കുണിയയിൽ ജനസാഗരം; സമസ്ത ഗ്ലോബല്‍ എക്‌സ്‌പോയില്‍ തിരക്ക് നിയന്ത്രണാതീതം; ഞായറാഴ്ച സ്പോട്ട് രജിസ്‌ട്രേഷൻ ഒഴിവാക്കി
● വെള്ളിയാഴ്ച 21,000-ത്തോളം പേർ എക്‌സ്‌പോ സന്ദർശിച്ചു.
● ദേശീയപാതയിൽ വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് നിർദ്ദേശം.
● 10 പ്രധാന പവലിയനുകളാണ് എക്‌സ്‌പോയിലുള്ളത്.
● തിങ്കളാഴ്ച മുതൽ സാംസ്കാരിക പരിപാടികൾ ആരംഭിക്കും.
● ഫെബ്രുവരി എട്ടിനാണ് എക്‌സ്‌പോ സമാപിക്കുന്നത്.
കാസർകോട്: (KasargodVartha) സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ ഭാഗമായി കുണിയയിൽ നടക്കുന്ന ഗ്ലോബല്‍ എക്‌സ്‌പോയില്‍ സന്ദർശകരുടെ ജനസാഗരം.
അഞ്ചര ഏക്കര്‍ വിസ്തൃതിയുള്ള സ്ഥലത്ത് വിജ്ഞാനവും കൗതുകവും ഒരുപോലെ സമന്വയിപ്പിച്ചൊരുക്കിയ എക്‌സ്‌പോ നഗരിയിലേക്ക് ആദ്യ ദിനം മുതൽ കാഴ്ചക്കാരുടെ ഒഴുക്കാണ് അനുഭവപ്പെടുന്നത്. വെള്ളിയാഴ്ചയും ശനിയാഴ്ചയും സ്ത്രീകള്‍ക്കാണ് പ്രവേശനം അനുവദിച്ചിരിക്കുന്നത്.
റെക്കോർഡ് സന്ദർശകർ
എക്‌സ്‌പോയുടെ ആദ്യ ദിനമായ വെള്ളിയാഴ്ച 10,000 പേരായിരുന്നു സന്ദർശനത്തിനായി മുൻകൂട്ടി ബുക്ക് ചെയ്തിരുന്നത്. എന്നാൽ, സ്പോട്ട് രജിസ്‌ട്രേഷനിലൂടെ 11,000 പേർ കൂടി എത്തിയതോടെ എക്‌സ്‌പോ നഗരി തിങ്ങിനിറഞ്ഞു.
കാസര്‍കോട് ജില്ലയ്ക്കു പുറമെ മറ്റു ജില്ലകളിലെ മഹല്ലുകളില്‍ നിന്നും കൂട്ടമായും കുടുംബങ്ങളായും ആളുകൾ എത്തിച്ചേർന്നു. സമസ്തയുടെയും പോഷക സംഘടനകളുടെയും ഒരുനൂറ്റാണ്ടിലെ പ്രവര്‍ത്തനങ്ങളും സാമുദായിക സൗഹാര്‍ദവും വിളിച്ചോതുന്ന 10 പ്രധാന പവലിയനുകളാണ് എക്‌സ്‌പോയുടെ മുഖ്യ ആകർഷണം.
ഞായറാഴ്ച സ്പോട്ട് രജിസ്‌ട്രേഷൻ ഇല്ല
തിരക്ക് അനിയന്ത്രിതമായ സാഹചര്യത്തിൽ ഞായറാഴ്ച സ്പോട്ട് രജിസ്‌ട്രേഷന്‍ ഒഴിവാക്കിയതായി സംഘാടകര്‍ അറിയിച്ചു. മുൻകൂട്ടി ബുക്ക് ചെയ്തവർക്ക് മാത്രമായിരിക്കും പ്രവേശനം.
കൂടാതെ, എക്‌സ്‌പോയ്ക്ക് എത്തുന്നവര്‍ ദേശീയപാതയിൽ വാഹനങ്ങൾ നിർത്തിയിടരുതെന്നും സംഘാടകർ നിർദേശിച്ചു. ഗതാഗതതടസ്സം ഒഴിവാക്കാൻ നിർദിഷ്ട സ്ഥലങ്ങളിൽ മാത്രമേ വാഹനങ്ങൾ പാർക്ക് ചെയ്യാവൂ.
സാംസ്കാരിക പരിപാടികൾ തിങ്കളാഴ്ച മുതൽ
തിങ്കളാഴ്ച മുതല്‍ എക്‌സ്‌പോ നഗരിയില്‍ വൈവിധ്യമാർന്ന പാനല്‍ ഡിസ്‌ക്ഷനുകളും കലാപരിപാടികളും അരങ്ങേറും. വൈകുന്നേരം അഞ്ചിന് 'ദേശാന്തര അടരുകള്‍' എന്ന വിഷയത്തില്‍ നടക്കുന്ന രാജ്യാന്തര സംവാദത്തില്‍ ഇസ്ഹാഖ് ഹുദവി മോഡറേറ്ററാകും.
ഫര്‍സീന്‍ അലി (ജര്‍മനി), മാഹിര്‍ ഹുദവി (തുര്‍ക്കി), ഇര്‍ഷാദ് ഫലക്ക് (മൊറോക്കോ) തുടങ്ങിയ വിദേശ പ്രതിനിധികൾ ചർച്ചയിൽ പങ്കെടുക്കും. തുടർന്ന് രാത്രി ഏഴിന് ദഫ് മുട്ട് അരങ്ങേറും. ഫെബ്രുവരി എട്ടിനു ഉച്ചയ്ക്കാണ് ഗ്ലോബല്‍ എക്‌സ്‌പോ സമാപിക്കുന്നത്.
ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്
Article Summary: The organizers of the Samastha Global Expo in Kuniya have cancelled spot registration for Sunday due to uncontrollable crowds. Only pre-booked visitors will be allowed entry.
#Samastha #GlobalExpo #Kasaragod #Kuniya #KeralaNews #SamasthaConference #Expo2026






