city-gold-ad-for-blogger

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിര്‍ണായക നീക്കം; ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തി, ചോദ്യം ചെയ്യൽ 10 മണിക്കൂർ നീണ്ടു

Sabarimala Gold Scam: Unnikrishnan Potti Arrested After Ten Hours of Interrogation
Photo Credit: Facebook/John George Chekkat

● ശ്രീകോവിലിന്റെ കട്ടിളപ്പളിയുടെയും ദ്വാരപാലക ശില്പങ്ങളിലെയും സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്.
● തട്ടിയെടുത്ത 474.99 ഗ്രാം സ്വർണം ബെംഗളൂരു സ്വദേശി കൽപേഷിന് കൈമാറിയെന്ന് കണ്ടെത്തി.
● ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടന്നതായി പോറ്റി മൊഴി നൽകി.
● എസ്.പി. ശശിധരൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

തിരുവനന്തപുരം: (KasargodVartha) ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ ആദ്യ അറസ്റ്റ് രേഖപ്പെടുത്തി. സ്‌പോണ്‍സര്‍ വേഷം കെട്ടി ശബരിമലയിൽ നിന്ന് സ്വർണം കടത്തിയെന്ന് വിജിലൻസ് കണ്ടെത്തിയ ഉണ്ണികൃഷ്ണൻ പോറ്റിയുടെ അറസ്റ്റാണ് പ്രത്യേക അന്വേഷണ സംഘം വെള്ളിയാഴ്ച (17.10.2025) പുലർച്ചെ രേഖപ്പെടുത്തിയത്. ശബരിമലയിലെ ശ്രീകോവിലിൻ്റെ കട്ടിളപ്പളിയുടെയും, ദ്വാരപാലക ശില്പങ്ങളിലെയും സ്വര്‍ണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട രണ്ട് കേസുകളിലാണ് പോറ്റിയുടെ അറസ്റ്റ്.

എസ്.ഐ.ടി. അന്വേഷണം തുടങ്ങി ആറാം ദിവസമാണ് കേസിലെ നിർണായകമായ നടപടി. പത്ത് മണിക്കൂറിലേറെ നേരം നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. രണ്ട് കേസുകളിലെയും ഒന്നാം പ്രതിയാണ് ഉണ്ണികൃഷ്ണൻ പോറ്റി. പ്രത്യേക സംഘത്തിന് നേതൃത്വം നൽകുന്ന എസ്.പി. ശശിധരൻ്റെ നേതൃത്വത്തിൽ ചോദ്യം ചെയ്യൽ പൂർത്തിയാക്കിയ ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പുലർച്ചെ 2.30-ന് തിരുവനന്തപുരം ഓഫീസിലെത്തിച്ചാണ് പോറ്റിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടർന്ന് പുലർച്ചെ 3.40 ഓടെ ഉണ്ണികൃഷ്ണൻ പോറ്റിയെ തിരുവനന്തപുരത്തെ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധന നടത്തി. ഇന്ന് ഉച്ചയ്ക്ക് 12.30-ഓടെ ഉണ്ണികൃഷ്ണൻ പോറ്റിയെ റാന്നി കോടതിയിൽ ഹാജരാക്കും. ഇതിനായി രാവിലെ ഏഴ് മണിയോടെയാണ് പത്തനംതിട്ടയിലേക്ക് കൊണ്ടുപോവുക.

വൻ ഗൂഢാലോചനയുടെ വിവരങ്ങൾ

ശബരിമല ശിൽപ്പങ്ങളിലെ സ്വർണം ഉരുക്കി കൊള്ള നടത്തിയതിന് പിന്നിലെ ഗൂഢാലോചന പുറത്ത് കൊണ്ടുവരികയെന്ന വലിയ ഉത്തരവാദിത്തമാണ് പ്രത്യേക അന്വേഷണ സംഘത്തിനുള്ളത്. ഉണ്ണികൃഷ്ണൻ പോറ്റിയും സ്മാർട്ട് ക്രിയേഷൻസും നടത്തിയ ഇടപാടുകളിൽ ദേവസ്വം ബോർഡിലെ ആരൊക്കെ പങ്കാളികളായി എന്നാണ് ഇനി അറിയേണ്ടത്. സ്മാർട്ട് ക്രിയേഷൻസ് നൽകിയ മൊഴി പ്രകാരം 474 ഗ്രാം സ്വർണം ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് തിരിച്ചു നൽകിയിരുന്നു. എന്നാൽ, 11 ഗ്രാം സ്വർണം കൂടി ഉണ്ണികൃഷ്ണൻ പോറ്റിയുടെ കൈയ്യിൽ അധികമായി ഉണ്ടെന്നാണ് രേഖകൾ സൂചിപ്പിക്കുന്നത്.

ദേവസ്വം ഉദ്യോഗസ്ഥരുമായി ഗൂഢാലോചന നടത്തി ശബരിമലയിലെ സ്വർണ പാളികൾ പുറത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തൽ. ഇതിന് ദേവസ്വം ബോർഡിൻ്റെ അറിവും ഉണ്ടായിരുന്നു. 2019 ജൂണിലും ഓഗസ്റ്റിലുമായി 21 പാളികൾ സ്മാർട്ട് ക്രിയേഷൻസിൽ എത്തിച്ച് അതിലെ 989.8 ഗ്രാം സ്വർണം വേർതിരിച്ചെടുത്തിരുന്നു. ഇതിൽ 394.9 ഗ്രാം സ്വർണം ഉപയോഗിച്ച് ദ്വാരപാലക ശിൽപ്പങ്ങളിൽ വീണ്ടും ഗോൾഡ് പ്ലേറ്റിംഗ് നടത്തി എന്നാണ് സ്മാർട്ട് ക്രിയേഷൻസ് സി.ഇ.ഒ. പങ്കജ് ഭണ്ഡാരിയുടെ മൊഴി.

109 ഗ്രാം സ്വർണം സ്മാർട്ട് ക്രിയേഷൻസ് കൂലിയായി എടുത്തു. ബാക്കി 474.99 ഗ്രാം സ്വർണം പോറ്റി ചുമതലപ്പെടുത്തിയ പ്രതിനിധി എന്ന് പറയപ്പെടുന്ന കൽപ്പേഷിന് ഖര രൂപത്തിൽ (Solid form) കൈമാറുകയായിരുന്നു. വിജയ് മല്യ വഴിപാടായി ചാർത്തിയ 24 കാരറ്റ് തനി തങ്കത്തിൽ 474.99 ഗ്രാം ഉണ്ണികൃഷ്ണൻ പോറ്റി അപഹരിച്ചെന്നാണ് കണ്ടെത്തൽ. ഇതിനായി വലിയ ഗൂഢാലോചനയും ആസൂത്രണവും നടന്നു. കൂടാതെ, സ്വർണ പാളികൾ സ്വന്തം ചെലവിൽ സ്വർണം പൂശുമെന്ന ഉറപ്പിന് വിരുദ്ധമായി പലരിൽ നിന്നും സ്വർണവും പണവും ഉണ്ണികൃഷ്ണൻ പോറ്റി കൈപ്പറ്റുകയും ചെയ്തിരുന്നു.

ഉദ്യോഗസ്ഥരെ കുരുക്കി മൊഴി

നടന്നത് വൻ ഗൂഢാലോചനയെന്നാണ് ഉണ്ണികൃഷ്ണൻ പോറ്റി അന്വേഷണ സംഘത്തിന് മൊഴി നൽകിയത്. തിരുവിതാംകൂർ ദേവസ്വം ഉദ്യോഗസ്ഥരെ കുരുക്കി ഉണ്ണികൃഷ്ണൻ പോറ്റി മൊഴി നൽകിയിട്ടുണ്ടെന്നാണ് വിവരം. ഗൂഢാലോചനയുടെ ഭാഗമായിട്ടാണ് കൽപേഷിനെ കൊണ്ടുവന്നതെന്നും പോറ്റി മൊഴി നൽകി. ഉണ്ണികൃഷ്ണൻ പോറ്റി സ്‌പോൺസറായി അപേക്ഷ നൽകിയതു മുതൽ ഗൂഢാലോചന തുടങ്ങിയെന്നാണ് വിവരം. സ്വർണം ചെമ്പായത് ഉൾപ്പെടെ ഗൂഢാലോചനയുടെ ഭാഗമാണ്. തട്ടിയെടുത്ത സ്വർണം പങ്കിട്ടെടുത്തെന്നാണ് അന്വേഷണ സംഘം സംശയിക്കുന്നത്. കേസന്വേഷണത്തിൽ വരും ദിവസങ്ങൾ നിർണായകമാകും.
 

ദേവസ്വം ഉദ്യോഗസ്ഥർക്ക് പങ്കുണ്ടോ? ശബരിമല സ്വർണ്ണക്കവർച്ച കേസിൻ്റെ നിർണ്ണായക വഴിത്തിരിവ് ഷെയർ ചെയ്യുക.

Article Summary: Sabarimala Gold Scam: Unnikrishnan Potti arrested; massive conspiracy revealed.

#Sabarimala #GoldScam #UnnikrishnanPotti #Vigilance #DevaswomBoard #SIT

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia