ശബരിമല ക്ഷേത്രനട തുറന്നു; ഭക്തര്‍ക്ക് ദര്‍ശാനുമതി
ശബരിമല: (www.kasargodvartha.com 17.07.2021) കര്‍ക്കിടക മാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മശാസ്താ ക്ഷേത്രനട തുറന്നു. ശനിയാഴ്ച പുലര്‍ചെ മുതല്‍ ദര്‍ശനം ആരംഭിച്ചു. വെര്‍ച്വല്‍ ക്യൂവഴി ബുക് ചെയ്ത 5,000 പേര്‍ക്ക് വീതമാണ് പ്രതിദിനം ദര്‍ശനാനുമതി. രണ്ട് ഡോസ് പ്രതിരോധ വാക്സിന്‍ എടുത്തവര്‍ക്കോ 48 മണിക്കൂറിനള്ളില്‍ എടുത്ത ആര്‍ടിപിസിആര്‍ പരിശോധനാ നെഗറ്റീവ് സെര്‍ടിഫികെറ്റുള്ളവര്‍ക്കോ മാത്രമാകും ദര്‍ശനത്തിന് അനുമതി.
കോവിഡ് രണ്ടാംതരംഗമുണ്ടായ ശേഷം ആദ്യമായാണ് തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിക്കുന്നത്. അഞ്ചു ദിവസത്തെ ദര്‍ശനത്തിനായി ഇതുവരെ പതിനാറായിരത്തിലധികം ഭക്തര്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ചെയ്തിട്ടുണ്ട്. ആരോഗ്യ വകുപ്പ് പ്രത്യേക മെഡിക്കല്‍ സംഘത്തെ പമ്പയിലും സന്നിധാനത്തും നിയോഗിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് തന്ത്രി കണ്ഠര് മഹേശ്വര് മോഹനരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി വി കെ ജയരാജ് പോറ്റി ആണ് നടതുറന്ന് ദീപം തെളിയിച്ചത്. നട അടക്കുന്ന 21-ാം തിയതി വരെ കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ് നടത്തും.
Keywords: Sabarimala, News, Kerala, Top-Headlines, Religion, Temple, Sabarimala temple opened