ശബരിമല സ്വർണക്കവർച്ച കേസ്: മുൻ എക്സിക്യൂട്ടീവ് ഓഫിസർ അറസ്റ്റിൽ; 'സ്വർണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോർട്ട് തയ്യാറാക്കി'
● അറസ്റ്റിലായ സുധീഷ്‌കുമാറിനെ റാന്നി കോടതിയിൽ ഹാജരാക്കും.
● സ്വർണപ്പാളി ചെമ്പുപാളിയെന്ന് തെറ്റായ റിപ്പോർട്ട് നൽകി കവർച്ചയ്ക്ക് അവസരം ഒരുക്കി എന്നാണ് പ്രധാന നിഗമനം.
● രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ മൊഴിയാണ് അറസ്റ്റിന് ആധാരമായത്.
● സ്വർണം പൂശിയതിൻ്റെ വിശദാംശങ്ങൾ ഉൾപ്പെടുന്ന 420 പേജുള്ള നിർണായക ഫയൽ എസ്ഐടി കണ്ടെത്തി.
● അറസ്റ്റിലായ പ്രതികൾ ജാമ്യത്തിൽ ഇറങ്ങാതിരിക്കാൻ 60 ദിവസത്തിനകം ഭാഗിക കുറ്റപത്രം സമർപ്പിക്കും.
തിരുവനന്തപുരം: (KasargodVartha) ശബരിമല സ്വർണക്കവർച്ച കേസിൽ നിർണായക നീക്കവുമായി പ്രത്യേക അന്വേഷണസംഘം (SIT). ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളി കവർന്ന കേസിൽ മൂന്നാം പ്രതിയായ മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ്‌കുമാറിനെ അറസ്റ്റ് ചെയ്തു. കേസിൽ ഇതടക്കം മൂന്ന് അറസ്റ്റുകളാണ് ഇതുവരെ രേഖപ്പെടുത്തിയത്. വെള്ളിയാഴ്ച (2025 ഒക്ടോബര്‍ 31) ഈഞ്ചക്കലിലെ ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിച്ചു മണിക്കൂറുകളോളം ചോദ്യം ചെയ്തതിനു ശേഷമാണ് സുധീഷ്‌കുമാറിൻ്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശനിയാഴ്ച (2025 നവംബർ 1) സുധീഷിനെ റാന്നി കോടതിയിൽ ഹാജരാക്കും.
മുരാരി ബാബുവിന്റെ മൊഴി നിർണായകം
2019-ൽ ദ്വാരപാലക ശിൽപത്തിലെ സ്വർണപ്പാളി ചെമ്പുപാളിയെന്ന് റിപ്പോർട്ട് തയ്യാറാക്കിയ സമയത്ത് സുധീഷ്‌കുമാർ ആയിരുന്നു എക്സിക്യൂട്ടീവ് ഓഫിസർ. കേസിൽ രണ്ടാം പ്രതിയായ മുരാരി ബാബുവിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സുധീഷ്‌കുമാറിനെ ചോദ്യം ചെയ്തതും അറസ്റ്റ് രേഖപ്പെടുത്തിയതും. അന്ന് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ ആയിരുന്ന മുരാരി ബാബു ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞതനുസരിച്ചാണു പ്രവർത്തിച്ചതെന്നും ഫയൽ തിരുത്താൻ ദേവസ്വം ബോർഡ് ഉൾപ്പെടെ അഞ്ച് പേർക്ക് അധികാരം ഉണ്ടായിരുന്നുവെന്നുമാണ് അന്വേഷണസംഘത്തിനു മൊഴി നൽകിയത്.
കവർച്ചയ്ക്ക് അവസരമൊരുക്കി
സ്വർണം കവരാൻ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് അവസരമൊരുക്കിയതിൽ സുധീഷ് കുമാറിനും പങ്കുണ്ടെന്ന നിഗമനത്തിലാണ് എസ്ഐടി എത്തിയിരിക്കുന്നത്. വർഷങ്ങളോളം ശബരിമലയിൽ ഉൾപ്പെടെ ജോലി ചെയ്തിട്ടുള്ള സുധീഷിന് 1998-ൽ ദ്വാരപാലക ശിൽപങ്ങൾ സ്വർണം പൂശിയ വിവരം അറിയാമായിരുന്നുവെന്നും എന്നിട്ടും 2019-ൽ ചെമ്പുപാളി എന്ന് രേഖപ്പെടുത്തിയത് തിരുത്താതിരുന്നത് ദുരൂഹമാണെന്നുമാണ് വിലയിരുത്തൽ. അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ സുഹൃത്തും ഇടനിലക്കാരനുമായ വാസുദേവനെ ചോദ്യം ചെയ്തശേഷം വിട്ടയച്ചു. വാസുദേവനും സുധീഷ്‌കുമാറും ഒരുമിച്ചാണ് വെള്ളിയാഴ്ച ക്രൈംബ്രാഞ്ച് ഓഫിസിൽ എത്തിയത്.
നിർണായക രേഖ കണ്ടെത്തി
സ്വർണം പൂശിയതുമായി ബന്ധപ്പെട്ട നിർണായക രേഖ വെള്ളിയാഴ്ച ദേവസ്വം ആസ്ഥാനത്തുനിന്ന് എസ്ഐടി കണ്ടെത്തി. ഈ പുതിയ തെളിവുകളോടെ കൂടുതൽ വ്യക്തതയോടെ തുടർനടപടികളിലേക്കു പോകാൻ കഴിയുമെന്നാണ് അന്വേഷണസംഘം കരുതുന്നത്. സ്വർണക്കൊള്ളക്കേസിൽ അന്വേഷണം ഉന്നതരിലേക്ക് എത്താതിരിക്കാൻ ദേവസ്വം ഉദ്യോഗസ്ഥർ ഫയൽ ഒളിപ്പിച്ചതാണെന്ന ആക്ഷേപം നേരത്തേ ഉയർന്നിരുന്നു. ഇതിനിടയിലാണ് ബോർഡ് ആസ്ഥാനത്തെ മരാമത്തു വിഭാഗം ചീഫ് എൻജിനീയറുടെ ഓഫിസിൽ പഴയ രേഖകൾ സൂക്ഷിച്ചിട്ടുള്ള മുറിയിൽനിന്ന് 420 പേജുള്ള ഫയൽ കണ്ടെടുത്തത്.
സ്വർണം പൂശിയതിന്റെ വിശദാംശങ്ങൾ
മല്യയ്ക്ക് സ്വർണം പൊതിയാൻ ഹൈകോടതി നൽകിയ അനുമതി, ബോർഡിന്റെ ഉത്തരവുകൾ, സ്വിറ്റ്സർലൻഡിൽനിന്ന് 22 കാരറ്റ് സ്വർണം ഇറക്കുമതി ചെയ്തതിൻ്റെ രേഖകൾ തുടങ്ങിയവ ഈ ഫയലിലുണ്ട്. അന്നത്തെ ശബരിമല ഡവലപ്മെന്റ് പ്രോജക്ട് ചീഫ് എൻജിനീയർ കെ രവികുമാർ, അസിസ്റ്റന്റ് എൻജിനീയർ സി ആർ രാജശേഖരൻ നായർ എന്നിവരുടെ മേൽനോട്ടത്തിൽ നടന്ന സ്വർണംപൊതിയൽ ജോലികളുടെ വിശദ റിപ്പോർട്ടുകളും ഫയലിലുണ്ട്. ദ്വാരപാലകശിൽപങ്ങളിൽ യുബി ഗ്രൂപ്പ് 1564.190 ഗ്രാമും ശ്രീകോവിലിന്റെ വാതിൽപാളിയിലും കട്ടിളയിലുമായി 2519.760 ഗ്രാമും സ്വർണമാണു പൊതിഞ്ഞതെന്നും ശ്രീകോവിലിനു ചുറ്റുമുള്ള 8 തൂണുകളിലും വശങ്ങളിലെ പാളികളിലുമായി 4302.660 ഗ്രാം സ്വർണം പതിച്ചുവെന്നുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഭാഗിക കുറ്റപത്രം സമർപ്പിക്കും
കേസിൽ അന്വേഷണം നീണ്ടാൽ ഭാഗിക കുറ്റപത്രം സമർപ്പിച്ച് അന്വേഷണം തുടരാനാണ് എസ്ഐടിയുടെ തീരുമാനം. അറസ്റ്റിലായ ഉണ്ണിക്കൃഷ്ണൻ പോറ്റിയും മുരാരി ബാബുവും ജാമ്യത്തിൽ ഇറങ്ങുന്നത് ഒഴിവാക്കാൻ 60 ദിവസത്തിനു മുൻപുതന്നെ കുറ്റപത്രം സമർപ്പിക്കേണ്ടിവരുമെന്ന് അന്വേഷണസംഘം വിലയിരുത്തുന്നു. കേസിലെ എല്ലാ പ്രതികളുടെയും അറസ്റ്റിലേക്ക് നീങ്ങുന്നത് കാലതാമസം ഉണ്ടാക്കുമെന്നതിനാൽ ഭാഗിക കുറ്റപത്രം നൽകിയ ശേഷം അന്വേഷണം തുടരാൻ അനുമതി തേടാനാണ് എസ്ഐടിയുടെ ശ്രമം. പുതിയ തെളിവുകളുടെ അടിസ്ഥാനത്തിൽ വീണ്ടും പ്രതികളെ കസ്റ്റഡിയിൽ ചോദ്യംചെയ്യാനും ഇതുവഴി സാധിക്കും. പോറ്റിയെ 14 ദിവസംകൂടി കസ്റ്റഡിയിൽ വിട്ടതിനാൽ വീണ്ടും ചോദ്യം ചെയ്യുന്നതിന് അപേക്ഷ നൽകും. മുരാരി ബാബുവിനെ ജയിലിലേക്ക് മാറ്റിയെങ്കിലും മറ്റു ചിലരെക്കൂടി ചോദ്യം ചെയ്ത ശേഷം വീണ്ടും കസ്റ്റഡി അപേക്ഷ നൽകാനാണ് നീക്കം.
ശബരിമല സ്വർണക്കവർച്ച കേസിൽ ഉന്നത ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ? 420 പേജുള്ള രേഖ കണ്ടെത്തിയത് അന്വേഷണത്തെ എങ്ങനെ സഹായിക്കും നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റ് ചെയ്യുക.
Article Summary: Former Executive Officer D. Sudheeshkumar was arrested in the Sabarimala gold theft case for falsifying reports; a crucial 420-page file was also found.
#SabarimalaGoldTheft #ExecutiveOfficerArrest #KeralaCrime #SITInvestigation #DevaswomScam #PartialChargeSheet






