സമസ്ത നൂറാം വാർഷിക പ്രചാരണത്തിന് എസ്കെഎസ്എസ്എഫ്; ജൂൺ 25ന് വിപുലമായ ഉദ്ഘാടന സമ്മേളനം

● കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും.
● നൂറിന കർമ്മപദ്ധതി പ്രഖ്യാപനം ഉണ്ടാകും.
● സമസ്ത സ്ഥാപക ദിനം ജൂൺ 26ന്.
● എം.എസ്. തങ്ങൾ മദനി ഓലമുണ്ട പതാക ഉയർത്തും.
● യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും.
കാസർകോട്: (KasargodVartha) ഫെബ്രുവരി നാല് മുതൽ എട്ട് വരെ കുണിയയിൽ നടക്കുന്ന സമസ്തയുടെ നൂറാം വാർഷിക അന്താരാഷ്ട്ര മഹാസമ്മേളന പ്രചാരണ പരിപാടികൾക്ക് എസ്.കെ.എസ്.എസ്.എഫ്. തുടക്കം കുറിക്കുന്നു. ഇതിന്റെ ഭാഗമായി എസ്.കെ.എസ്.എസ്.എഫ്. കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന നൂറാം വാർഷിക പ്രചാരണ ഉദ്ഘാടന സമ്മേളനവും നൂറിന കർമ്മപദ്ധതി പ്രഖ്യാപനവും ജൂൺ 25-ന് ഉച്ചയ്ക്ക് രണ്ട് മണി മുതൽ കാസർകോട് മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടക്കും. പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി എസ്.കെ.എസ്.എസ്.എഫ്. ജില്ലാ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പ്രചാരണ പരിപാടികൾ യു എം അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും
ജൂൺ 26-ന് സമസ്ത സ്ഥാപക ദിനവുമായി ബന്ധപ്പെടുത്തിയാണ് ജൂൺ 25-ന് പ്രചാരണ പരിപാടികൾക്ക് തുടക്കം കുറിക്കുന്നത്. സമസ്ത ജില്ലാ മുശാവറ വൈസ് പ്രസിഡന്റ് എം.എസ്. തങ്ങൾ മദനി ഓലമുണ്ട പതാക ഉയർത്തും. തുടർന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിൽ സമസ്തയുടെയും പോഷക സംഘടനകളുടെയും സംസ്ഥാന, ജില്ലാ, മേഖല, ശാഖാ നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.
പരിപാടി സമസ്ത ഉപാധ്യക്ഷൻ യു.എം. അബ്ദുറഹ്മാൻ മുസ്ലിയാർ ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് ത്വാഖ അഹ്‌മദ് മൗലവി അൽ അസ്ഹരി കർമ്മപദ്ധതി പ്രഖ്യാപനം നടത്തും. എസ്.കെ.എസ്.എസ്.എഫ്. ജില്ലാ പ്രസിഡന്റ് സുബൈർ ദാരിമി അധ്യക്ഷനാവും. ജനറൽ സെക്രട്ടറി ഇർഷാദ് ഹുദവി ബെദിര സ്വാഗതം പറയും. സയ്യിദ് ഹംദുല്ല തങ്ങൾ പ്രാരംഭ പ്രാർത്ഥന നടത്തും.
സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രസിഡന്റ് വാക്കോട് മൊയ്തീൻകുട്ടി മുസ്ലിയാർ മുഖ്യ പ്രഭാഷണം നടത്തും. അബ്ദു സലാം ദാരിമി ആലംപാടി, സ്വലാഹുദ്ധീൻ ഫൈസി വല്ലപ്പുഴ, സയ്യിദ് ഫഖ്റുദ്ധീൻ ഹസനി കണ്ണന്തളി, താജുദ്ധീൻ ദാരിമി പടന്ന എന്നിവർ വിഷയാവതരണം നടത്തും. എസ്.കെ.എസ്.എസ്.എഫ്. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗങ്ങളായ സുഹൈർ അസ്ഹരി പള്ളങ്കോട്, ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവർ ആമുഖ പ്രഭാഷണം നടത്തും.
നൂറിന കർമ്മപദ്ധതിയും അനുമോദനവും
ജാരിയ ഫണ്ട് ശേഖരണത്തിൽ മുന്നേറ്റം നടത്തിയ നേതാക്കളെ എം.എൽ.എ.മാരും രാഷ്ട്രീയ നേതാക്കളും സമസ്ത പോഷക സംഘടന സംസ്ഥാന-ജില്ലാ നേതാക്കന്മാരും ഉപഹാരം നൽകി അനുമോദിക്കും. നൂറാം വാർഷികത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നൂറിന കർമ്മപദ്ധതിയാണ് ഫെബ്രുവരി ഒന്ന് വരെയായി ജില്ലയിൽ നടക്കുക. ശാഖ, മേഖല, ജില്ല, ജില്ല ഉപസമിതി എന്നിവയുടെ നേതൃത്വത്തിലാണ് വിവിധ കർമ്മപദ്ധതികൾ നടപ്പിലാക്കുക.
ജൂൺ 26-ന് സമസ്ത സ്ഥാപക ദിനത്തിൽ മുഴുവൻ ശാഖ-മേഖലാ തലങ്ങളിൽ നൂറാം വാർഷിക ആഘോഷമായി നടക്കുന്ന പരിപാടികളുടെ ഉദ്ഘാടനം നടക്കും. ജൂൺ 26-ന് ശാഖാ തലങ്ങളിൽ സ്ഥാപക ദിന സംഗമം, പതാക ഉയർത്തൽ, ചരിത്ര വായന, ആദർശ സംഗമം, ആദരവ്, പ്രാർത്ഥനാ സദസ്സ് എന്നിവ നടക്കും. ആറ് മാസം മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന പ്രചാരണ പരിപാടിയിൽ ദഅവ, വിദ്യാഭ്യാസം, കാരുണ്യം, സാംസ്കാരികം, യുവജന-വിദ്യാർത്ഥി ഉന്നമനം, ലീഡർഷിപ്പ്, പ്രസിദ്ധീകരണം എന്നീ മേഖല തിരിച്ച് നൂറിന കർമ്മപദ്ധതികൾ നടപ്പിലാക്കും.
വാർത്താസമ്മേളനത്തിൽ ജില്ലാ ജനറൽ സെക്രട്ടറി ഇർശാദ് ഹുദവി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സുഹൈർ അസ്ഹരി പള്ളങ്കോട്, ജില്ലാ വൈസ് പ്രസിഡന്റ് സയ്യിദ് ഹംദുല്ല തങ്ങൾ മൊഗ്രാൽ, മീഡിയ ചെയർമാൻ ഇർഷാദ് അസ്ഹരി എന്നിവർ സംബന്ധിച്ചു.
സമസ്തയുടെ നൂറിന കർമ്മപദ്ധതിയെക്കുറിച്ച് നിങ്ങളുടെ അഭിപ്രായം എന്താണ്?
Article Summary: Samastha centenary campaign kicks off in Kasaragod with 100-point action plan.
#Samastha100, #SKSSF, #Kasaragod, #Centenary, #IslamicConference, #Kerala