Complaint | മഞ്ചേശ്വരത്തെ ക്ഷേത്രത്തിലും സ്‌കൂളിലും വീടുകളിലുമടക്കം കവര്‍ച നടത്തിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും അന്വേഷണമില്ല; സമരവുമായി രംഗത്തിറങ്ങുമെന്ന് ക്ഷേത്രഭാരവാഹികള്‍
കവര്‍ച വിശ്വാസികളില്‍ വേദനയുണ്ടാക്കി.
സിസിടിവി ദൃശ്യവും കാറിന്റെ നമ്പറും നല്‍കിയിട്ടും പൊലീസ് എന്തുകൊണ്ട് അന്വേഷണം ഊര്‍ജിതമാക്കുന്നില്ലെന്ന് ക്ഷേത്രം അധികൃതര്‍.
കാസര്‍കോട്: (KasargodVartha) മഞ്ചേശ്വരത്തെ ക്ഷേത്രങ്ങളിലും മറ്റ് ആരാധനാലയങ്ങളിലും സ്‌കൂളിലും വീടുകളിലുമടക്കം കവര്‍ച (Robbery) നടത്തിയ സംഭവത്തില്‍ പൊലീസിന്റെ ഭാഗത്തുനിന്നും ശക്തമായ അന്വേഷണം നടത്തുന്നില്ലെന്ന് ആരോപിച്ച് ക്ഷേത്ര കമിറ്റി രംഗത്തുവന്നു. മോഷ്ടാവിനെ പിടികൂടാന്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇതര ആരാധനാലയങ്ങളിലെ ഭാരവാഹികളെയും പ്രദേശവാസികളെയും വിശ്വാസികളെയും സംഘടിപ്പിച്ച് ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്ന് മഞ്ചേശ്വരം കൊല്ലിയൂര്‍ ക്ഷേത്ര ഭാരവാഹികള്‍ (Manjeshwar Koliyoor Temple Trustees) വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഇക്കഴിഞ്ഞ ജൂലായ് 26 നാണ് ക്ഷേത്രത്തിന്റെ പൂട്ട് തകര്‍ത്ത് ശ്രീകോവിലില്‍ കയറി കവര്‍ച നടത്തിയത്. 375 ഗ്രാം സ്വര്‍ണവും രണ്ട് കിലോ വെള്ളിയും കവര്‍ച ചെയ്യപ്പെട്ടു. സംഭവം നടന്ന് ഒരു മാസം പിന്നിട്ടിട്ടും പ്രതികളെ കണ്ടെത്താന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ക്ഷേത്രത്തിലെ സിസിടിവിയില്‍ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞെങ്കിലും പൊലീസിന് മോഷ്ടാവിനെ പിടികൂടാനായില്ല.
കഴിഞ്ഞ ഒരു വര്‍ഷമായി ക്ഷേത്രത്തിന് ചുറ്റുമുള്ള വിവിധ വീടുകളില്‍ നിന്നും ക്ഷേത്രപരിസരത്തെ സ്‌കൂളില്‍ നിന്നും മോഷണം നടത്തിയിട്ടും മോഷ്ടാക്കളെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തിന് സമീപത്തെ ഒരു വീട്ടില്‍ മോഷണം നടന്നപ്പോഴും പൊലീസ് കണ്ണടച്ചിരുന്നു. കോളിയൂരില്‍ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയയാളുടെ കാറിന്റെ നമ്പര്‍ സഹിതം നല്‍കിയിട്ടും മോഷണത്തെ കുറിച്ച് പൊലീസ് സമഗ്രമായി അന്വേഷിച്ചില്ലെന്നാണ് ക്ഷേത്രം ഭാരവാഹികള്‍ കുറ്റപ്പെടുത്തുന്നത്.
അതേസമയം, പൊലീസില്‍ തിരക്കിയപ്പോള്‍, അന്വേഷണം നടക്കുന്നുണ്ടെന്ന പതിവ് മറുപടിയാണ് കിട്ടിയതെന്നും ഭാരവാഹികള്‍ പറഞ്ഞു. സിസിടിവി ദൃശ്യവും കാറിന്റെ നമ്പറും നല്‍കിയിട്ടും പൊലീസ് എന്തുകൊണ്ട് അന്വേഷണം ഊര്‍ജിതമാക്കുന്നില്ലെന്നാണ് ക്ഷേത്രം അധികൃതര്‍ ചോദിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുമ്പ് അയല്‍ ഗ്രാമത്തിലെ കൊഡ്ലമൊഗറു പാത്തൂര്‍ സഹകരണ ബാങ്കിലും മോഷ്ടാക്കള്‍ കയറിയിരുന്നു. മഞ്ചേശ്വരം താലൂകില്‍ ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും ക്ഷേത്രം ഭാരവാഹികള്‍ കുറ്റപ്പെടുത്തി.
കോളിയൂരിലെ ശങ്കരനാരായണ ക്ഷേത്രത്തിലെ കവര്‍ച വിശ്വാസികള്‍ക്ക് ആകെ വേദനയുണ്ടാക്കിയ സംഭവമാണ്. ആഗസ്ത് നാലിന് സുങ്കടക്കാട്ടെ മജീര്‍പള്ളയില്‍ ക്ഷേത്രത്തിലെ മോഷണം നടന്ന സംഭവത്തില്‍ അപലപിച്ച് ക്ഷേത്രത്തിലെ ഭക്തര്‍ ഒത്തുകൂടുകയും 15 ദിവസത്തിനകം മോഷ്ടാക്കളെ പൊലീസ് പിടികൂടിയില്ലെങ്കില്‍ സമരം ശക്തമാക്കുമെന്നും മുന്നറിയിപ്പും നല്‍കിയിരുന്നു. എന്നിട്ടും പൊലീസ് അനങ്ങിയില്ല.
ഭക്തരുടെ വികാരങ്ങള്‍ ഇനിയെങ്കിലും പൊലീസ് മാനിക്കണം. മോഷ്ടാവിനെ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇല്ലെങ്കിലും പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച് നടത്തുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.
ശങ്കരനാരായണ സേവാസമിതി പ്രസിഡന്റ് ബൊളന്തകോടി രാമഭട്ട്, ക്ഷേത്രം മുഖ്യ പുരോഹിതന്‍ രവിശങ്കര ഹൊള്ള, ശ്രീകൃഷ്ണ കുമാര്‍, ഉത്തര കൊടങ്ങെ ക്ഷേത്രം ട്രസ്റ്റി അഡ്വ വിത്തല ഭട്ട് മൊഗസാലെ, രവീഷ് തന്ത്രി കുണ്ടാര്‍, വജയ് കുമാര്‍ റായി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
#Manjeshwaram #templetheft #policeinefficiency #Kerala #crime #lawandorder