city-gold-ad-for-blogger

മാലയിട്ട് വ്രതം നോക്കുന്ന ആയിരങ്ങൾ ദർശനത്തിന് അവസരം കിട്ടാതെ വിഷമിക്കുന്നു; ശബരിമല വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും എത്താത്ത 50 ലക്ഷത്തിലേറെ പേരുടെ വിവരങ്ങൾ വിജിലൻസ് പരിശോധിക്കുന്നു

Vigilance probes over 50 lakh Sabarimala virtual queue bookings by non-attendees; Adiyasishtam ghee packing halted after water found in tank
Photo Credit: Facebook/ Sabarimala Temple

● ചെന്നൈ, കോയമ്പത്തൂർ എന്നിവിടങ്ങളിൽ നിന്നുള്ള കൂട്ടബുക്കിങ്ങിന് പിന്നാലെ സംസ്ഥാനത്തിനകത്തെ ബുക്കിങ്ങുകളും പരിശോധിക്കുന്നു
● സ്പോട്ട് ബുക്കിങ് നിലയ്ക്കലിലേക്ക് മാറ്റിയതും പ്രതിദിന ക്വാട്ട 66,000 വെർച്വൽ ക്യൂ, 14,000 സ്പോട്ട് ബുക്കിങ് എന്നിങ്ങനെ കുറച്ചതും തിരിച്ചടിയായി
● തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്ന ദേവസ്വം മന്ത്രിയുടെ നിർദേശം പരിഗണിച്ചില്ല
● സുഗമദർശനം ഒരുക്കുകയാണ് പ്രധാന ദൗത്യമെന്നും ഏത് സാഹചര്യവും നേരിടാൻ സേന സജ്ജമാണെന്നും സ്പെഷ്യൽ ഓഫീസർ ജി ജയ്‌ദേവ്

പത്തനംതിട്ട: (KasargodVartha) ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ പൂർണമായും ബുക്ക് ചെയ്യപ്പെട്ടിട്ടും തീർഥാടകർ എത്താത്ത സംഭവത്തിൽ 50 ലക്ഷത്തിലേറെ ആളുകളുടെ ബുക്കിങ് വിവരങ്ങൾ പരിശോധിക്കുന്നു. വെർച്വൽ ക്യൂ ബുക്ക് ചെയ്തിട്ടും ദർശനത്തിന് എത്താത്തവരുടെ വിവരങ്ങളാണ് പരിശോധിക്കുന്നത്. പോലീസ് വിജിലൻസ്, ദേവസ്വം വിജിലൻസ്, സൈബർ പോലീസ് എന്നിവരാണ് അന്വേഷണം നടത്തുന്നത്.

തീർഥാടനത്തിൻ്റെ തുടക്കത്തിൽ തന്നെ വെർച്വൽ ക്യൂ ബുക്ക് ചെയ്തവരുടെ വിവരങ്ങളാണ് പരിശോധിക്കുക. ഇതിനായി ദേവസ്വം ബോർഡിൻ്റെ വെബ്സൈറ്റ് വികസിപ്പിച്ച ടാറ്റ കൺസൽറ്റൻസി സർവീസസിൽ നിന്ന് വിവരങ്ങൾ തേടി. ചെന്നൈയിലെയും കോയമ്പത്തൂരിലെയും ചിലർ കൂട്ടമായി ബുക്കിങ് നടത്തിയത് നേരത്തെ കണ്ടെത്തിയിരുന്നു. ഇവയ്ക്ക് പുറമേ സംസ്ഥാനത്തിനകത്തുനിന്ന് കൂട്ടബുക്കിങ് ഉണ്ടായോ എന്നും പരിശോധിക്കുന്നുണ്ട്. തീർഥാടനം ഒരാഴ്ച പിന്നിട്ടിട്ടും തിരക്കില്ലാത്തത് ഗൗരവകരമാണെന്നാണ് അന്വേഷണ സംഘങ്ങളുടെ വിലയിരുത്തൽ. തീർഥാടനകാലത്ത് ജലവിതരണം തടസ്സപ്പെടുത്താനും അന്നദാനം പ്രതിസന്ധിയിലാക്കാനും ശ്രമം നടന്നിരുന്നു.

സ്പോട്ട് ബുക്കിങ് നിലയ്ക്കലിലേക്ക് മാറ്റിയത് തിരിച്ചടിയെന്ന് വിലയിരുത്തൽ

ശബരിമല സ്പോട്ട് ബുക്കിങ് കേന്ദ്രം നിലയ്ക്കലിലേക്ക് മാറ്റിയത് തിരിച്ചടിയായെന്ന് വിലയിരുത്തലുണ്ട്. നിലയ്ക്കലിൽ എത്തിയാൽ സ്പോട്ട് ബുക്കിങ് കിട്ടുമെന്ന് ദേവസ്വം ബോർഡും പോലീസും ഉറപ്പിച്ചു പറയാത്തതും തീർഥാടകരുടെ വരവിനെ ബാധിച്ചു. കഴിഞ്ഞ വർഷം പ്രതിദിനം 70,000 വെർച്വൽ ക്യൂ, 20,000 സ്പോട്ട് ബുക്കിങ് എന്നിവ അനുവദിച്ചിരുന്നു. ഇത്തവണ അത് 66,000 വെർച്വൽ ക്യൂ, 14,000 സ്പോട്ട് ബുക്കിങ് എന്നിങ്ങനെ വെട്ടിക്കുറച്ചു.

വെർച്വൽ ക്യൂവിൽ ഉള്ളവർ എത്താതിരുന്നാൽ അത്രയും അവസരം സ്പോട്ട് ബുക്കിങ്ങിലേക്ക് നൽകുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ മണ്ഡലകാലത്ത് 25,000 പേർ വരെ സ്പോട്ട് ബുക്കിങ് എടുത്ത് ദർശനം നടത്തിയ ദിവസമുണ്ട്. ഇത്തവണ വെർച്വൽ ക്യൂ എടുത്തവർ വരാതിരുന്നിട്ടും സ്പോട്ട് ബുക്കിങ് കൂടിയില്ല. കൂടുതൽ തീർഥാടകർക്ക് ദർശനത്തിന് അവസരം ഒരുക്കാൻ തിരുവനന്തപുരം, പന്തളം, ഏറ്റുമാനൂർ എന്നിവിടങ്ങളിൽ സ്പോട്ട് ബുക്കിങ് അനുവദിക്കണമെന്ന ദേവസ്വം മന്ത്രിയുടെ നിർദേശം ദേവസ്വം ബോർഡ് ഇനിയും പരിഗണിച്ചിട്ടുമില്ല.

വർഷങ്ങളായി പമ്പയിൽ പ്രവർത്തിച്ചുവന്ന സ്പോട്ട് ബുക്കിങ് കേന്ദ്രമാണ് ഇത്തവണ നിലയ്ക്കലിലേക്ക് മാറ്റിയത്. പമ്പയിലെ തിരക്ക് കുറയ്ക്കാനായിരുന്നു മാറ്റം. തുടങ്ങി ഏതാനും ദിവസത്തിനുള്ളിൽ വെർച്വൽ ക്യൂ ബുക്കിങ് പൂർത്തിയായി. അതിനാൽ മാലയിട്ട് വ്രതം നോക്കുന്ന ആയിരങ്ങളാണ് ദർശനത്തിന് അവസരം കിട്ടാതെ വിഷമിക്കുന്നത്. 5,000 പേർക്ക് വരെ അധികമായി വെർച്വൽ ക്യൂ ബുക്ക് ചെയ്യാൻ അവസരം ഒരുക്കിയിട്ടും ദർശനത്തിനുള്ള തിരക്ക് വർധിച്ചിട്ടില്ല. തട്ടിപ്പ് കുറയ്ക്കാൻ, റദ്ദാക്കുന്ന വെർച്വൽ ക്യൂ സ്ലോട്ടുകൾ വീണ്ടും ലഭ്യമാക്കുന്നത് 8 മണിക്കൂറിന് ശേഷമാക്കിയിട്ടും കാര്യമായ മാറ്റം ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല.

പോലീസിൻ്റെ പ്രധാന ദൗത്യം സുഗമദർശനം ഒരുക്കൽ: ജി ജയ്‌ദേവ്

ശബരിമല തീർഥാടകർക്ക് സുഗമദർശനം ഒരുക്കുകയാണ് പോലീസിൻ്റെ പ്രധാന ദൗത്യമെന്ന് സന്നിധാനം പോലീസ് സ്പെഷ്യൽ ഓഫീസർ ജി ജയ്‌ദേവ് പറഞ്ഞു. രണ്ടാംഘട്ടം സേവനത്തിനെത്തിയ പോലീസുകാർക്ക് നിർദേശം നൽകുകയായിരുന്നു അദ്ദേഹം. 70,000 പേർ ദിവസേന എത്തുന്നുണ്ടെങ്കിലും തിരക്ക് അനുഭവപ്പെടാത്ത വിധത്തിൽ കൃത്യമായ ഏകോപനമാണ് പോലീസ് നടത്തിയിട്ടുള്ളത്. വെർച്വൽ ക്യൂവിലൂടെ അച്ചടക്കത്തോടെയുള്ള നിയന്ത്രണം ഫലം കണ്ടു. കൂടുതൽ തീർഥാടകർ എത്തിയാലും പ്രശ്നമില്ല. ഏത് സാഹചര്യവും നേരിടാനും സേന സജ്ജമാണ്. പതിനെട്ടാംപടിയിൽ പരിചയസമ്പന്നരായ പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. സോപാനത്തിലും തിരക്ക് നിയന്ത്രിക്കാൻ കൃത്യമായ ആസൂത്രണം നടത്തിയിട്ടുണ്ട്. രണ്ടാംഘട്ടത്തിൽ 1,544 പോലീസുകാരാണ് സന്നിധാനത്ത് എത്തിയിട്ടുള്ളത്. വി എസ് ദിനരാജാണ് അസി. സ്പെഷ്യൽ ഓഫീസർ.

സേവനത്തിന് എൻഎസ്എസ് വൊളൻ്റിയർമാർ

മണ്ഡല-മകരവിളക്ക് തീർഥാടന കാലയളവിൽ പമ്പാനദിയെയും ശബരിമല തീർഥാടന കേന്ദ്രങ്ങളെയും മാലിന്യമുക്തമായി സംരക്ഷിക്കുന്നതിനായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൻ്റെ (കെഎസ്‌പിസിബി) നേതൃത്വത്തിൽ എൻഎസ്എസ് വൊളൻ്റിയർമാരുടെ സേവനം വിപുലീകരിച്ചു. തീർഥാടകർ നദിയിൽ വസ്ത്രങ്ങളും മറ്റ് തുണിമാലിന്യങ്ങളും ഉപേക്ഷിക്കുന്നത് തടയുക, നദിയുടെ പരിസ്ഥിതി സംരക്ഷണത്തെക്കുറിച്ച് ബോധവൽക്കരണം നൽകുക എന്നിവയാണ് ലക്ഷ്യം. 10 വൊളൻ്റിയർമാർ വീതമുള്ള പ്രത്യേക ബാച്ചുകളായാണ് പ്രവർത്തനം.

സംഭരണിയിൽ വെള്ളം; ആടിയശിഷ്ടം നെയ്യ് പാക്കിങ് നിർത്തി

ശബരിമല തീർഥാടകർക്കായി ആടിയശിഷ്ടം നെയ്യ് പാക്ക് ചെയ്യുന്ന സംഭരണിയിൽ വെള്ളം കണ്ടെത്തി. ഇതോടെ നെയ്യ് പാക്കറ്റിൽ നിറയ്ക്കുന്നത് താൽക്കാലികമായി നിർത്തി. ബുധനാഴ്ച (2026 നവംബർ 25) രാവിലെ വിജിലൻസ് നടത്തിയ പരിശോധനയിലാണ് സംഭരണിയിൽ വെള്ളം കണ്ടത്. തീർഥാടകർക്ക് വിതരണം ചെയ്യാനായി പാക്കറ്റിൽ നിറച്ച നെയ്യിൽ വെള്ളമുണ്ടോ എന്ന് പരിശോധിക്കാൻ സാംപിൾ ശേഖരിച്ചു.

ടാങ്കിലെ വെള്ളം മുഴുവൻ നീക്കിയ ശേഷം മാത്രം പാക്കിങ് പുനരാരംഭിച്ചാൽ മതിയെന്ന് നിർദേശിച്ചു. തീർഥാടകർ സമർപ്പിക്കുന്ന നെയ്യ് സംഭരണിയിലേക്ക് പമ്പ് ചെയ്തപ്പോഴാണ് വെള്ളം കയറിയതെന്നാണ് ദേവസ്വം അധികൃതർ പറയുന്നത്. ഇത് എങ്ങനെയാണ് സംഭവിച്ചതെന്നും വിജിലൻസ് പരിശോധിക്കുന്നുണ്ട്. കഴിഞ്ഞ തീർഥാടനകാലത്ത് ആടിയശിഷ്ടം നെയ്യ് സ്റ്റോക്കിൽ ഉൾപ്പെടെ തിരിമറി നടത്തി ദേവസ്വം ബോർഡ് ജീവനക്കാർ ലക്ഷങ്ങൾ തട്ടിയെടുത്തിരുന്നു. സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടിയും സ്വീകരിച്ചിരുന്നു.

കൂടുതല്‍ വാർത്തകളും വിശേഷങ്ങളും അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് കമൻ്റായി രേഖപ്പെടുത്തുക. 

Article Summary: Police, Devaswom Vigilance, and Cyber Police probe over 50 lakh Sabarimala virtual queue bookings by non-attendees, while Adiyasishtam ghee packing is halted after water is found in the storage tank.

#Sabarimala #VirtualQueue #DevaswomVigilance #PathanamthittaNews #KeralaPolice #SabarimalaPilgrimage #MalayalamNews #RenuNews

കാസർകോട് വാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിലൂടെ വാർത്തകളോട് നിങ്ങൾക്കും പ്രതികരിക്കാം. ആരോഗ്യകരമായ ചർച്ചകളെ ഞങ്ങൾ എപ്പോഴും സ്വാഗതം ചെയ്യുന്നു. എന്നാൽ അസഭ്യം, അശ്ലീലം, മതവിദ്വേഷം എന്നിവ അടങ്ങിയ കമന്റുകൾ ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. നിയമനടപടികൾ സ്വീകരിച്ചെന്നുവരാം.
Anjana Vadakkeveedu
Anjana Vadakkeveedu

52 Articles

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia