Government Decision | ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് തുടരും: ഭക്തരുടെ വിജയം
● ദർശനത്തിനായി എത്തുന്നവർക്ക് മെച്ചപ്പെട്ട സൗകര്യങ്ങൾ ഒരുക്കും എന്ന് മുഖ്യമന്ത്രി അറിയിച്ചു.
● സ്പോട്ട് ബുക്കിംഗ് നിർത്തിയതിനെതിരേ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു.
തിരുവനന്തപുരം: (KasargodVartha) ശബരിമല തീർഥാടനത്തിൽ സ്പോട്ട് ബുക്കിംഗ് നിർത്താനുള്ള സർക്കാർ തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോയി. ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനം നടത്താനുള്ള സൗകര്യമൊരുക്കുമെന്ന് മുഖ്യമന്ത്രി നിയമഭയില്‍ വ്യക്തമാക്കി. ഭക്തരുടെയും വിവിധ സംഘടനകളുടെയും ശക്തമായ പ്രതിഷേധത്തെ തുടർന്നാണ് ഈ തീരുമാനം.
‘തീർഥാടനത്തിനെത്തുന്ന എല്ലാവർക്കും പമ്പയിലും സന്നിധാനത്തും ഇടത്താവളങ്ങളിലും മെച്ചപ്പെട്ട സൗകര്യങ്ങളൊരുക്കാൻ നടപടി സ്വീകരിച്ചു. ഭക്തരുടെ സുഗമമായ ദർശനവും സുരക്ഷയും ഉറപ്പാക്കാൻ സ്പോട്ട് ബുക്കിങ് അനുവദിക്കും. വിർച്വൽ ക്യൂ ശക്തിപ്പെടുത്തുമെന്നും ഓണ്‍ലൈൻ ബുക്കിങ്ങിനെ കുറിച്ച് അറിവില്ലാതെ എത്തുന്ന ഭക്തർക്ക് വേണ്ടി ദർശന സൗകര്യം ഒരുക്കുമെന്നും’ മുഖ്യമന്ത്രി പറഞ്ഞു.
എന്തായിരുന്നു വിവാദം?
മുമ്പത്തെ അവലോകന യോഗത്തിൽ, ഇത്തവണത്തെ മണ്ഡല മകരവിളക്ക് കാലത്ത് ദർശനത്തിന് ഓണ്‍ലൈൻ ബുക്കിങ് മാത്രമേ അനുവദിക്കൂ എന്നായിരുന്നു തീരുമാനം. എന്നാൽ ഈ തീരുമാനം ഭക്തരുടെയും വിവിധ സംഘടനകളുടെയും ശക്തമായ എതിർപ്പിന് കാരണമായി. സ്പോട്ട് ബുക്കിംഗ് നിർത്തിയതിനെതിരേ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി ഉൾപ്പെടെ രംഗത്തെത്തിയിരുന്നു. പത്തനംതിട്ട കളക്ടറേറ്റിന് മുന്നിൽ ശബരിമല അയ്യപ്പസേവാ സമാജമുൾപ്പെടെയുള്ള സംഘടനകൾ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചിരുന്നു. ഈ പ്രതിഷേധങ്ങള്‍ കനക്കുന്നതിനിടെ വീണ്ടും നടന്ന അവലോകന യോഗത്തിലാണ് സ്പോട്ട് ബുക്കിങ് തുടരണമെന്ന് സർക്കാരും ദേവസ്വം ബോർഡും തീരുമാനിച്ചത്.
ഈ തീരുമാനം ഭക്തർക്ക് വലിയ ആശ്വാസമായി. വർഷങ്ങളായി ശബരിമലയിൽ ദർശനം നടത്തുന്നവർക്ക് സ്പോട്ട് ബുക്കിംഗ് അനിവാര്യമാണെന്ന് അവർ വാദിച്ചിരുന്നു.
#Sabarimala #SpotBooking #Devotees #Protests #Kerala #GovernmentDecision