സമസ്തയുടെ നിലനിൽപ്പ് കാലഘട്ടത്തിന്റെ ആവശ്യം; വരുംതലമുറ പ്രസ്ഥാനത്തെ കാത്തുസൂക്ഷിക്കണമെന്ന് പാണക്കാട് സാദിഖലി തങ്ങൾ
● സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷത വഹിച്ചു.
● ശതാബ്ദി സ്മാരക ഗ്രന്ഥവും നൂറു പുസ്തകങ്ങളും ചടങ്ങിൽ പ്രകാശനം ചെയ്തു.
● രാഷ്ട്രീയ-മത രംഗത്തെ പ്രമുഖർ കുണിയയിലെ മഹാസംഗമത്തിൽ പങ്കെടുത്തു.
കുണിയ: (KasargodVartha) ആന്തരിക മൂല്യങ്ങളിലൂടെയാണ് വിശ്വാസത്തെ ശക്തിപ്പെടുത്തേണ്ടതെന്ന് കൈറോയിലെ ഇസ്ലാമിക് റിസർച്ച് അസംബ്ലി സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് അബ്ദു ദാഇം അൽ ജുൻദി പറഞ്ഞു.
കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ ഉദ്ഘാടന ചടങ്ങിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മതചിന്തയും പ്രവാചക സ്നേഹവും മികച്ച വ്യക്തിത്വങ്ങളെ ലോകത്തിന് സംഭാവന ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കാലഘട്ടത്തിന്റെ ആവശ്യം
സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ അധ്യക്ഷതയിൽ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്തയുടെ നിലനിൽപ്പ് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും വരുന്ന തലമുറക്ക് ഈ പ്രസ്ഥാനത്തെ കാത്തുവെക്കണമെന്നും സാദിഖലി തങ്ങൾ പറഞ്ഞു.
മാനുഷിക ഐക്യത്തിനും സാമൂഹിക ഭദ്രതക്കും സമസ്തയുടെ നിലനിൽപ്പ് അനിവാര്യമാണെന്ന് അധ്യക്ഷ പ്രസംഗത്തിൽ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ വ്യക്തമാക്കി. അതിനു വേണ്ടിയാണ് സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ഊന്നൽ നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗ്രന്ഥ പ്രകാശനവും പ്രമുഖരുടെ സാന്നിധ്യവും
സയ്യിദ് അലി തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി. സമസ്ത സെക്രട്ടറി കെ. ഉമർ ഫൈസി മുക്കം സ്വാഗതം പറഞ്ഞു. ട്രഷറർ കൊയ്യോട് ഉമർ മുസ്ലിയാർ ആമുഖ പ്രഭാഷണം നടത്തി. ശതാബ്ദി സ്മാരക ഗ്രന്ഥത്തിന്റെ പ്രകാശനം പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ ഇബ്രാഹീം അഹ്മദ് അലി ഹാജി കുണിയക്ക് നൽകി നിർവഹിച്ചു.
നൂറാം വാർഷികോപഹാരമായി സമർപ്പിക്കുന്ന നൂറു പുസ്തകങ്ങളുടെ സമർപ്പണം സി.എച്ച് കുഞ്ഞമ്പു എം.എൽ.എയും സപ്ലിമെന്റ് പ്രകാശനം രാജ്മോഹൻ ഉണ്ണിത്താൻ എം.പിയും നിർവഹിച്ചു.
എം.ടി അബ്ദുല്ല മുസ്ലിയാർ മുഖ്യപ്രഭാഷണം നടത്തി. കെ. ഹൈദർ ഫൈസി പനങ്ങാങ്ങര, ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്വി, ബി.കെ അബ്ദുൽഖാദർ ഖാസിമി ബംബ്രാണ, അബ്ദുല്ല ഫൈസി ചെങ്കള എന്നിവർ പ്രസംഗിച്ചു.

സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ, കോട്ടുമല മൊയ്തീൻകുട്ടി മുസ്ലിയാർ, നെല്ലായ കുഞ്ഞഹമ്മദ് മുസ്ലിയാർ, പി.കെ മൂസക്കുട്ടി ഹസ്രത്ത്, എം.എൽ.എമാരായ പി.ടി.എ റഹീം, എൻ.എ നെല്ലിക്കുന്ന്, എ.കെ.എം അഷ്റഫ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.
പുതിയ വാർത്തകൾ അറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക. ഈ വാർത്ത സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്.
Article Summary: The international centenary conference of Samastha Kerala Jamiyyathul Ulama commenced at Kuniya, Kasaragod. Dr. Mohammed Abdu Daim Al-Jundi from Cairo emphasized strengthening faith through inner values. Panakkad Sayyid Sadiqali Shihab Thangal inaugurated the event, highlighting Samastha's vital role in social stability.
#SamasthaCentenary #Kuniya #KasaragodNews #SamasthaKeralaJamiyyathulUlama #IslamicConference #SayyidJifriThangal #SadiqaliShihabThangal #Faith #SocialUnity






