ശബരിമല സ്വർണക്കൊള്ള കേസ്; ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിൽ മാലയിട്ട് സ്വീകരണം
● പൂജാകർമങ്ങളിൽ പങ്കെടുക്കാൻ കോടതി 20 ദിവസത്തെ ജാമ്യ ഇളവ് അനുവദിച്ചിരുന്നു
● മുൻപ് ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി
● സുഹൃത്തായ രമേഷ് റാവുവിൻ്റെ നേതൃത്വത്തിലാണ് സ്വീകരണം നൽകിയത്
● സ്വീകരണവുമായി ക്ഷേത്രത്തിന് യാതൊരു ബന്ധമില്ലെന്ന് ഭാരവാഹികൾ വ്യക്തമാക്കി
ബംഗ്ളൂരു: (KasargodVartha) ശബരിമല സ്വർണക്കൊള്ള കേസിലെ ഒന്നാം പ്രതിയായ ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് ക്ഷേത്രത്തിൽ സ്വീകരണം നൽകി. ശ്രീറാംപുര അയ്യപ്പക്ഷേത്രത്തിലാണ് ഇദ്ദേഹം എത്തിയത്. മുൻപ് ഈ ക്ഷേത്രത്തിലെ പൂജാരിയായിരുന്നു ഉണ്ണിക്കൃഷ്ണൻ പോറ്റി. കൂടെയുള്ളവർ മാലയിട്ടാണ് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് കിട്ടിയതോടെയാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ക്ഷേത്രത്തിലെത്തിയത്. പൂജാകർമങ്ങളിൽ പങ്കെടുക്കാനായി 20 ദിവസത്തെ ഇളവാണ് കോടതി അനുവദിച്ചത്. കേസ് നേരിടുന്ന വ്യക്തിക്ക് പരസ്യമായി സ്വീകരണം നൽകിയ നടപടി വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്.
ബന്ധമില്ലെന്ന് ക്ഷേത്ര ഭാരവാഹികൾ
അതേസമയം, ഉണ്ണിക്കൃഷ്ണൻ പോറ്റിക്ക് നൽകിയ സ്വീകരണവുമായി ക്ഷേത്രത്തിന് ബന്ധമില്ലെന്നാണ് ഭാരവാഹികളുടെ പ്രതികരണം. സംഭവത്തെക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് ഉണ്ണിക്കൃഷ്ണൻ പോറ്റിയും വ്യക്തമാക്കിയിട്ടുണ്ട്. തേങ്ങയുടച്ച് തൊഴുത് പുറത്തെത്തിയപ്പോഴാണ് സുഹൃത്ത് രമേഷ് റാവുവിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കിയത്. സുഹൃത്തുക്കള്‍ ശരണംവിളികളുമായാണ് പോറ്റിയെ മാലയിട്ട് സ്വീകരിച്ചത്. കേസിൽ ജാമ്യവ്യവസ്ഥയിൽ ഇളവ് തേടാൻ സഹായിച്ചതും രമേഷ് റാവു തന്നെയാണ്. വ്യക്തിപരമായ താൽപര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ചിലർ ചേർന്ന് സ്വീകരണം സംഘടിപ്പിച്ചതെന്ന് ഭാരവാഹികളുടെ വിശദീകരണത്തിൽ വ്യക്തമാകുന്നു.
രമേഷ് റാവുവിൻ്റെ പങ്ക്
ശബരിമലയിൽ നിന്ന് ദ്വാരപാളികളും വാതിൽപാളിയും ഏറ്റുവാങ്ങിയത് രമേഷ് റാവുവിൻ്റെ നേതൃത്വത്തിലായിരുന്നു. രമേശിൻ്റെ വീട്ടിൽ പൂജ നടത്താൻ എന്നതുൾപ്പെടെയുള്ള ആവശ്യങ്ങൾ കോടതിയിൽ കാണിച്ചാണ് ഉണ്ണിക്കൃഷ്ണൻ പോറ്റി ജാമ്യത്തിൽ ഇളവ് തേടിയത്. കോടതിയുടെ വ്യവസ്ഥകൾക്ക് വിധേയമായി പുറത്തിറങ്ങിയ കുറ്റാരോപിതന് നൽകിയ സ്വീകരണം അന്വേഷണ ഏജൻസികളും നിരീക്ഷിക്കുന്നുണ്ട്.
ഈ വാർത്ത നിങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്യൂ. കൂടുതല്‍ വാർത്തകള്‍ അറിയാന്‍ ഞങ്ങളുടെ ഫേസ്ബുക്ക് പേജും വാട്സ് ആപ്പ് ചാനലും ഫോളോ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ ഫേസ്ബുക്ക് പോസ്റ്റിന് താഴെ കമൻ്റായി രേഖപ്പെടുത്തുക.
Article Summary: Sabarimala gold robbery case accused Unnikrishnan Potti received a reception at a Bengaluru temple.
#SabarimalaGoldRobbery #UnnikrishnanPotti #BengaluruNews #SreerampuraTemple #MalayalamNews #RenuNews






