city-gold-ad-for-blogger

സമസ്ത നൂറാം വാര്‍ഷികം: ജനലക്ഷങ്ങളെ വരവേല്‍ക്കാന്‍ കുണിയ സജ്ജം

A view of the massive stage and preparations at the Samastha conference venue in Kuniya.
Photo: Special Arrangement

● ബുധനാഴ്ച വൈകുന്നേരം 100 പതാകകൾ ഉയരുന്നതോടെ സമ്മേളനത്തിന് തുടക്കം.
● 33,313 പ്രതിനിധികൾ പങ്കെടുക്കുന്ന പഠന ക്യാമ്പ് നടക്കും.
● ഗ്ലോബൽ എക്സ്പോയിൽ 12 പ്രമുഖ സ്ഥാപനങ്ങളുടെ പവലിയനുകൾ.
● സമാപന സമ്മേളനത്തിൽ ലക്ഷങ്ങൾ പങ്കെടുക്കും; 1200 പേർക്ക് ഇരിക്കാവുന്ന വേദി.
● 3,313 വളണ്ടിയർമാർ പതാകകളെ അനുഗമിക്കും.

കാസർകോട്: (KasargodVartha) നാടും നഗരവും കാസർകോട് കുണിയയിലേക്ക് ഒഴുകുന്നു. ഫെബ്രുവരി നാല് മുതൽ എട്ട് വരെ നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന് എത്തുന്ന ജനലക്ഷങ്ങളെ വരവേൽക്കാൻ കുണിയ പൂർണ്ണസജ്ജമായി. 

അഞ്ച് ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന സമ്മേളന ക്യാമ്പിലേക്ക് എത്തുന്ന ആയിരങ്ങളെ സ്വീകരിക്കാനുള്ള തയ്യാറെടുപ്പുകൾ മാസങ്ങൾക്ക് മുമ്പേ ആരംഭിച്ചിരുന്നു. സമ്മേളനത്തോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയ വിരുന്നൊരുക്കിയ ഗ്ലോബൽ എക്സ്പോ വെള്ളിയാഴ്ച ആരംഭിച്ചു. ആദ്യ രണ്ട് ദിവസം സ്ത്രീകൾക്ക് മാത്രം പ്രവേശനം അനുവദിച്ചിരുന്ന എക്സ്പോയിലേക്ക് തിങ്കളാഴ്ച മുതൽ പുരുഷന്മാർക്കും പ്രവേശനം ഉണ്ടായിരിക്കും.

പതാക കൈമാറ്റവും ഘോഷയാത്രയും

ഞായറാഴ്ച വൈകുന്നേരം നാലിന് കോഴിക്കോട് വരക്കൽ മഖാമിൽ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങളുടെ നേതൃത്വത്തിൽ സിയാറത്ത് നടക്കും. 

തുടർന്ന് സമ്മേളന നഗരിയിൽ ഉയർത്താനുള്ള, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും എത്തിച്ച 100 പതാകകൾ സമസ്ത ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ ഏറ്റുവാങ്ങും.

ചടങ്ങിൽ സമസ്ത ട്രഷറർ ഉമർ മുസ്ലിയാർ കൊയ്യോട്, വിദ്യാഭ്യാസ ബോർഡ് ജനറൽ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാർ, കോട്ടുമല മൊയ്തീൻ കുട്ടി മുസ്ലിയാർ, അറ്റാശ്ശേരി മമ്മിക്കുട്ടി ഹസ്രത്ത് തുടങ്ങിയ പ്രമുഖ പണ്ഡിതരും ഉമറാക്കളും സംബന്ധിക്കും. വരക്കലിൽ നിന്നും പതാകകൾ തളങ്കര മാലിക് ദീനാർ മഖാമിലേക്ക് കൊണ്ടുവരും.

ബുധനാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് മാലിക് ദീനാർ മഖ്ബറയിൽ നിന്നും പതാകകൾ 3,313 വിഖായ, ഖിദ്മ, ആമില വിഭാഗങ്ങളിലെ വളണ്ടിയർമാരുടെ അകമ്പടിയോടെ സമ്മേളന നഗരിയിലേക്ക് എത്തിക്കും. വൈകുന്നേരം നാലിന് നൂറ് പതാകകളും വാനിലേക്ക് ഉയരുന്നതോടെ സമ്മേളനത്തിന് ഔദ്യോഗിക തുടക്കമാകും.

ക്യാമ്പും സമാപനവും

തുടർന്ന് 11,111 പ്രബോധകർക്കുള്ള ദാഈ പഠന ക്യാമ്പ് ആരംഭിക്കും. വെള്ളിയാഴ്ച വൈകുന്നേരം നാലിന് ജനറൽ ക്യാമ്പ് ആരംഭിക്കുന്നതോടെ ക്യാമ്പ് അംഗങ്ങളുടെ എണ്ണം 33,313 ആയി ഉയരും. ഫെബ്രുവരി എട്ട് ഞായറാഴ്ച വൈകുന്നേരം കുണിയയിൽ പ്രത്യേകം തയ്യാറാക്കിയ 'വരക്കൽ മുല്ലക്കോയ തങ്ങൾ നഗരി'യിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ ലക്ഷങ്ങൾ സംബന്ധിക്കും. വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും പ്രമുഖ നേതാക്കളും ചടങ്ങുകളിൽ പങ്കെടുക്കും. ഒരേ സമയം 1200 പേർക്ക് ഇരിക്കാവുന്ന പ്രധാന വേദിയാണ് സമ്മേളനത്തിനായി ഒരുങ്ങുന്നത്.

വിസ്മയമായി ഗ്ലോബൽ എക്സ്പോ

സമസ്ത ഗ്ലോബൽ എക്സ്പോയിൽ സ്ഥാപനങ്ങളുടെ പവലിയനുകൾ വേറിട്ട കാഴ്ചയൊരുക്കുന്നു. അറിവും ശാസ്ത്രവും സാങ്കേതികവിദ്യയും പൈതൃകവും സമ്മേളിച്ച പ്രദർശന ശാല സന്ദർശകരിൽ കൗതുകം ഉണർത്തുന്നു. സമസ്തക്ക് കീഴിൽ വളർന്നുവരുന്ന വിദ്യാർത്ഥികളുടെ കഴിവുകൾ എക്സ്പോയിൽ ദൃശ്യമാണ്.

സമസ്തയുടെ കീഴിലുള്ള ദർസ്, അറബിക് കോളേജുകളിൽ നിന്ന് പ്രത്യേകം തിരഞ്ഞെടുത്ത 12 സ്ഥാപനങ്ങൾക്കാണ് പ്രദർശനത്തിന് അവസരം ലഭിച്ചത്. പഴയ മക്കാ നാഗരികതയുടെ പുനഃസൃഷ്ടി മുതൽ ഫ്യൂച്ചർ സിറ്റിയുടെ അഡ്വാൻസ്ഡ് ടെക്നോളജി വരെ പഠനാർഹമായ കാഴ്ചകളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.

ഇമാം ഷാഫി അക്കാദമി, ജാമിഅ റഹ്മാനിയ കടമേരി, നന്തി ദാറുസ്സലാം, ശംസുൽ ഉലമ വെങ്ങപ്പള്ളി, ആലത്തൂർപടി ദർസ്, കൊടങ്ങാട് ദർസ്, ജലാലിയ്യ മുണ്ടക്കുളം, വല്ലപ്പുഴ ജൂനിയർ കോളേജ്, കോട്ടക്കൽ ദർസ്, കൊയിലാണ്ടി ദർസ്, ഇമാം ഷാഫി ഷീ ക്യാമ്പസ്, ഗ്രേസ് വാലി വിമൻസ് കോളേജ്, ആലംപാടി വിമൻസ് കോളേജ് എന്നിവർക്കാണ് പ്രദർശനത്തിന് അവസരം ലഭിച്ചത്.

കർണാടക സംസ്ഥാന മിനിമം വേജ് അഡ്വൈസറി ബോർഡ് കമ്മീഷൻ ചെയർമാൻ ടി.എം ഷാഹിദ് തെക്കിൽ ശനിയാഴ്ച ഗ്ലോബൽ എക്സ്പോ സന്ദർശിച്ചു. സമസ്ത ജില്ലാ നിരീക്ഷകൻ സയ്യിദ് ശുഹൈബ് തങ്ങൾ, എസ്.വി മുഹമ്മദലി, സ്വാഗത സംഘം ജില്ലാ ട്രഷറർ ഇബ്രാഹിം ഹാജി കുണിയ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.

അണിഞ്ഞൊരുങ്ങി കുണിയ

നൂറ്റാണ്ടിന്റെ പൈതൃകവും ആദർശ വിശുദ്ധിയും വ്യക്തമാക്കുന്ന മഹാ സമ്മേളനം കുണിയയിൽ എത്തിയതിന്റെ ആവേശത്തിലാണ് പ്രദേശവാസികൾ. കേരളം, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങൾ പരിഗണിച്ച ശേഷമാണ് സമസ്ത കേന്ദ്ര മുശാവറ കാസർകോട് ജില്ലയിലെ കുണിയയെ തിരഞ്ഞെടുത്തത്.

സമ്മേളന വിജയത്തിനായി മാസങ്ങളായി സമസ്ത നേതാക്കൾക്കൊപ്പം നാട്ടിലെ പ്രായഭേദമന്യേയുള്ള കുണിയ നിവാസികൾ രാപ്പകലില്ലാതെ പ്രവർത്തിക്കുന്നു. പരിസര പ്രദേശങ്ങളിലെ ജനങ്ങളും ഇതര മതസ്ഥരും ക്ഷേത്ര ഭാരവാഹികളും ഇവർക്കൊപ്പം സജീവമായി രംഗത്തുണ്ട്. കുണിയ ശറഫുൽ ഇസ്ലാം ജമാഅത്ത് കമ്മിറ്റിയും മഹല്ല് സ്വാഗത സംഘം ഭാരവാഹികളും പ്രവർത്തകരും വിശ്രമമില്ലാതെ പ്രവർത്തിക്കുന്നു.

ജനലക്ഷങ്ങളെ വരവേൽക്കാൻ കുണിയ മഹല്ല് കമ്മിറ്റിയും യു.എ.ഇ കമ്മിറ്റിയും മറ്റും കൂറ്റൻ കമാനങ്ങൾ സ്ഥാപിച്ചിട്ടുണ്ട്. വൈദ്യുതി അലങ്കാര വിളക്കുകളും തോരണങ്ങളും കൊണ്ട് പ്രദേശം അലങ്കരിച്ചു. 35 വർഷത്തോളം കുണിയ മഹല്ല് ഖാസിയായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ സ്മരണകളും സമ്മേളന നഗരിയിൽ നിറഞ്ഞുനിൽക്കുന്നു.

ഈ വാർത്ത വാട്സ്ആപ്പ് ഗ്രൂപ്പുകളിലും ഷെയർ ചെയ്യൂ. അഭിപ്രായം കമന്റായി രേഖപ്പെടുത്താനും മറക്കരുത്

Article Summary: Kuniya in Kasaragod is fully prepared to host the Samastha Centenary International Conference from February 4 to 8. The event features a massive camp for 33,313 delegates, a Global Expo, and a flag hoisting ceremony with 100 flags.

#Samastha #Samastha100 #Kasaragod #Kuniya #IslamicConference #JifriThangal #GlobalExpo #KeralaNews

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia