city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

Sabarimala | ശബരിമലയിൽ ഇത്തവണ പ്രതീക്ഷിക്കുന്നത് 40 ലക്ഷത്തോളം തീര്‍ഥാടകരെ; ക്ഷേത്രനട ബുധനാഴ്ച വൈകീട്ട് തുറക്കും; ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍

പത്തനംതിട്ട: (www.kasargodvartha.com) ഭക്തരെ വരവേൽക്കാൻ ശബരിമല ഒരുങ്ങി. ഈ വര്‍ഷത്തെ മണ്ഡലകാല ഉത്സവത്തിനായി ശ്രീ ധര്‍മശാസ്താ ക്ഷേത്രനട ബുധനാഴ്ച (നവംബര്‍ 16ന്) വൈകിട്ട് അഞ്ചിന് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരുടെ മുഖ്യകാര്‍മികത്വത്തില്‍ ക്ഷേത്ര മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിയിക്കുന്നതോടെ ഇത്തവണത്തെ മണ്ഡലകാലത്തിന് തുടക്കമാവും. ശേഷം ഉപദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്ക് തെളിയിക്കും.
  
Sabarimala | ശബരിമലയിൽ ഇത്തവണ പ്രതീക്ഷിക്കുന്നത് 40 ലക്ഷത്തോളം തീര്‍ഥാടകരെ; ക്ഷേത്രനട ബുധനാഴ്ച വൈകീട്ട് തുറക്കും; ഇനി വ്രതശുദ്ധിയുടെയും ശരണം വിളികളുടെയും നാളുകള്‍

പിന്നീട് പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിലും മേല്‍ശാന്തി അഗ്‌നി പകരും. ശേഷം ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി 18 പടികള്‍ കയറി അയ്യനെ കണ്ടു തൊഴാനായി ഭക്തര്‍ എത്തി തുടങ്ങും. തന്ത്രി ഭക്തര്‍ക്ക് വിഭൂതി പ്രസാദം വിതരണം ചെയ്യും. നട തുറക്കുന്ന ദിവസം പ്രത്യേക പൂജകള്‍ ഒന്നും തന്നെ ഉണ്ടാവില്ല. നിയുക്ത ശബരിമല മേല്‍ശാന്തി ജയരാമന്‍ നമ്പൂതിരിയുടെയും നിയുക്ത മാളികപ്പുറം മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയുടെയും അഭിഷേക, അവരോധിക്കല്‍ ചടങ്ങുകളും ബുധനാഴ്ച വൈകുന്നേരം നടക്കും.

ഇരുമുടി കെട്ടുമായി പതിനെട്ടാം പടി കയറിവരുന്ന ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ നിലവിലെ മേല്‍ശാന്തി എന്‍ പരമേശ്വരന്‍ നമ്പൂതിരി പതിനെട്ടാം പടിക്ക് മുകളില്‍ വച്ച് കൈപിടിച്ച് കയറ്റി ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കും. പിന്നീട് തന്ത്രി കണ്ഠര് രാജീവര്, ശബരിമല മേല്‍ശാന്തിയെ അയ്യപ്പന് മുന്നില്‍ വച്ച് കലശാഭിഷേകം നടത്തി അവരോധിക്കും. ശേഷം തന്ത്രി മേല്‍ശാന്തിയെ ശ്രീകോവിലിനുള്ളിലേക്ക് കൈപിടിച്ച് കയറ്റി, നട അടച്ച ശേഷം മേല്‍ശാന്തിയുടെ കാതുകളില്‍ അയ്യപ്പന്റെ മൂലമന്ത്രം ഓതി കൊടുക്കും. ഇതിനു പിന്നാലെ മാളികപ്പുറം ക്ഷേത്ര ശ്രീകോവിലിനു മുന്നില്‍ വച്ച് മേല്‍ശാന്തി ഹരിഹരന്‍ നമ്പൂതിരിയെ കലശാഭിഷേകം നടത്തി അവരോധിക്കും.

വൃശ്ചികം ഒന്നായ നവംബര്‍ 17ന് പുലര്‍ചെ ഇവരായിരിക്കും ഇരു ക്ഷേത്ര നടകളും തുറക്കുക. ഒരു വര്‍ഷത്തെ പൂജാ കര്‍മ്മം പൂര്‍ത്തിയാക്കിയ നിലവിലെ മേല്‍ശാന്തി പരമേശ്വരന്‍ നമ്പൂതിരി 16ന് രാത്രി തന്നെ പതിനെട്ടാം പടികളിറങ്ങി അയ്യപ്പനോട് യാത്ര ചൊല്ലി മടങ്ങും. നവംബര്‍ 17 മുതല്‍ ഡിസംബര്‍ 27 വരെയാണ് മണ്ഡല ഉത്സവ കാലം. മകരവിളക്ക് ഉത്സവത്തിനായി ശബരിമല ക്ഷേത്രനട ഡിസംബര്‍ 30ന് തുറക്കും. 2023 ജനുവരി 14ന് ആണ് മകരവിളക്ക്. തീര്‍ഥാടനം ജനുവരി 20ന് സമാപിക്കും. തീര്‍ഥാടകരെ വരവേല്‍ക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായിട്ടുണ്ട്.


പ്രതീക്ഷിക്കുന്നത് 40 ലക്ഷത്തോളം തീര്‍ഥാടകരെ

ഇത്തവണ 40 ലക്ഷത്തോളം തീര്‍ഥാടകരെയാണ് പ്രതീക്ഷിക്കുന്നതെന്ന് റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. പമ്പയില്‍ ശബരിമല സാനിറ്റേഷന്‍ സൊസൈറ്റിയുടെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന സര്‍കാരും ദേവസ്വം ബോര്‍ഡും വിവിധ വകുപ്പുകളും ചേര്‍ന്ന് വിപുലമായ ഒരുക്കങ്ങളാണ് ശബരിമല തീര്‍ഥാടനത്തിനായി ഇത്തവണ നടത്തിയിട്ടുള്ളത്. ശബരിമല മാസ്റ്റര്‍പ്ലാനിനായി 135.53 കോടി രൂപയാണ് സംസ്ഥാന സര്‍കാര്‍ അനുവദിച്ചത്. ഇത്തവണ മാത്രം 30 കോടി രൂപയും അനുവദിച്ചതായി അദ്ദേഹം വ്യക്തമാക്കി.

Keywords:  Pathanamthitta, Kerala, News, Top-Headlines, Latest-News, Mandalakalam, Temple, Temple fest, Around 40 lakh pilgrims are expected at Sabarimala time.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia