മകരവിളക്ക്: സുരക്ഷിതമായ ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ്
Jan 14, 2022, 11:56 IST
ശബരിമല: (www.kasargodvartha.com 14.01.2022) ശബരിമലയില്‍ മകരവിളക്ക് ദര്‍ശനത്തിന് എല്ലാ സൗകര്യങ്ങളും പൂര്‍ത്തിയായതായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ അനന്തഗോപന്‍. മകരവിളക്ക് മഹോത്സവത്തിനായി വിപുലമായ ക്രമീകരണങ്ങളാണ് ശബരിമലയില്‍ ഏര്‍പെടുത്തിയിരിക്കുന്നത്. ആയിരക്കണക്കിന് ഭക്തര്‍ക്ക് ദര്‍ശന പുണ്യമായി സന്ധ്യയ്ക്ക് മകരവിളക്ക് തെളിയും. തിരുവാഭരണം ചാര്‍ത്തിയുള്ള ദീപാരാധനയ്ക്ക് ശേഷമാണ് പൊന്നമ്പലമേട്ടിലെ മകരജ്യോതി തെളിയുക.
ഉച്ചയ്ക്ക് 2.29നാണ് മകരസംക്രമ മുഹൂര്‍ത്തം. കവടിയാര്‍ കൊട്ടാരത്തില്‍ നിന്നുള്ള മുദ്രയിലെ നെയ്യ്, സംക്രമ വേളിയില്‍ അഭിഷേകം ചെയ്യും. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20ന് ശേഷം സന്നിധാനത്തെത്തും. തന്ത്രിയും മേല്‍ശാന്തിയും തിരുവാഭരണം ഏറ്റുവാങ്ങി അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തും.
6.30നും 6.45നും മധ്യേ ദീപാരാധന. തുടര്‍ന്ന് മകരജ്യോതി, മകരവിളക്ക് ദര്‍ശനം. പാണ്ടിത്താവളം, മാളികപ്പുറം, അന്നദാന മണ്ഡപത്തിന് സമീപം തുടങ്ങിയ ഇടങ്ങളിലായി ദര്‍ശനത്തിന് സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കി, കോട്ടയം പത്തനംതിട്ട ജില്ലകളിലും മകരജ്യോതി ദര്‍ശനത്തിനായി അയ്യപ്പഭക്തര്‍ തമ്പടിച്ചു കഴിഞ്ഞു. അതേസമയം കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കര്‍ശന മാനദണ്ഡങ്ങള്‍ പാലിച്ചാണ് മകരവിളക്ക് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
Keywords: All arrangements in place for Makaravilakku,
Sabarimala, Religion, News, Celebration, Top-Headlines, Kerala.