Theyyam | പത്താമുദയം വന്നെത്തി; തെയ്യങ്ങൾ ഇനി ഉറഞ്ഞാടും
ചെറുവത്തൂർ: (www.kasargodvartha.com) വ്യാഴാഴ്ച തുലാം മാസത്തിലെ പത്താമുദയം പ്രത്യേക ചടങ്ങുകളോടെ നടക്കും. വടക്കേ മലബാറിൽ ഇനി തെയ്യാട്ടകാവുകളിൽ തെയ്യങ്ങൾ ഉറഞ്ഞാടും. തെയ്യം കലാകാരന്മാര്‍ വ്രതാനുഷ്ഠാനത്തോടെ തെയ്യച്ചമയങ്ങളൊരുക്കുന്ന തിരക്കിൽ മുഴുകും. ഗ്രാമീണ ജനതയുടെ ഉത്സവമാണ് പത്താമുദയം. കൃഷിയുടെ ഉത്സവം കൂടിയാണ് തെയ്യക്കാലം. കന്നുകാലികള്‍ മേയുന്ന മേച്ചില്‍പുറങ്ങളും കാലികളുടെ ആലയുമെല്ലാം വിളക്കും പലകയും വെച്ച് കര്‍ഷകര്‍ പൂജിക്കുന്ന ദിവസമാണിന്ന്.
കാലിച്ചാന്‍ കാവുകളില്‍ കാലിച്ചാനൂട്ടും നടക്കും. കാഞ്ഞിര മരത്തിന്റെ കീഴിലാണ് കാലിച്ചാന്‍ ദൈവത്തിന്റെ ആരൂഢം എന്നാണ് സങ്കൽപ്പം. മഴക്കാലം തെയ്യംകലാകാരന്മാരെ സംബന്ധിച്ച് വിശ്രമത്തിന്റെയും വറുതിയുടെയും കാലമായിരുന്നു. ഇനി വരുന്ന തെയ്യാട്ടക്കാലം അവര്‍ക്ക് കേവലം ഉപജീവനമാര്‍ഗം മാത്രമല്ല, കലയുടെയും ആത്മീയ അനുഷ്ഠാനത്തിന്റെയും ഭക്തിയുടെയും രാപ്പകലുകളാണ് സമാഗതമാകുന്നത്.
മുഖത്ത് തിളങ്ങുന്ന വര്‍ണം ചാലിച്ച് കുരുത്തോല കൊണ്ട് ഉടയാട ഒരുക്കി ചെണ്ടയും ചേങ്ങിലയും ശബ്ദ വിന്യാസം തീര്‍ത്ത് തീച്ചൂട്ടിന്റെ വെളിച്ചത്തില്‍ ദേവി - ദേവൻമാരും ഭഗവതിമാരും തെയ്യങ്ങളായി ഭക്തജനത്തിന് മുന്നിൽ ഉറഞ്ഞാടുമ്പോള്‍ അത് ഭക്തിയുടെയും ആവേശത്തിൻ്റെയും കാഴ്ചയൊരുക്കും. തെയ്യാട്ടക്കാലത്തെ വരവേല്‍ക്കാന്‍ അവസാന ഒരുക്കത്തിലാണ് തെയ്യാട്ടക്കാവുകള്‍.
പത്താമുദയത്തിന്റെ ഭാഗമായി ദേവീക്ഷേത്രങ്ങളിലും കാവുകളിലും തറവാടു ഭവനങ്ങളിലും പുത്തരി അടിയന്തിരവും പ്രസാദ വിതരണവും നടക്കും. ഉത്തര മലബാറിലെത്തുന്ന വിദേശികളടക്കമുള്ള വിനോദ സഞ്ചാരികൾക്ക് തെയ്യകാഴ്ചകൾ നൽകുന്ന ആനന്ദം പറഞ്ഞറിയിക്കാനാകാത്തതാണ്.