ശിവരാത്രി ആഘോഷത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ശിവക്ഷേത്രങ്ങള്‍
തിരുവനന്തപുരം: (www.kasargodvartha.com 01.03.2022) ശിവരാത്രി ആഘോഷത്തിന് വിപുലമായ സൗകര്യങ്ങള്‍ ഒരുക്കി ശിവക്ഷേത്രങ്ങള്‍. ചൊവ്വാഴ്ച ശിവക്ഷേത്രങ്ങളില്‍ ഭക്തജനത്തിരക്ക് അനുഭവപ്പെടും. കന്യാകുമാരി ജില്ലയിലെ 12 ശിവക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തുന്ന ശിവാലയഓട്ടം തിങ്കളാഴ്ച വൈകീട്ട് മുഞ്ചിറ തിരുമല ക്ഷേത്രത്തില്‍ ആരംഭിച്ചു. കന്യാകുമാരിക്കൊപ്പം സമീപജില്ലകളായ തിരുവനന്തപുരം, തിരുനെല്‍വേലി എന്നീ ജില്ലകളില്‍ നിന്നുള്ള ഭക്തരും ശിവാലയ ഓട്ടത്തിന് എത്തുന്നുണ്ട്.
മഹാ ശിവരാത്രി ആഘോഷത്തിനായി ആലുവ മണപ്പുറം ഒരുങ്ങി. കോവിഡ് മാനദണ്ഡങ്ങളും ഹരിത പ്രോടോകോളും പാലിച്ചാണ് ബലിതര്‍പണ ചടങ്ങുകള്‍ നടക്കുക. ശിവരാത്രിയോട് അനുബന്ധിച്ച് ചൊവ്വാഴ്ച വൈകിട്ട് മുതല്‍ ബുധനാഴ്ച ഉച്ചവരെ നഗരത്തില്‍ ഗതാഗത നിയന്ത്രണങ്ങള്‍ ഏര്‍പെടുത്തി. ബലിതര്‍പണത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ആലുവയില്‍ ഒരുക്കിയിരിക്കുന്നത്.
ലോകം മുഴുവന്‍ നശിപ്പിക്കാന്‍ കെല്‍പുള്ള കാളകൂടം എന്ന വിഷത്തെ ഭഗവാന്‍ പരമശിവന്‍ സ്വന്തം കണ്ഠത്തിലൊതുക്കി ലോകത്തെ രക്ഷിച്ച ദിവസമാണിത് എന്നാണ് ഐതിഹ്യം. കാളകൂടം കുടിച്ച പരമശിവന്റെ രക്ഷയ്ക്കായി ഭര്‍ത്താവിന്റെ കണ്ഠത്തില്‍ പിടിച്ച് രാത്രി മുഴുവന്‍ ഉറങ്ങാതെ പാര്‍വതീദേവി ശിവഭജനം ചെയ്തു എന്ന് പുരാണങ്ങളില്‍ പറയുന്നു. കുംഭത്തിലെ കൃഷ്ണപക്ഷ ചതുര്‍ദശി നാളിലാണ് ശിവരാത്രി ആഘോഷിക്കുന്നത്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Mahashivratri, Temple, Religion, Shiva temples provide extensive facilities for Shivratri celebrations.