ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഎം - ലീഗ് അന്തർധാര, ശബരിമലയിൽ സംസ്ഥാന സർകാരിന് വീണ്ടും പ്രകോപനപരമായ നിലപാട് - കെ സുരേന്ദ്രൻ
കാസർകോട്: (www.kasargodvartha.com 29.03.2021) ശബരിമലയുടെ കാര്യത്തിൽ വീണ്ടും പ്രകോപനപരമായ നിലപാടാണ് സംസ്ഥാന സർകാർ സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാസർകോട് പ്രസ് ക്ലബിന്റെ പഞ്ചസഭയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശ്വാസികളുടെ പ്രതിഷേധത്തിനൊടുവിൽ ചില മന്ത്രിമാർ മലക്കം മറിഞ്ഞെങ്കിലും ആ മന്ത്രിമാർക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിരിക്കുകയാണ് സിപിഎം കേന്ദ്ര നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനും. ശബരിമല വിഷയത്തിൽ സർകാരിൻറെ പഴയ നിലപാട് തുടരുകയാണെന്ന് ഇതോടെ വ്യക്തമായിരിക്കുകയാണ്. ഇടതു സർകാരിൻറെ നയം തിരുത്താൻ പോകുന്നില്ലെന്ന് വ്യക്തമായ സന്ദേശമാണ് ഇതിലൂടെ നൽകുന്നത്. ഈ സർകാർ ഭരണത്തിൽ ഇരിക്കുന്നിടത്തോളം കാലം ശബരിമല സുരക്ഷിതമല്ലെന്നുള്ള വസ്തുതയും യുവതി പ്രവേശനത്തിൽ കളമൊരുക്കും എന്നുള്ള വ്യക്തമായ സന്ദേശവുമാണ് നേതാക്കളുടെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നതെന്നും സുരേന്ദ്രൻ ആരോപിച്ചു.
അതിഭീകരമായ കൊള്ളയാണ് കഴിഞ്ഞ അഞ്ച് വർഷം പിണറായി വിജയൻറെ നേതൃത്വത്തിലുള്ള സർകാർ നടത്തിയിരിക്കുന്നത്. തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കേ സർകാരിൻറെ അഴിമതികൾ ഓരോന്നോരോന്നായി പുറത്തുവരുകയാണ്. രാജ്യദ്രോഹ ശക്തികളുമായി കൂട്ടുകൂടി അഴിമതി നടത്താൻ പോലും മടിയില്ലാത്ത സർകാരായി മാറി. സ്വർണ്ണക്കള്ളക്കടത്ത് കേസിലും ആഴക്കടൽ മത്സ്യബന്ധന ഇടപാടിലും രാജ്യദ്രോഹ ശക്തികളുമായി ഇടപെടാൻ പിണറായി വിജയൻ ശ്രമിച്ചതായാണ് കാണുന്നത്. മുഖ്യമന്ത്രിയും സ്പീക്കറും മന്ത്രിമാരും കള്ളക്കടത്ത് സംഘവുമായി ആത്മബന്ധം പുലർത്തിയും അവരെ പരസ്യമായി സഹായിച്ചെന്നും പുതിയ മൊഴി പുറത്ത് വന്നതിലൂടെ തെളിഞ്ഞിരിക്കുകയാണ്. നിയമസഭാ സ്പീക്കർ നിയമസഭയെ കളങ്കപ്പെടുത്തിയിരിക്കുകയാണ്. ആസൂത്രിതമായ അഴിമതിയാണ് എല്ലാ മേഖലയിലും നടന്നിരിക്കുന്നത്.രാജ്യദ്രോഹ ശക്തികളുമായി ചേർന്ന് പണമുണ്ടാക്കുന്ന പുതിയ രീതിയാണ് സർക്കാർ അവലംബിച്ചിരിക്കുന്നത്. സർക്കാർ നടത്തിയ എല്ലാ ഇടപാടിലും വ്യക്തിപരമായി നേട്ടമുണ്ടാക്കാനാണ് പിണറായി വിജയൻ ശ്രമിച്ചതെന്നും അദ്ദേഹം പറഞ്ഞു.
തപാൽ വോടിൽ സർകാരിൻറെ ദുരുപയോഗ നടപടിക്കെതിരെ തെരഞ്ഞെടുപ്പ് കമീഷൻ നടപടി സ്വീകരിക്കാത്തത് ആശങ്കാജനകമാണ്. പോസ്റ്റൽ വോടുകളിൽ വ്യാപകമായ ക്രമക്കേടാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് കമീഷൻ വ്യക്തമാക്കിയിട്ടുള്ള മാർഗനിർദേശങ്ങൾ ലംഘിക്കപ്പെടുന്നു. തുണി സഞ്ചിയിലാണ് പോസ്റ്റൽ വോട് ശേഖരിക്കുന്നത്. സീൽ വച്ച് കവറിൽ പോസ്റ്റൽ വോട് ശേഖരിക്കണമെന്ന നിർദ്ദേശം സമ്പൂർണമായി അട്ടിമറിക്കുകയാണ്. തെരഞ്ഞെടുപ്പ് കമീഷൻ നോക്കുകുത്തി ആയിട്ടാണ് പലയിടത്തും പ്രവർത്തിക്കുന്നത്. മഞ്ചേശ്വരം, കാസർകോട് മണ്ഡലങ്ങളിൽ പ്രശ്ന ബാധ്യത ബൂതുകൾ ചൂണ്ടികാണിച്ചു നൽകിയ നിവേദനത്തിലും കാര്യമായി ഇടപെട്ടിട്ടില്ല. മൂവായിരത്തിലധികം ഇരട്ട വോടുകളാണ് ഇവിടങ്ങളിൽ ഉള്ളതെന്നും സുരേന്ദ്രൻ ആരോപിച്ചു.
പോസ്റ്റൽ വോടിൽ വ്യാപകമായി ക്രമക്കേട് നടത്താനുള്ള സിപിഎമിന്റെയും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെയും നീക്കം സംഘർഷത്തിലേക്ക് നയിക്കുമോയെന്ന് ആശങ്കയുണ്ട്. അടിയന്തരമായി കൂടുതൽ കേന്ദ്രസേനയെ പ്രശ്ന ബാധിത ബൂതുകളിൽ നിയോഗിക്കണം. ഇരട്ട വോടുകളുടെ കാര്യത്തിൽ അടിയന്തര നടപടി വേണം. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന് സിപിഎമും മുഖ്യമന്ത്രിയും വ്യക്തമാക്കണം. കാസർകോട് ജില്ലയിൽ ഉദുമ, മഞ്ചേശ്വരം മണ്ഡലങ്ങളിൽ സിപിഎം ലീഗ് അന്തർധാര തെളിഞ്ഞു വരികയാണെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.
Keywords: Kasaragod, Kerala, News, Uduma, Manjeshwaram, State, Government, Sabarimala, K.Surendran, CPM - League alliance in Udma, Manjeswaram mandalam; State government again provocative in Sabarimala, Says K surendran