city-gold-ad-for-blogger

സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് ബുധനാഴ്ച കുണിയയില്‍ തുടക്കം

Large pandal and entrance of the Samastha Centenary International Conference in Kuniya.
Photo: Special Arrangement

● ഉദ്ഘാടനം: പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ.
● വിശിഷ്ടാതിഥികൾ: ഈജിപ്തിലെ അൽ അസ്ഹർ യൂണിവേഴ്സിറ്റി പ്രതിനിധികളും ഇറാഖിലെ പണ്ഡിതന്മാരും.
● സമാപന സമ്മേളനത്തിൽ മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ പങ്കെടുക്കും.
● തിരുവനന്തപുരത്ത് നിന്ന് 34 ദിവസം കൊണ്ട് 730 കിലോമീറ്റർ നടന്നെത്തിയ മുഹമ്മദ് സലീമിനും ജുനൈദിനും സ്വീകരണം നൽകി.
● നിയന്ത്രണത്തിനായി 101 ബറ്റാലിയനുകളിലായി 3313 വളണ്ടിയർമാർ.

കുണിയ: (KasargodVartha) ദക്ഷിണേന്ത്യയിലെ ആധികാരിക മുസ്ലിം പണ്ഡിത സഭയായ സമസ്തയുടെ ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന് ബുധനാഴ്ച (04.02.2026) തുടക്കം. 1926ല്‍ രൂപീകൃതമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി മഹാസമ്മേളനമാണ് ബുധനാഴ്ച മുതല്‍ എട്ടുവരെ കുണിയയിലെ വരക്കല്‍ മുല്ലക്കോയ തങ്ങള്‍ നഗറില്‍ നടക്കുക.

പതാക ഉയർത്തലും ഘോഷയാത്രയും

കോഴിക്കോട് വരക്കല്‍ മഖാമില്‍ നിന്നെത്തിച്ച പതാകകളുമായി ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന് തളങ്കര മാലിക് ദീനാര്‍ മഖാമില്‍ നിന്നു കുണിയയിലെ സമ്മേളന നഗരിയിലേക്ക് ഘോഷയാത്ര പുറപ്പെടും. 3.30ന് പെരിയട്ടുടക്കയില്‍ നിന്ന് സമ്മേളന നഗരിയിലേക്ക് വളണ്ടിയര്‍ റൂട്ട് മാര്‍ച്ചും നടക്കും.

Large pandal and entrance of the Samastha Centenary International Conference in Kuniya.

വൈകുന്നേരം 4.30ന് സമ്മേളന നഗരിയില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പതാക ഉയര്‍ത്തും. തുടര്‍ന്ന് സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളും സാദാത്തീങ്ങളും പോഷക സംഘടനാ നേതാക്കളും ചേര്‍ന്ന് 99 പതാകകളും ഉയര്‍ത്തും.

ഉദ്ഘാടന സമ്മേളനം

രാത്രി ഏഴിന് ഉദ്ഘാടന സമ്മേളനം നടക്കും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അധ്യക്ഷത വഹിക്കും. കുമ്പോല്‍ അലി തങ്ങള്‍ പ്രാര്‍ത്ഥന നിര്‍വഹിക്കും. സമസ്ത ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് ആമുഖപ്രഭാഷണം നടത്തും. ഈജിപ്തിലെ കെയ്‌റോ ഇസ് ലാമിക് റിസര്‍ച്ച് അസംബ്ലി സെക്രട്ടറി ജനറല്‍ ഡോ. മുഹമ്മദ് അബ്ദു ദാഇം അല്‍ ജുന്‍ദി വിശിഷ്ടാതിഥിയാകും.

Large pandal and entrance of the Samastha Centenary International Conference in Kuniya.

പുസ്തക പ്രകാശനവും ആദരിക്കലും

പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ ശതാബ്ദി സ്മാരക ഗ്രന്ഥം പ്രകാശനം ചെയ്യും. കുണിയ ഗ്രൂപ്പ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയ പുസ്തകം സ്വീകരിക്കും. സുവനീര്‍ എഡിറ്റര്‍ അന്‍വര്‍ സ്വാദിഖ് ഫൈസി താനൂര്‍ പുസ്തകം പരിചയപ്പെടുത്തും. സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം സ്വാഗതം പറയും.

സമസ്ത ശതാബ്ദിയോടനുബന്ധിച്ച് പുറത്തിറക്കുന്ന പുസ്തക പ്രകാശനം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി നിര്‍വഹിക്കും. അബ്ദുല്‍ മജീദ് ഹാജി സ്വീകരിക്കും. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം.പി സപ്ലിമെന്റ് പ്രകാശനം ചെയ്യും. ജിദ്ദ ഹദാബ ഗ്രൂപ്പ് ഓഫ് കമ്പനി ചെയര്‍മാന്‍ ഡോ. ഇസ്സുദീന്‍ ഹാജി കുമ്പള സ്വീകരിക്കും.

പ്രമുഖരുടെ പ്രഭാഷണങ്ങൾ

സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍സെക്രട്ടറി എം.ടി അബ്ദുള്ള മുസ് ലിയാര്‍ മുഖ്യപ്രഭാഷണം നടത്തും. കെ. സുധാകരന്‍ എം.പി, എം.എല്‍.എമാരായ എന്‍.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാല്‍, ഇ. ചന്ദ്രശേഖരന്‍ എന്നിവര്‍ അതിഥികളാകും. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ഡോ. ഹൈദര്‍ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദീന്‍ മുഹമ്മദ് നദ് വി, ബി.കെ അബ്ദുല്‍ഖാദര്‍ ഖാസിമി ബംബ്രാണ എന്നിവര്‍ പ്രഭാഷണം നടത്തും.

വ്യാഴാഴ്ച ദാഈ ക്യാമ്പും ആത്മീയ സംഗമവും

വ്യാഴാഴ്ച രാവിലെ മുതല്‍ വൈകുന്നേരം വരെ 10,000 പ്രബോധകര്‍ പങ്കെടുക്കുന്ന ദാഈ ക്യാംപ് കുണിയയിലെ വേദി ഒന്നില്‍ നടക്കും. മഗ് രിബ് നിസ്‌കാര ശേഷം ആയിരങ്ങള്‍ പങ്കെടുക്കുന്ന ആത്മീയ സംഗമവും നടക്കും.

ചരിത്ര പഠന ക്യാമ്പ്

ചരിത്ര സമ്മേളനത്തിന്റെ ഭാഗമായി ആദര്‍ശം, വിശുദ്ധി, നൂറ്റാണ്ടുകള്‍ എന്നീ വിഷയങ്ങളെ അധികരിച്ച് 16 പഠന വിഷയങ്ങള്‍ ഉള്‍കൊള്ളിച്ച് നടത്തുന്ന 33,313 പേര്‍ പങ്കെടുക്കുന്ന പഠന ക്യാംപിന് ആറിനു വൈകുന്നേരം നാലിന് തുടക്കമാവും. ഡോ. റാഫിഅ് രിഫാഈ ഇറാഖ് ഉദ്ഘാടനം ചെയ്യും. എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി തങ്ങള്‍ അധ്യക്ഷത വഹിക്കും.

സമാപന മഹാസമ്മേളനം

എട്ടിനു വൈകുന്നേരം നാലിന് ജന ലക്ഷങ്ങള്‍ പങ്കെടുക്കുന്ന സമാപന പൊതുസമ്മേളനം നടക്കും. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയില്‍ ഈജിപ്ത് അല്‍ അസ്ഹര്‍ യൂനിവേഴ്‌സിറ്റി റെക്ടര്‍ ഡോ. സലാമ ജുമുഅ ദാവൂദ് ഉദ്ഘാടനം ചെയ്യും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ മുഖ്യപ്രഭാഷണം നടത്തും. സമസ്ത ജനറല്‍സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍ ശതാബ്ദി സന്ദേശം നല്‍കും.

മുഖ്യമന്ത്രിമാരും പ്രമുഖരും

സമാപന ചടങ്ങിൽ സമസ്ത സെന്റിനറി അവാര്‍ഡ് ലുലു ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലിക്ക് സമ്മാനിക്കും. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ, തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍, കേരള പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, ഉപനേതാവ് പി.കെ കുഞ്ഞാലിക്കുട്ടി, ബംഗളൂരു ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്‍.എ ഹാരിസ് എന്നിവര്‍ പങ്കെടുക്കും. കുണിയ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സ് ചെയര്‍മാന്‍ ഇബ്രാഹിം അഹമ്മദലി ഹാജി കുണിയക്ക് ഉപഹാര സമര്‍പ്പണം നടത്തും.

ദേശീയ, അന്തര്‍ദേശീയ തലങ്ങളിലെ പ്രമുഖരായ പണ്ഡിതന്‍മാര്‍, ജനപ്രതിനിധികള്‍, നേതാക്കള്‍, വിദേശ പ്രതിനിധികള്‍, സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുക്കും.

സമസ്ത ശതാബ്ദി അന്താരാഷ്ട്ര സമ്മേളനം; നിയന്ത്രണത്തിന് 3313 വളണ്ടിയര്‍മാര്‍; 101 ബറ്റാലിയനുകളായി പ്രവര്‍ത്തനം

കുണിയ: കുണിയയിൽ നടക്കുന്ന സമസ്ത ശതാബ്ദി അന്താരാഷ്ട്ര മഹാസമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനും നിയന്ത്രണത്തിനുമായി 3313 അംഗ വളണ്ടിയർ സേനയെ സജ്ജമാക്കി. വിഖായ, ത്വലബ, ആമില വളണ്ടിയർമാർക്ക് പുറമെ പ്രാദേശിക വളണ്ടിയർമാരും ഉൾപ്പെടുന്നതാണ് ഈ വിപുലമായ സന്നദ്ധ സേന. സമ്മേളന നഗരിയുടെ നിയന്ത്രണത്തിൽ വിഖായ, ത്വലബ വളണ്ടിയർമാർക്കാണ് കൂടുതൽ ചുമതലകൾ നൽകിയിരിക്കുന്നത്.

Large pandal and entrance of the Samastha Centenary International Conference in Kuniya.

പ്രവർത്തന ഘടന

വളണ്ടിയർമാരെ 101 ബറ്റാലിയനുകളായി തിരിച്ചാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഓരോ ബറ്റാലിയനിലും 33 അംഗങ്ങൾ വീതമുണ്ടാകും. ഓരോ ബറ്റാലിയനും നേതൃത്വം നൽകാൻ ക്യാപ്റ്റൻമാരെയും നിയോഗിച്ചിട്ടുണ്ട്. വളണ്ടിയർമാരുടെ പ്രവർത്തനങ്ങളുടെ കാര്യക്ഷമത ഉറപ്പുവരുത്തുന്നതിനായി രഹസ്യ നിരീക്ഷകരുടെ സേവനവും ലഭ്യമാക്കും.

പ്രധാന ചുമതലകൾ

സമ്മേളനത്തിനെത്തുന്നവർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിലും സുരക്ഷ ഉറപ്പാക്കുന്നതിലും വളണ്ടിയർമാർക്ക് നിർണ്ണായക പങ്കുണ്ട്. പ്രധാന ചുമതലകൾ താഴെ പറയുന്നവയാണ്:

ഭക്ഷണ പാക്കിങ്, വിതരണം, കുടിവെള്ള വിതരണം.

വി.ഐ.പി, വി.വി.ഐ.പി അതിഥികൾക്കുള്ള ഭക്ഷണ വിതരണം.

ക്യാമ്പ് വാഹന പാർക്കിങ്, പൊതുഗതാഗത നിയന്ത്രണം.

സമാപന സമ്മേളനത്തിന് എത്തുന്ന വാഹനങ്ങളുടെ പാർക്കിങ് നിയന്ത്രണം.

ക്യാമ്പ് സ്റ്റേജുകളുടെ നിയന്ത്രണം, ക്ലോക്ക് റൂം, റിസപ്ഷൻ.

ഇലക്ട്രിക്കൽ ആൻഡ് സൗണ്ട് സിസ്റ്റം സുരക്ഷാ ചുമതല, മെഡിക്കൽ സഹായം.

ഇതിന് പുറമെ, കാസർകോട്, കാഞ്ഞങ്ങാട്, ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷനുകളിലും കാസർകോട്, കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡുകളിലും എത്തുന്ന പ്രതിനിധികൾക്ക് സഹായത്തിനായി പ്രത്യേക ഹെൽപ്പ് ഡെസ്കുകളും വളണ്ടിയർമാരുടെ നേതൃത്വത്തിൽ പ്രവർത്തിക്കും.

നേതൃത്വം

എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി ഒ.പി അഷ്റഫ് കുറ്റിക്കടവാണ് വളണ്ടിയർ ക്യാപ്റ്റൻ. മുഹ് യുദ്ദീൻ കുട്ടി യമാനി, ഫാറൂഖ് ദാരിമി കൊല്ലമ്പാടി, സലാം ഫറോക്ക്, അനസ് ഒളവറ എന്നിവർ വൈസ് ക്യാപ്റ്റൻമാരായി പ്രവർത്തിക്കും. ഷാരിഖ് ആലപ്പുഴയാണ് ഡ്യൂട്ടി കൺട്രോളർ. റഷീദ് ഫൈസി കാളികാവ്, വാഹിദ് നിലാമുറ്റം എന്നിവർ അസിസ്റ്റന്റ് ഡ്യൂട്ടി കൺട്രോളർമാരുമാണ്.

വളണ്ടിയർമാരുടെ സംഗമം ബുധനാഴ്ച ഉച്ചയ്ക്ക് ഒന്നിന് സമ്മേളന പ്രതിനിധി ക്യാമ്പ് സൈറ്റിൽ ചേരും. സമ്മേളന വിജയത്തിനായി ചിട്ടയായ പ്രവർത്തനം കാഴ്ചവെക്കാൻ എല്ലാ വളണ്ടിയർമാരും സജ്ജരായിക്കഴിഞ്ഞു.

 ലക്ഷ്യം കുണിയ; തിരുവനന്തപുരത്ത് നിന്നും കാല്‍നടയായി 730 കിലോമീറ്റര്‍ താണ്ടി മുഹമ്മദ് സലീമും ജുനൈദും സമ്മേളന നഗരിയില്‍

കുണിയ: സമസ്ത ശതാബ്ദി ചരിത്രസംഗമത്തില്‍ സംബന്ധിക്കാനും സമസ്തയുടെ സന്ദേശം ജനങ്ങളിലെത്തിക്കാനുമായി തിരുവനന്തപുരത്ത് നിന്നും കാല്‍നടയായി പുറപ്പെട്ട രണ്ട് യുവാക്കള്‍ 730 കിലോമീറ്റര്‍ താണ്ടി കുണിയയിലെത്തി. മുഹമ്മദ് സലീം അസ്‌ലമി, ഹാഫിള് ജുനൈദ് മന്നാനി എന്നിവരാണ് 34 ദിവസത്തെ യാത്രയ്ക്ക് ശേഷം സമ്മേളന നഗരിയിൽ എത്തിച്ചേർന്നത്.

ജനുവരി ഒന്നിനാണ് ഇരുവരും തിരുവനന്തപുരത്ത് നിന്നും യാത്ര ആരംഭിച്ചത്. ഒമ്പത് ജില്ലകളിലൂടെ സഞ്ചരിച്ചാണ് ഇവര്‍ കാസർകോട് കുണിയയിൽ എത്തിയത്. സമസ്ത ശതാബ്ദി സന്ദേശയാത്രയ്ക്ക് ആലപ്പുഴയില്‍ നല്‍കിയ സ്വീകരണ പരിപാടിയില്‍ വെച്ച് സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളാണ് ഇവര്‍ക്ക് പതാക കൈമാറിയിരുന്നത്.

Large pandal and entrance of the Samastha Centenary International Conference in Kuniya.

മതസൗഹാർദ്ദ യാത്ര

34 ദിവസം നീണ്ട യാത്രയിലുടനീളം യാതൊരുവിധ ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നില്ലെന്ന് ഇരുവരും പറഞ്ഞു. യാത്രാവഴികളിൽ ഇതര മതസ്ഥരുള്‍പ്പെടെയുള്ളവര്‍ പലയിടങ്ങളില്‍ നിന്നും ഭക്ഷണം നല്‍കുകയും സഹകരിക്കുകയും ചെയ്തു. ഇത് കേരളത്തിന്റെ മതസൗഹാര്‍ദ്ദത്തിന്റെ തെളിവായി ഇരുവരും ചൂണ്ടിക്കാട്ടി.

കുണിയയിൽ സ്വീകരണം

കുണിയയിലെത്തിയ കാൽനട യാത്രികർക്ക് ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്. മജീദ് ബാഖവി, സയ്യിദ് ഹാദി തങ്ങള്‍, സയ്യിദ് യാസിര്‍ ജമലുല്ലൈലി, ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് സാലുദ് നിസാമി, അബ്ദുല്‍ ഖാദര്‍ നദ്‌വി, മൂസ നിസാമി, ശരീഫ് എഞ്ചിനീയര്‍, സമദ് ഹാജി നിടുങ്കണ്ട തുടങ്ങിയ നേതാക്കള്‍ ചേര്‍ന്ന് ഇരുവരെയും സ്വീകരിച്ചു.

പുതിയ വാർത്തകൾ സമയബന്ധിതമായി അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുകൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.

Article Summary: The five-day Samastha Centenary International Conference starts in Kuniya on February 4, 2026. Two youths who walked 730 km from Trivandrum reached the venue. The event features global scholars and chief ministers from three states.

#Samastha100 #KuniyaConference #JifriThangal #KasaragodNews #YusuffAli #KeralaMuslims #PeaceWalk

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia