി. ശബരിമല ചർച്ചകൾ വരുന്ന സമയത്താണ് ഈ വിഷയം പുറത്തുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എല്ലാ ക്ഷേത്രങ്ങളിലെയും ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടണം
മലബാർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളുടെയും സ്വർണ്ണാഭരണങ്ങളും അതുപോലെതന്നെ ഫണ്ട് സംബന്ധിച്ചുള്ള ഓഡിറ്റ് റിപ്പോർട്ട് പുറത്തുവിടാനും പരസ്യപ്പെടുത്താനും അധികൃതർ തയ്യാറാകണമെന്ന് ശ്രീകാന്ത് ആവശ്യപ്പെട്ടു. 'ഇത് ഭക്തജനങ്ങളുടെ അവകാശമാണ്'. ആ അവകാശം കാത്തു സൂക്ഷിക്കാനും അമ്പലങ്ങളിലെ ഭരണത്തിൽ സുതാര്യത വരുത്താനും ഈ 'കട്ട് കൊണ്ടുപോകുന്നത്' അവസാനിപ്പിക്കാനും ഓഡിറ്റ് റിപ്പോർട്ടുകൾ പ്രസിദ്ധപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേവസ്വം ബോർഡിന്റെ നടപടിയെക്കുറിച്ച് നിങ്ങൾക്കെന്താണ് പറയാനുള്ളത്? അഭിപ്രായം കമൻ്റ് ചെയ്യുക.
Article Summary: Gold theft controversy in Thrikkannad Temple, Kasaragod; 14.670 grams missing; Adv. K. Sreekanth demands probe against Left Union officer.
#SabrimalaGold #KasargodTemple #GoldTheft #MalabarDevaswom #KSreekanth #TempleCorruption






