ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണിയുടേതെന്ന് പറഞ്ഞ് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കാസർകോട് സ്വദേശി അറസ്റ്റിൽ
Dec 6, 2020, 11:14 IST
കൊയിലാണ്ടി: (www.kasargodvartha.com 06.12.2020) ശബരിമലയിൽ ദർശനം നടത്തിയ ബിന്ദു അമ്മിണിയുടേതെന്ന് പറഞ്ഞ് വ്യാജ അശ്ലീല വീഡിയോ പ്രചരിപ്പിച്ച കാസർകോട് സ്വദേശി അറസ്റ്റിൽ. ചെറുവത്തൂര്‍ പുതിയ പുരയില്‍ മഹേഷ് കുമാറിനെ (37) യാണ് കൊയിലാണ്ടി സി ഐ കെ സി സുഭാഷ് ബാബുവും സംഘവും കാസർകോട്ട് വെച്ച് അറസ്റ്റ് ചെയ്തത്.
ഇയാളെ കോടതിയില്‍ ഹാജരാക്കി. സുപ്രീംകോടതി വിധിയെ തുടർന്ന് ബിന്ദു അമ്മിണിയും കനക ദുർഗ്ഗയും ശബരിമലയിൽ കയറിയിരുന്നു. ഇതേ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ ഇവർക്കെതിരെ മോശം പരാമർശങ്ങളുമായി ചിലർ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാന് അശ്ലീല വിഡിയോകൾ നിർമിച്ച് പ്രചരിപ്പിക്കുകയും ചെയ്തത്.
2019ലാണ് കേസിനാസ്പദമായ പരാതി നൽകിയത്. യുവതിയുടെ കൃത്രിമ അശ്ലീല വ്യാജ വിഡിയോ പ്രചരിപ്പിച്ചുവെന്നാണ് പരാതി. സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. സൈബര്‍ സെല്ലിൻ്റെ സഹായത്തോടെ കൂടുതല്‍ അന്വേഷണം നടത്തും. ഒന്നര വര്‍ഷം മുമ്പ് പരാതി നല്‍കിയിട്ടും നടപടിയൊന്നും എടുക്കാത്തതിനെ തുടർന്ന് ബിന്ദു അമ്മിണി സമരം പ്രഖ്യാപിച്ചിരുന്നു. കൊയിലാണ്ടി പൊലീസ് സ്‌റ്റേഷനു മുന്നില്‍ സമരം നടത്തുമെന്നും അവര്‍ പറഞ്ഞിരുന്നു. അതിനിടെയാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
സുപ്രീംകോടതി ഉത്തരവു പ്രകാരം ബിന്ദു അമ്മിണിക്ക് ശനിയാഴ്ച മുതല്‍, പൊലീസ് സംരക്ഷണം പുനഃസ്ഥാപിച്ചിട്ടുണ്ട്.
Keywords: Kerala, News, Kasaragod, Youth, Fake, Sabarimala, Woman, Police, Case, Complaint, Arrest, Top-Headlines, Kasargod resident arrested for spreading fake video claiming to be Bindu Ammini's who visited Sabarimala.